Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅഹ്മദാബാദ് വിമാനാപകടം:...

അഹ്മദാബാദ് വിമാനാപകടം: 130 യാത്രക്കാർക്ക് ദാരുണാന്ത്യം; വിമാനത്തിൽ ഉണ്ടായിരുന്നത് 242 പേർ

text_fields
bookmark_border
Ahmedabad Plane Crash
cancel

അഹ്മദാബാദ്: ഗുജറാത്തിലെ അഹ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് 787-8 വിമാനം തകർന്നുവീണ് 130 യാത്രക്കാർക്ക് ദാരുണാന്ത്യം. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ആശുപത്രിയിൽ എത്തിക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പരിക്കേറ്റ നിരവധി പേരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. അർധ സൈനിക വിഭാഗവും എൻ.ഡി.ആർ.എഫ് സംഘവും അഹ്മദാബാദിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അഗ്നിരക്ഷാസേനയും മെഡിക്കൽ സംഘവും 20ലേറെ ആംബുലൻസും രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്.

242 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. ഇതിൽ 230 പേർ യാത്രക്കാരും 12 പേർ ജീവനക്കാരുമാണ്. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി വിമാനത്തിൽ ഉണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്.

യാത്രക്കാരിൽ 169 പേർ ഇന്ത്യൻ പൗരത്വവും 53 പേർ ബ്രിട്ടീഷ് പൗരത്വവും 7 പേർ പോർച്ചുഗീസ് പൗരത്വവും ഒരാൾ കനേഡിയൻ പൗരത്വവും ഉള്ളവരാണ്. യാത്രക്കാരിൽ ഒരു മലയാളിയും ഉണ്ടെന്നാണ് പ്രാഥമിക വിവരം.

ഉച്ചക്ക് 1.17ന് സർദാർ വല്ലഭ്ഭായി പട്ടേൽ വിമാനത്താവളത്തിന് സമീപം ജനവാസമേഖലയായ മെഹാലി നഗറിലാണ് വിമാനം തകർന്നുവീണത്. ടേക്കോഫിന് പിന്നാലെ ലണ്ടനിലേക്കുള്ള എ.ഐ 171 ഡ്രീംലൈനർ യാത്രാ വിമാനം മിനിറ്റുകൾക്കകം തകർന്നു വീഴുകയായിരുന്നു.

വിമാനത്താവളത്തിന് ഏകദേശം ഒരു കിലോമീറ്ററോളം അകലെ നിർമാണം നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തിനു മുകളിലേക്കാണ് വിമാനം വീണത്. അപകടസ്ഥലത്ത് നിന്ന് കറുത്ത പുക ഉയരുന്നതിന്‍റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

11 വർഷം പഴക്കമുള്ളതാണ് അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനം. വിമാനം തകർന്നതായി എയർ ഇന്ത്യ എക്സ് പോസ്റ്റിൽ സ്ഥിരീകരിച്ചു. വിശദാംശങ്ങൾ വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.

അപകടത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗുജറാത്ത് മുഖ്യമന്ത്രിയുമായി സ്ഥിതിഗതികൾ വിലയിരുത്തി. അമിത് ഷായും കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡുവും അഹ്മദാബാദിൽ എത്തും.

Show Full Article
TAGS:Ahmedabad Plane Crash Plane Crash Latest News 
News Summary - Aircraft crashes in Ahmedabad
Next Story