'അഹമ്മദാബാദ് വിമാന ദുരന്തവും, ഇന്ത്യ-പാക് സംഘർഷവും'; എയർ ഇന്ത്യയുടെ നഷ്ടം 15,000 കോടി രൂപ കടന്നേക്കും
text_fieldsന്യൂഡൽഹി: എയർ ഇന്ത്യ വലിയ വാർഷിക നഷ്ടത്തിലേക്ക് നീങ്ങുന്നുവെന്ന് കണക്കുകൾ. മാർച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ എയർലൈൻ കുറഞ്ഞത് 15,000 കോടി രൂപ (ഏകദേശം 1.6 ബില്യൺ ഡോളർ) നഷ്ടമാണ് പ്രതീക്ഷിക്കുന്നത്.
അഹമ്മദാബാദ് വിമാന അപകടവും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും പാകിസ്താൻ വ്യോമപാത അടച്ചതുമാണ് വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങാൻ ഇടയാക്കിയത്.
പാകിസ്താൻ ഇന്ത്യൻ വിമാനക്കമ്പനികൾക്ക് വ്യോമാതിർത്തി അടച്ചതോടെ യൂറോപ്പിലേക്കും യൂറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള ദീർഘവും ചെലവേറിയതുമായ റൂട്ടുകൾ തിരഞ്ഞെടുക്കാൻ നിർബന്ധിതമായി. ഇത് സാമ്പത്തിക പ്രതിസന്ധി കൂടുതൽ വഷളാക്കിയെന്നാണ് വിലയിരുത്തൽ.
കമ്പനി പ്രവർത്തനലാഭത്തിലേക്ക് നീങ്ങുന്നതിനിടെയാണ് ജൂണിൽ അഹമ്മദാബാദിൽ ഡ്രീംലൈനർ വിമാനം തകർന്ന് 240 ലധികം യാത്രക്കാരും ജീവനക്കാരും മരിക്കാനിടയാക്കിയ ദുരന്തമുണ്ടാകുന്നത്. ഇതും കമ്പനിക്ക് ഇരുട്ടടിയായെന്നാണ് വിലയിരുത്തൽ.
നിലവിലെ സി.ഇ.ഒ ക്യാമ്പ്‌ബെൽ വിൽസണ് പകരം പുതിയൊരാളെ കണ്ടെത്താനുള്ള ശ്രമം ടാറ്റ ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്. വിമാനാപകടത്തിന്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നതോടെ ഇതിൽ തീരുമാനമുണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.


