അജിത് പവാറിന്റെ മരണം ലയനം പ്രഖ്യാപിക്കാനിരിക്കെ
text_fieldsമുംബൈ: ബാരാമതിയിലെ വിമാനാപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ മരണപ്പെടുന്നത് ഇരു വിഭാഗം എൻ.സി.പിയുടെയും ലയന പ്രഖ്യാപനം അടുത്തിരിക്കെ. ജില്ല പരിഷത്ത് തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും കഴിഞ്ഞ് ഫെബ്രുവരി എട്ടിന് ലയനം പ്രഖ്യാപിക്കാനായിരുന്നു നീക്കമെന്ന് ഇരു വിഭാഗം നേതാക്കളും പറഞ്ഞു.
ചർച്ച അന്തിമഘട്ടത്തിലായിരുന്നുവെന്നും ശരദ് പവാർ പക്ഷവും അജിത് പക്ഷവും ലയിച്ച് മഹായുതിയിൽ തുടരാനായിരുന്നു നീക്കമെന്നാണ് പറയപ്പെടുന്നത്. സംസ്ഥാന മന്ത്രിസഭയിൽ പുനഃസംഘടനയും പ്രതീക്ഷിച്ചിരുന്നുവത്രെ.
തന്റെ വീട്ടിൽവെച്ചും പവാറിന്റെ വസതിയിൽ വെച്ചും ചർച്ച നടന്നതായി പവാർ പക്ഷ നേതാവും മുൻമന്ത്രിയുമായ ജിതേന്ദ്ര ആവാദ് പറഞ്ഞു.
ജില്ല പരിഷത്ത് തെരഞ്ഞെടുപ്പിൽ ഔദ്യോഗിക ചിഹ്നത്തിൽ ഇരു വിഭാഗവും ഒരുമിച്ച് മത്സരിക്കാനാണ് തീരുമാനം. 2023ലാണ് എൻ.സി.പി പിളർന്ന് അജിത് വിഭാഗം ബി.ജെ.പി നയിക്കുന്ന മഹായുതിയുടെ ഭാഗമായത്.
മരണാനന്തര ചടങ്ങുകൾ നടക്കുന്നതിനാൽ താമസിച്ചായാലും ലയനം ഉണ്ടാകുമെന്ന് നേതാക്കൾ വ്യക്തമാക്കി.


