മഹാരാഷ്ട്രയുടെ അജിത് ദാദ ഇനി ഓർമ
text_fieldsമുംബൈ: മുംബൈ-ബാരാമതി യാത്രക്കിടെ വിമാനദുരന്തത്തിൽ കൊല്ലപ്പെട്ട മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ ഇനി ഓർമ. വിദ്യ പ്രതിഷ്ഠാൻ കോളജ് മൈതാനത്ത് ലക്ഷക്കണക്കിന് ആളുകളെ സാക്ഷിയാക്കി മക്കളായ പാർത്ഥ, ജയ് എന്നിവർ ചിതക്ക് തീകൊളുത്തി.
ഭാര്യ സുനേത്ര പവാർ, കുടുംബകാരണവരും എൻ.സി.പി സ്ഥാപകനുമായ ശരദ് പവാർ, സുപ്രിയ സുലെ അടക്കം കുടുംബാംഗങ്ങളും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രി നിതിൻ ഗഡ്ക്കരി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് തുടങ്ങി നിരവധിപേർ പങ്കെടുത്തു. നാല് ലക്ഷത്തോളം പേരാണ് വിദ്യ പ്രതിഷ്ഠാൻ മൈതാനത്ത് എത്തിയതെന്നാണ് കണക്ക്. വ്യാഴാഴ്ച പുലർച്ച അഞ്ചുമണിമുതൽ ആളുകൾ മൈതാനത്ത് എത്തിത്തുടങ്ങിയിരുന്നു.
ബാരാമതി സർക്കാർ മെഡിക്കൽ കോളജിലെ പോസ്റ്റുമോർട്ടത്തിനുശേഷം രാവിലെ ഏഴിന് കാത്തെവാടിയിലെ കുടുംബവീട്ടിൽ എത്തിച്ച മൃതദേഹം ഒന്നേമുക്കാൽ മണിക്കൂർ നീണ്ട വിലാപയാത്രക്കൊടുവിലാണ് മൈതാനത്ത് എത്തിച്ചത്. 'അജിത് ദാദ പറത് യാ' (മടങ്ങിവരൂ), അജിത് പവാർ അമർ രഹേ (നീണാൾവാഴട്ടെ) തുടങ്ങി ജനം വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. ഉച്ചക്ക് 12 ഓടെയാണ് ചിതക്ക് തീകൊളുത്തിയത്.
ബുധനാഴ്ച സ്വന്തം നാട്ടിലെ മണ്ണിൽ വിമാനദുരന്തത്തിൽ മരിച്ച അജിത് പവാറിന്റെ പോസ്റ്റ്‌മോർട്ടം നടത്തിയത് അദ്ദേഹത്തിന്റെ ശ്രമഫലമായി ആറുവർഷം മുമ്പ് നിലവിൽ വന്ന മെഡിക്കൽ കോളജിലായിരുന്നു. കണ്ണീരോടെയാണ് ഡോക്ടർമാർ പോസ്റ്റ്മോർട്ടം നടത്തിയത്. അജിത് പവാറിന്റെ മരണവാർത്ത സ്ഥിരീകരിച്ചത് മുതൽ ബാരാമതി കനത്ത സുരക്ഷാവലയത്തിലായിരുന്നു. ബുധനാഴ്ച ഉച്ചമുതൽ ആളുകൾ ബാരാമതിയിലേക്ക് പ്രവഹിക്കുകയായിരുന്നു.
വിമാനദുരന്തത്തിൽ ദുരൂഹതയില്ലെന്നും അത് അപകടം മാത്രമാണെന്നും ശരദ് പവാർ പറഞ്ഞു. തനിക്കും മഹാരാഷ്ട്രക്കും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായതെന്നും എല്ലാം നമ്മുടെ കൈകളിൽ ഒതുങ്ങുന്നതല്ലെന്നും പറഞ്ഞ പവാർ സംഭവത്തിൽ രാഷ്ട്രീയം കലർത്തരുതെന്നും പറഞ്ഞു. ബുധനാഴ്ച രാവിലെ 8.45ഓടെയാണ് ബാരാമതി വിമാനത്താവളത്തിനടുത്ത വയലിൽ അജിത് പവറുമായി എത്തിയ വിമാനം തകർന്നുവീണത്. ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണത്തിന് എത്തിയതായിരുന്നു അദ്ദേഹം.


