Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാറ്റ സമര​ത്തെ...

പാറ്റ സമര​ത്തെ പിന്തുണച്ച് ‘മൗനസമര’വുമായി അണ്ണാ ഹസാരെ; രണ്ട് മണിക്കൂറാണ് സമരം നീണ്ടത്

text_fields
bookmark_border
anna hazare
cancel

ന്യൂഡൽഹി: ഡൽഹിയിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ മഹാരാഷ്ട്രയിലെ അഹില്യാനഗറിൽ രണ്ട് മണിക്കൂർ നീണ്ട മൗന സമരം നടത്തി. രാവിലെ 11ന് അഹില്യാനഗറിലെ മഹാത്മാ ഗാന്ധി പ്രതിമക്ക് സമീപം ആരംഭിച്ച സമരം ഉച്ചക്ക് ഒന്നിന് അവസാനിച്ചു. തുടർന്ന് അദ്ദേഹം അഹില്യാനഗർ ജില്ലയിലെ സ്വന്തം ഗ്രാമമായ റാലേഗൺ സിദ്ധിയിലേക്ക് മടങ്ങി.

വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമ സംഭവങ്ങളും പൊലീസ് നടപടികളും അതീവ വേദനാജനകമാണെന്ന് ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ ഹസാരെ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിഷേധക്കാരുടെ അതൃപ്തിയെ നിയമ-സമാധാന പ്രശ്നമായി കാണാതെ, സമൂഹത്തിന്റെ വേദനയും പ്രതീക്ഷകളും പ്രകടിപ്പിക്കുന്ന ഒന്നായാണ് കാണേണ്ടത് എന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.

അതിനിടെ, നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് ‘പാറ്റപാർട്ടി’ഡൽഹിയിലെ ജന്തർമന്തറിൽ ആരംഭിച്ച വിദ്യാർഥി പ്രക്ഷോഭം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടർന്നു. പട്ന, മുംബൈ, ബംഗളൂരു, കൊൽക്കത്ത, ചെന്നൈ, ജയ്പുർ, ഡറാഡൂൺ, ഗുവാഹതി, ഹൈദരാബാദ്, തൂത്തുക്കുടി തുടങ്ങിയ നഗരങ്ങളിൽ വിദ്യാർഥികളും യുവജനങ്ങളും തെരുവിലിറങ്ങി.

ജെ.എൻ.യു, അലീഗഢ് അടക്കം നിരവധി സർവകലാശാലകളിലും സമരം വിദ്യാർഥികൾ ഏറ്റെടുത്തു. പട്നയിലെ സമരം വലിയ സംഘർഷത്തിലേക്ക് വഴിമാറി. പട്നയിൽ പ്രതിഷേധക്കാരും പൊലീസും നിരവധി തവണ ഏറ്റുമുട്ടി. കേന്ദ്ര സർക്കാർ വിഷയത്തിൽ കൃത്യമായ നടപടി സ്വീകരിക്കുന്നതുവരെയും വിദ്യാഭ്യാസ മന്ത്രി രാജിവെക്കുന്നതുവരെയും സമരം തുടരുമെന്ന് സി.ജെ.പി വക്താക്കൾ പറഞ്ഞു.

ഡൽഹി യുദ്ധക്കളത്തിന് സമാനമായ രീതിയിൽ ബാരിക്കേഡുകളും പൊലീസ് സന്നാഹങ്ങളും കൊണ്ട് വീർപ്പുമുട്ടിക്കുകയാണ്. ജന്തർമന്തറിലെ സമരസ്ഥലത്തേക്ക് ആളുകൾ എത്തുന്നത് തടയാൻ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചത്. നിസാമുദ്ദീൻ അടക്കമുള്ള പ്രദേശങ്ങളിൽ ഓട്ടോറിക്ഷകളിൽ സഞ്ചരിച്ചിരുന്ന വിദ്യാർഥികളെ പൊലീസ് തടഞ്ഞുനിർത്തി വഴിയിൽ ഇറക്കിവിട്ടു.

ആളുകൾ ജന്തർമന്തറിലേക്ക് എത്തുന്നത് തടയാൻ വെള്ളിയാഴ്ചയും രാജീവ് ചൗക്ക്, പട്ടേൽ ചൗക്ക്, സെൻട്രൽ സെക്രട്ടേറിയറ്റ് തുടങ്ങി നിരവധി മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടു.

ആളുകളെ മുൻകൂട്ടി തടങ്കലിൽ വെക്കാനുള്ള പൊലീസിന്‍റെ അധികാരം ഒക്ടോബർ 18 വരെ ഡൽഹി ലഫ്. ഗവർണർ നീട്ടി നൽകി.

Show Full Article
TAGS:anna hazare CJP Protest Cockroach Janata Party 
News Summary - Anna Hazare supports Patna protest, holds 2-hour silent protest
Next Story