Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ഭൂമിക്ക് പകരം...

'ഭൂമിക്ക് പകരം ഭൂമിയാണ് നീതി'; അസമിൽ കുടിയൊഴിപ്പിക്കപ്പെട്ട ആയിരക്കണക്കിന് കുടുംബങ്ങളെ സ്ഥിരമായി പുനരധിവസിപ്പിക്കണമെന്ന് എ.ഐ.യു.ഡി.എഫ്

text_fields
bookmark_border
assam
cancel

ഗുവാഹത്തി: 'ഭൂമിക്ക് പകരം ഭൂമി'യാണ് നീതിയെന്നും അസമിൽ നടന്നുവരുന്ന മനുഷ്യത്വരഹിതമായ കുടിയൊഴിപ്പിക്കൽ നടപടികൾ ഉടൻ നിർത്തിവെക്കണമെന്നും എ.ഐ.യു.ഡി.എഫ്. അടുത്തിടെ കുടിയൊഴിപ്പിക്കപ്പെട്ട ആയിരക്കണക്കിന് കുടുംബങ്ങളെ സ്ഥിരമായി പുനരധിവസിപ്പിക്കണമെന്നും ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എ.ഐ.യു.ഡി.എഫ്) ആവശ്യപ്പെട്ടു.

കുടിയൊഴിപ്പിക്കപ്പെട്ടവർ തുറസ്സായ ആകാശത്തിന് കീഴിൽ കടുത്ത ദുരിതത്തിലാണ് കഴിയുന്നതെന്നും പാർട്ടി ചൂണ്ടിക്കാട്ടി. നവംബർ 12-ന് അസം മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിലാണ് എ.ഐ.യു.ഡി.എഫ് ഇക്കാര്യങ്ങൾ ഉന്നയിച്ചത്. നാഗോൺ, ഹോജായ്, ഗോൽപാറ, ധുബ്രി, കാംരൂപ്, ഗോലാഘട്ട്, മോറിഗാവ്, നൽബാരി ജില്ലകളിലെ വിവിധയിടങ്ങളിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾ കടുത്ത പ്രതിസന്ധിയിലാണെന്ന് നിവേദനത്തിൽ പറയുന്നു. ധുബ്രി ജില്ലയിലെ ആലംഗഞ്ചിൽ അടുത്തിടെ നടന്ന കുടിയൊഴിപ്പിക്കലിൽ കിടപ്പാടം നഷ്ടപ്പെട്ടവരും ഇതിൽ ഉൾപ്പെടുന്നു.

രൂക്ഷമായ നദീതീര ശോഷണം കാരണം പൂർവിക ഭവനങ്ങളും കൃഷിഭൂമിയും നഷ്ടപ്പെട്ട നിർഭാഗ്യവാന്മാരായ ഇന്ത്യൻ പൗരന്മാരാണ് ഇരകളാക്കപ്പെട്ടവരിൽ ബഹുഭൂരിപക്ഷവുമെന്ന് നിവേദനത്തിൽ വ്യക്തമാക്കുന്നു. കുടിയൊഴിപ്പിക്കപ്പെട്ട അർഹരായ എല്ലാ ഭൂരഹിത കുടുംബങ്ങൾക്കും 'ഭൂമിക്ക് പകരം ഭൂമി' എന്ന നയത്തിന് കീഴിൽ എത്രയും വേഗം സ്ഥിരമായ പുനരധിവാസവും മതിയായ നഷ്ടപരിഹാരവും ഉറപ്പാക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.

ഭരണഘടനയുടെ ആർട്ടിക്കിൾ 21 എ, 2009-ലെ വിദ്യാഭ്യാസ അവകാശ നിയമം എന്നിവ പ്രകാരമുള്ള വിദ്യാഭ്യാസ അവകാശം തടസ്സപ്പെടാതിരിക്കാൻ, കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളിലെ കുട്ടികളെ അടുത്തുള്ള സ്കൂളുകളിൽ അടിയന്തരമായി പ്രവേശിപ്പിക്കുന്നതിന് സർക്കാർ മുൻഗണന നൽകണമെന്നും എ.ഐ.യു.ഡി.എഫ് ആവശ്യപ്പെട്ടു.

ബദൽ പുനരധിവാസത്തിന് മുൻകൂർ ക്രമീകരണങ്ങളൊന്നും ഒരുക്കാതെ പാവപ്പെട്ട കുടുംബങ്ങളുടെ വീടുകൾ ബുൾഡോസറുകൾ ഉപയോഗിച്ച് തകർക്കുന്നത് അടിസ്ഥാന മനുഷ്യാവകാശ തത്വങ്ങളുടെയും ഭരണഘടനയുടെ ആർട്ടിക്കിൾ 21-ന്റെയും (ജീവിക്കാനും ഉപജീവനത്തിനുമുള്ള അവകാശം) സുപ്രീംകോടതി നിർദേശങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും നിവേദനത്തിൽ കുറ്റപ്പെടുത്തി. കൃത്യമായ ബദൽ പുനരധിവാസം ഉറപ്പാക്കുന്നതുവരെ സംസ്ഥാനത്തുടനീളം നടന്നുവരുന്ന എല്ലാ കുടിയൊഴിപ്പിക്കൽ നടപടികളും നിർത്തിവെക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:aiudf Rehabilitation Homes Assam displacement 
News Summary - AIUDF Demands Permanent Rehabilitation and Land for Evicted Families in Assam
Next Story