Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightന്യൂഡൽഹി...

ന്യൂഡൽഹി പ്രഖ്യാപനത്തോടെ എ.ഐ ഉച്ചകോടിക്ക് സമാപനം

text_fields
bookmark_border
ന്യൂഡൽഹി പ്രഖ്യാപനത്തോടെ എ.ഐ ഉച്ചകോടിക്ക് സമാപനം
cancel

ന്യൂഡൽഹി: നിർമിതബുദ്ധി രംഗത്തെ ആഗോള സഹകരണത്തിൽ നിർണായകമായ ന്യൂഡൽഹി പ്രഖ്യാപനത്തോടെ എ.ഐ ഇംപാക്ട് ഉച്ചകോടിക്ക് സമാപനം. അമേരിക്ക, യു.കെ, കാനഡ, ചൈന, ഡെന്മാർക്, ജർമനി എന്നിവ ഉൾപ്പെടെ പ്രഖ്യാപനത്തിൽ 86 രാജ്യങ്ങളും രണ്ട് അന്താരാഷ്‍ട്ര സംഘടനകളും ഒപ്പുവെച്ചു.

സമൂഹ നന്മക്കും സാമ്പത്തിക മുന്നേറ്റത്തിനുംവേണ്ടി നിർമിതബുദ്ധി ശക്തിപ്പെടുത്തുന്നതിൽ വിശാലമായ ആഗോള സമവായം എടുത്തു കാട്ടുന്നതാണ് പ്രഖ്യാപനമെന്ന് കേന്ദ്ര ഐ.ടി മന്ത്രി അശ്വിനി വൈഷ്‍ണവ് പറഞ്ഞു. ഏവരുടെയും ക്ഷേമം, ഏവരുടെയും സന്തോഷം എന്ന തത്ത്വം ലോകരാഷ്‍ട്രങ്ങൾ ഔപചാരികമായി സ്വീകരിച്ചെന്നും, മാനവികതയിൽ കേന്ദ്രീകരിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എ.ഐ ദർശനം ലോകം അംഗീകരിച്ചെന്നും മന്ത്രി അവകാശപ്പെട്ടു.

സമൂഹനന്മയുമായി ചേർന്നുപോകുന്ന സാമ്പത്തിക വളർച്ചയാണ് വിഭാവനം ചെയ്യുന്നത്. ഉച്ചകോടി വൻ വിജയമായിരുന്നു. അടിസ്ഥാന സൗകര്യ വികസനത്തിന് മാത്രം 250 ശതകോടി ഡോളറിന്‍റെ നിക്ഷേപ വാഗ്‌ദാനം ലഭിച്ചു. അഞ്ചു ലക്ഷത്തിലേറെ സന്ദർശകരാണ് എത്തിയത്. ദേശീയ പരമാധികാരം മാനിക്കണം, അന്താരാഷ്‍ട്ര സഹകരണം ശക്തിപ്പെടുത്തണം, വിശ്വസനീയ ചട്ടക്കൂടിലൂടെ എ.ഐ മുന്നോട്ട് കൊണ്ടുപോകണം.

എ.ഐ വിഭവശേഷിയുടെ ജനകീയത, സാമ്പത്തിക വളർച്ചയും സമൂഹനന്മയും, സുരക്ഷിതവും വിശ്വസനീയവുമായ എ.ഐ, ശാസ്ത്രത്തിന് എ.ഐ, സാമൂഹ്യ ശാക്തീകരണത്തിന് ലഭ്യത, മാനവശേഷി വികസനം, കാര്യക്ഷമവും നവീനവുമായ എ.ഐ സംവിധാനം എന്നീ കാര്യങ്ങൾക്ക് പ്രഖ്യാപനത്തിൽ ഊന്നൽ നൽകുന്നു.

ഉച്ചകോടിയിലെ പ്രതിഷേധം രാജ്യദ്രോഹമെന്ന് ബി.ജെ.പി

ന്യൂഡൽഹി: എ.ഐ ഉച്ചകോടി വേദിയിലെ യൂത്ത് കോൺഗ്രസ് പ്രതിഷേധം രാജ്യത്തിനെതിരെ കോൺഗ്രസ് ചെയ്ത വലിയൊരു പാപമാണെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. ലജ്ജാകരമെന്ന് വിശേഷിപ്പിച്ച അദ്ദേഹം പ്രതിഷേധം അബദ്ധമല്ലെന്നും രാജ്യത്തിനെതിരെ കോൺഗ്രസ് ആസൂത്രണം ചെയ്ത ഗൂഢാലോചനയാണെന്നും വാർത്തസമ്മേളനത്തിൽ ആരോപിച്ചു. രാജ്യത്തെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസ് പാർട്ടി യുവാക്കളെ ഉപയോഗിക്കുകയാണ്, അതിനേക്കാൾ ലജ്ജാകരമായി മറ്റൊന്നുമില്ല.

ഇന്ത്യ പുരോഗതിയിലേക്ക് കുതിക്കുമ്പോൾ രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും സങ്കടമാണ്. ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചന ആസൂത്രണം ചെയ്യുകയാണ് കോൺഗ്രസ് നേതാക്കളും അണികളും. ഉച്ചകോടിയിലെ പ്രതിഷേധത്തെ രാജ്യമാകെ അപലപിക്കുമ്പോഴും അവർ അതിനെ ന്യായീകരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രതിഷേധം രാജ്യത്തിന്‍റെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നും, രാജ്യദ്രോഹ കുറ്റമാണെന്നും ബി.ജെ.പി വിശേഷിപ്പിച്ചു. കോൺഗ്രസ് ചെയ്തത് രാഷ്‍ട്രീയമല്ലെന്നും രാജ്യദ്രോഹമാണെന്നും പാർട്ടി വക്താവ് സുധാൻഷു ത്രിവേദി ആരോപിച്ചു. വിദേശ അതിഥികൾക്ക് മുമ്പാകെ ഇന്ത്യയുടെ പ്രതിച്ഛായ തകർക്കാനാണ് ശ്രമിച്ചതെന്ന് വക്താവ് അഭിപ്രായപ്പെട്ടു.

Show Full Article
TAGS:AI Summit New Delhi India 
News Summary - AI Summit concludes with New Delhi Declaration
Next Story