ആറര പതിറ്റാണ്ടിന് ശേഷം എ.ഐ.സി.സി സമ്മേളനം ഗുജറാത്തിൽ
text_fieldsന്യൂഡൽഹി: മഹാത്മാ ഗാന്ധിയുടെയും സർദാർ വല്ലഭായ് പട്ടേലിന്റെയും മണ്ണിൽ വീണ്ടുമൊരു തിരിച്ചുവരവിനുള്ള സാധ്യതകൾ തേടി ആറര പതിറ്റാണ്ടിന് ശേഷം ഗുജറാത്തിൽ എ.ഐ.സി.സി സമ്മേളനം . ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി അഹമ്മദാബാദിൽ നടക്കുന്ന ദ്വിദിന സമ്മേളനത്തിൽ സോണിയാഗാന്ധി, മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, കെ.സി വേണുഗോപാൽ, കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ, കോൺഗ്രസ് മുഖ്യമന്ത്രിമാർ, സംസ്ഥാന പ്രസിഡന്റുമാർ, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ സംസ്ഥാന ചുമതലയുള്ള നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.
ചൊവ്വാഴ്ച രാവിലെ 11.30ന് സാഹിബാഗിലെ ‘സർദാർ സ്മാരകി’ലാണ് കോൺഗ്രസ് പ്രവർത്തക സമിതി നടക്കുക. പ്രവർത്തക സമിതിക്ക് ശേഷം വൈകീട്ട് അഞ്ചു മണിക്ക് മഹാത്മാ ഗാന്ധിയുടെ സബർമതി ആശ്രമത്തിൽപ്രാർഥനാ യോഗവും രാത്രി സാംസ്കാരിക പരിപാടികളും നടക്കും. തുടർന്ന്
ബുധനാഴ്ച സബർമതി തീരത്ത് നടക്കുന്ന എ.ഐ.സി.സി സെഷനിൽ 3000 പ്രതിനിധികൾ പങ്കെടുക്കും. 1921-ൽ ഗാന്ധിജി കോൺഗ്രസിന്റെ അമരത്തേക്ക് വന്ന സമ്മേളനമടക്കം കോൺഗ്രസിന്റെ ’ആവിർഭാവം തൊട്ട് അഞ്ച് എ.ഐ.സി.സി സമ്മേളനങ്ങളാണ് ഗുജറാത്തിൽ നടന്നത്.
1902-ൽ ആദ്യമായി ഗുജറാത്തിൽ നടന്ന എ.ഐ.സി.സി സമ്മേളനത്തിൽ 471 പ്രതിനിധികളാണുണ്ടായിരുന്നത്. നീലം സഞ്ജീവ റെഡ്ഢി അധ്യക്ഷനായിരിക്കേ അവസാന എ.ഐ.സി.സി സമ്മേളനം നടന്നത് ഗുജറാത്തിലെ ഭാവ്നഗറിലായിരുന്നു. ഗുജറാത്ത് സംസ്ഥാനം രൂപവൽക്കരിച്ച് ഒരു വർഷത്തിനുള്ളിലായിരുന്നു ആ സമ്മേളനം. കോൺഗ്രസ് പ്രവർത്തക സമിതിയിലെ ഏഴ് ഒഴിവുകളിലേക്ക് 12 പേർ മൽസരിച്ചതിൽ ഇന്ദിരാഗാന്ധി ഏറ്റവും കുടുതൽ വോട്ടു നേടി ജയിച്ചതും ആ സമ്മേളനത്തിലായിരുന്നു.
1995-ൽ കോൺഗ്രസ് ഭരണത്തിൽ നിന്ന് പുറത്തായ ഗുജറാത്തിൽ ആർ.എസ്.എസിനെയും ബി.ജെ.പിയെയും മുഖാമുഖം നേരിടാതെ കോൺഗ്രസിന് തിരിച്ചുവരവ് സാധ്യമല്ലെന്ന വിലയിരുത്തലിലാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും. എ.ഐ.സി.സി സമ്മേളനത്തിന്റെ ഏതാനും ആഴ്ച മുമ്പാണ് ഗുജറാത്ത് കോൺഗ്രസിനുള്ളിലെ ബി.ജെ.പി മനസുള്ളവർക്കെതിരെ രാഹുൽ തുറന്നടിച്ചത്. കഴിഞ്ഞ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ക്ഷീണം വരുത്തിയ ആം ആദ്മി പാർട്ടി സ്വന്തം തട്ടകമായ ഡൽഹിയിൽ ഭരണത്തിൽ നിന്ന് പുറത്തായതിന്റെ ആത്മവിശ്വാസം കോൺഗ്രസിനുണ്ട്. ഡൽഹിയേക്കാൾ ഗുജറാത്തിലാണ് ആപിന്റെ പരാജയം പാർട്ടിക്ക് ഗുണം ചെയ്യുകയെന്ന വിലയിരുത്തൽ അന്നേ മുതിർന്ന പാർട്ടി നേതാക്കൾ പ്രകടിപ്പിച്ചിരുന്നു.
കുടുതൽ തെരഞ്ഞെടുപ്പുകളില്ലാത്ത ഈ വർഷം പാർട്ടിയുടെ പുനഃസംഘാടനത്തിനായി മാറ്റിവെച്ചിരിക്കുകയാണ് കോൺഗ്രസ് . രാജ്യത്തെ 862 ഡി.സി.സി പ്രസിഡന്റുമാരുടെ യോഗം എ.ഐ.സി.സി ആസ്ഥാനത്ത് വിളിച്ചുചേർത്തതും ഖാർഗെയും രാഹുലും അവരുമായി ആശയ വിനിമയം നടത്തിയതും പാർട്ടിയുടെ താഴെ തട്ടിലെ ശാക്തീകരണം ലക്ഷ്യമിട്ടായിരുന്നു.