വിമാനത്താവളത്തിൽ എയർ ഇന്ത്യയുടെ ബസിന് തീപിടിച്ചു
text_fieldsന്യൂഡൽഹി: ന്യൂഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ (ഐ.ജി.ഐ) ടെർമിനൽ 3-ൽ എയർ ഇന്ത്യയുടെ ബസിന് തീപിടിച്ചു. വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്ലർമാർ നിയന്ത്രിച്ചിരുന്ന ബസാണിത്.
ഇന്ന് ഉച്ച 12 മണിയോടെയാണ് തീപിടിത്തമുണ്ടായത്. സംഭവം നടന്ന സമയത്ത് ബസിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. തീപിടിത്തം ശ്രദ്ധയിൽപ്പെട്ടതോടെ വിമാനത്താവളത്തിലെ അഗ്നിശമന സേന (എ.ആർ.എഫ്.എഫ്) ടീം മിനിറ്റുകൾക്കുള്ളിൽ തന്നെ തീ അണച്ചതായി വിമാനത്താവളം അധികൃതർ അറിയിച്ചു.
തീപിടിത്തത്തിൽ ആർക്കും പരിക്കേൽക്കുകയോ ആളപായം സംഭവിക്കുകയോ ചെയ്തിട്ടില്ല. വിമാനത്താവളത്തിലെ പ്രവർത്തനങ്ങളെ തീപിടിത്തം ബാധിച്ചില്ലെന്നും പ്രവർത്തനങ്ങൾ സാധാരണ നിലയിൽ തുടരുന്നതായും അധികൃതർ വ്യക്തമാക്കി.
തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായി ബസിൽ വിശദമായ പരിശോധന നടന്നുവരികയാണെന്ന് ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് (ഐ.ജി.ഐ) വിചിത്ര വീർ അറിയിച്ചു.


