2030 കോമൺവെൽത്ത് ഗെയിംസിന് ആതിഥേയരാവാൻ ഇന്ത്യ, വേദിയാവുക അഹ്മദാബാദ്
text_fieldsന്യൂഡൽഹി: 2030 കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങി അഹ്മദാബാദ്. നവംബർ 26ന് ഗ്ളാസ്ഗോയിൽ നടക്കുന്ന ജനറൽ അസംബ്ളിയിലേക്ക് കോമൺവെൽത്ത് സ്‌പോർട്‌സ് എക്‌സിക്യൂട്ടീവ് ബോർഡ് ഇന്ത്യയുടെ നിർദേശം ശിപാർശ ചെയ്തു.
ന്യൂഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസിന് 20 വര്‍ഷം തികയുമ്പോഴാണ് വീണ്ടും അവസരം ഒരുങ്ങുന്നത്. 2010ലാണ് ഇന്ത്യ കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിച്ചത്. ഇക്കുറി കോമൺവെൽത്ത് ഗെയിംസിന്റെ നൂറാം വാർഷികത്തിലാണ് ഇന്ത്യ ആതിഥേയരാകുന്നതെന്ന പ്രത്യേകതയുമുണ്ട്.
മാർച്ച് 13ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ മേധാവിയും സി.ജി.എ പ്രസിഡന്റുമായ പി.ടി ഉഷയാണ് ഇന്ത്യയുടെ താൽപ്പര്യപത്രം അയച്ചത്. ഓഗസ്റ്റ് 29 ന് ലണ്ടനിൽ വെച്ച് ഗുജറാത്ത് കായിക മന്ത്രി ഹർഷ് സംഘവി കോമൺവെൽത്ത് സ്പോർട് (സി.എസ്) മേധാവി ഡൊണാൾഡ് റുക്കാരെക്ക് ഔപചാരികമായി നിർദേശം സമർപ്പിച്ചിരുന്നു.
കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍ (സി.ജി.എഫ്) അധികൃതര്‍ ഈ വര്‍ഷം ആദ്യം രാജ്യത്ത് എത്തിയിരുന്നു. ഗെയിംസ് ഡയറക്ടര്‍ ഡാരൻ ഹാളിന്റെ നേതൃത്വത്തിലുള്ള സംഘം അഹമ്മദാബാദിലും ഭുവനേശ്വറിലും വേദികള്‍ പരിശോധിച്ച് സംസ്ഥാന സർക്കാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
കാനഡ മത്സരത്തിൽ നിന്ന് പിന്മാറിയതോടെയാണ് ഇന്ത്യയുടെ സാധ്യത തെളിഞ്ഞത്. 2030 ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യക്കൊപ്പം താത്പര്യമറിയിച്ച ഏക രാജ്യം നൈജീരിയ മാത്രമായിരുന്നു. നവംബർ അവസാന ആഴ്ച ഗ്ലാസ്‌ഗോയിൽ കോമൺവെൽത്ത് സ്‌പോർട്‌സിന്റെ ജനറൽ അസംബ്ലി ഔദ്യോഗികമായി വേദിക്ക് അംഗീകാരം നൽകും.
കോമൺവെൽത്ത് ഗെയിംസിന് ആതിഥേയരാവാനുള്ള അവസരം രാജ്യത്തിനാകെ അഭിമാനകരമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എക്സിൽ കുറിച്ചു.


