Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘മുസ്‍ലിംകൾ...

‘മുസ്‍ലിംകൾ ആക്രമിക്കപ്പെടുമ്പോൾ മനുഷ്യാവകാശ കമീഷന് മിണ്ടാട്ടമില്ല’; മദ്റസകൾക്ക് നോട്ടീസ് അയച്ച ദേശീയ മനുഷ്യാവകാശ കമീഷൻ നടപടിയിൽ അലഹബാദ് ഹൈകോടതിക്ക് ഭിന്നവിധി

text_fields
bookmark_border
Court order
cancel

ന്യൂഡൽഹി: മദ്റസകൾക്ക് നോട്ടീസ് അയച്ച ദേശീയ മനുഷ്യാവകാശ കമീഷനെ കുടഞ്ഞ് അലഹബാദ് ഹൈകോടതി ജഡ്ജി ജസ്റ്റിസ് അതുൽ ശ്രീധർ. രാജ്യത്ത് മുസ്‍ലിംകൾ ആക്രമിക്കപ്പെടുമ്പോൾ മൗനം പാലിക്കുന്ന കമീഷൻ തങ്ങളുടെ പരിധിക്കപ്പുറമുള്ള കാര്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് കുറ്റപ്പെടുത്തി. ജസ്റ്റിസ് അതുൽ ശ്രീധറിന്റെ നിരീക്ഷണങ്ങളോട് വിയോജിച്ച് കേസിൽ സഹ ജഡ്ജി ജസ്റ്റിസ് വിവേക് സരൺ ഭിന്നവിധി പുറപ്പെടുവിച്ചു.

മദ്റസകൾ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ സർക്കാർ ഗ്രാന്റുകൾ കൈപ്പറ്റുന്നുണ്ടെന്നും അവിടെ നിരക്ഷരരായ അധ്യാപകരാണുള്ളതെന്നുമുള്ള പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട ദേശീയ മനുഷ്യാവകാശ കമീഷൻ നടപടിക്കെതിരെ ടീച്ചേഴ്സ് അസോസിയേഷൻ മദാരിസ് അറബിയ സമർപ്പിച്ച ഹരജിയിലാണ് ഭിന്നവിധികൾ.

മനുഷ്യാവകാശ ലംഘനങ്ങൾ ഉണ്ടാകുമ്പോൾ മാത്രമേ മനുഷ്യാവകാശ കമീഷനുകൾക്ക് ഇടപെടാൻ അധികാരമുള്ളൂവെന്ന് ജസ്റ്റിസ് അതുൽ ശ്രീധർ വിധിയിൽ നിരീക്ഷിച്ചു. മുസ്‍ലിം സമുദായത്തിലെ അംഗങ്ങൾ ആക്രമിക്കപ്പെടുകയും ആൾക്കൂട്ടക്കൊലക്ക് ഇരയാവുകയും ചെയ്യുന്ന സംഭവങ്ങളിൽ, പ്രതികൾക്കെതിരെ കേസെടുക്കാത്തതോ അന്വേഷണം നടക്കാത്തതോ ആയ സാഹചര്യങ്ങളിൽ സ്വമേധയാ നടപടിയെടുക്കുന്നതിന് പകരം മനുഷ്യാവകാശ കമീഷനുകൾ തങ്ങളുമായി ബന്ധമില്ലാത്ത വിഷയങ്ങളിൽ ഇടപെടാനാണ് ശ്രമിക്കുന്നത്.

സാധാരണ പൗരന്മാരെ വേട്ടയാടുമ്പോഴോ, വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ടവർ തമ്മിലുള്ള ബന്ധത്തിന്റെ പേരിൽ അവരെ ഉപദ്രവിക്കുമ്പോഴോ, പൊതുസ്ഥലത്ത് ഇരുന്ന് കാപ്പി കുടിക്കുന്നതുപോലും ഭയപ്പെടേണ്ടി വരുന്ന സാഹചര്യങ്ങളിലോ കമീഷൻ സ്വമേധയാ നടപടിയെടുത്ത ഒരു സംഭവം പോലും കോടതിയുടെ ശ്രദ്ധയിൽ വന്നിട്ടില്ല. അത്തരം കേസുകളിൽ നടപടി എടുക്കുന്നതിന് പകരം, ഹൈകോടതിയുടെ പരിധിയിൽ വരുന്ന കാര്യങ്ങളിൽ സമയം ചെലവഴിക്കാനാണ് കമീഷൻ ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തിയ ജസ്റ്റിസ് ശ്രീധർ കമീഷൻ കോടതിയിൽ ഹാജരായി വിശദീകരണം നൽകണമെന്നും വിധിയിൽ വ്യക്തമാക്കി.

മനുഷ്യാവകാശ കമീഷനുമായി ബന്ധപ്പെട്ട് നടത്തിയ നിരീക്ഷണങ്ങളോട് വിയോജിപ്പ് അറിയിച്ച ജസ്റ്റിസ് വിവേക് സരൺ കേസ് മാറ്റിവെക്കുന്നതിനോട് മാത്രം യോജിച്ച് ഭിന്നവിധി പുറപ്പെടുവിക്കുകയായിരുന്നു.

Show Full Article
TAGS:Allahabad High Court National Human Rights Commission madrasas Latest News 
News Summary - Allahabad High Court disagrees with the National Human Rights Commission's action in sending notices to madrasas
Next Story