നീറ്റ് പരീക്ഷയിലെ കടുത്ത സുരക്ഷാ ക്രമീകരണങ്ങൾ; കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി കെ. അണ്ണാമലൈ
text_fieldsചെന്നൈ: നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയെത്തുടർന്ന് ജൂൺ 21ന് നടക്കാനിരിക്കുന്ന പുനഃപരീക്ഷയുടെ കടുത്ത സുരക്ഷാ ക്രമീകരണങ്ങൾക്കെതിരെ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുൻ തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷൻ കെ. അണ്ണാമലൈ. വ്യോമസേനയുടെ എയർലിഫ്റ്റും സി.ആർ.പി.എഫും എ.ഐ കാമറകളും ഉൾപ്പെടെയുള്ള വൻ സുരക്ഷാ സന്നാഹം വിദ്യാർഥികളിൽ കടുത്ത മാനസിക സമ്മർദമുണ്ടാക്കുമെന്ന് അണ്ണാമലൈ ആരോപിച്ചു.
മേയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷ വ്യാപകമായ ക്രമക്കേടുകളെയും പേപ്പർ ചോർച്ചയെയും തുടർന്ന് കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നു. ഇതിന് പകരമായാണ് ജൂൺ 21ന് പുനഃപരീക്ഷ നടത്തുന്നത്. പരീക്ഷക്കായി വിദ്യാഭ്യാസ മന്ത്രാലയം ഒരുക്കിയിരിക്കുന്ന അസാധാരണ സുരക്ഷാ ക്രമീകരണങ്ങൾ വിമർശിച്ചുകൊണ്ടാണ് അണ്ണാമലൈ രംഗത്തെത്തിയത്.
‘‘സി.ആർ.പി.എഫ്, സി.ഐ.എസ്.എഫ് എന്നിവരുടെ രണ്ട് തലങ്ങളിലുള്ള എസ്‌കോർട്ടും വ്യോമസേനയുടെ എയർലിഫ്റ്റും, എ.ഐ നിരീക്ഷണത്തോടെയുള്ള നാല് ലെയർ സി.സി.ടി.വി, ബയോമെട്രിക്, ഫേഷ്യൽ റെക്കഗ്നിഷൻ പരിശോധനകൾ, ഒന്നിലധികം ഘട്ടങ്ങളായുള്ള ദേഹപരിശോധന, പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നേരിട്ടുള്ള മേൽനോട്ടം... അതെ, നിങ്ങൾ വായിച്ചത് ശരിയാണ്. ഇതൊരു വലിയ സൈനിക സോഫ്റ്റ്‌വെയർ വാങ്ങാനുള്ള സുരക്ഷാ ക്രമീകരണമല്ല, മറിച്ച് ജൂൺ 21-ലെ നീറ്റ് പുനഃപരീക്ഷക്കായി വിദ്യാഭ്യാസ മന്ത്രാലയം ഒരുക്കിയിരിക്കുന്നതാണ്.’’ -അണ്ണാമലൈ കുറിച്ചു.
ചോർച്ചകൾ തടയാൻ സർക്കാർ നടപടികൾ സ്വീകരിക്കുമ്പോൾ മാസങ്ങളോളം കഠിനാധ്വാനം ചെയ്ത് പരീക്ഷക്കെത്തുന്ന വിദ്യാർഥികളുടെ മേൽ അനാവശ്യ ഭാരമാണ് അടിച്ചേൽപ്പിക്കുന്നതെന്ന് അണ്ണാമലൈ കുറ്റപ്പെടുത്തി. പരീക്ഷാ ഹാളിന് മുന്നിലെ കടുത്ത പരിശോധനകളും പരീക്ഷാ സമയം 180 മിനിറ്റിൽ നിന്ന് 195 മിനിറ്റായി ഉയർത്തിയതും വിദ്യാർഥികളുടെ ഭയം ഇരട്ടിയാക്കും. പരീക്ഷാ പീഡനം കുറക്കണമെന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യത്തെത്തന്നെ ഇത് ഇല്ലാതാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്രയൊക്കെ സുരക്ഷ ഒരുക്കിയിട്ടും വിദ്യാർഥികൾക്ക് ഇപ്പോഴും അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നില്ലെന്ന പ്രശ്നവും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രശ്നങ്ങൾക്ക് അർത്ഥവത്തായ പരിഹാരങ്ങളാണ് വേണ്ടത്. എന്നാൽ കേന്ദ്ര സർക്കാർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന വഴി പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം പുതിയ പ്രതിസന്ധികൾ സൃഷ്ടിക്കാൻ മാത്രമേ ഉപകരിക്കൂ എന്നും അണ്ണാമലൈ മുന്നറിയിപ്പ് നൽകി. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിക്കുള്ളിലെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളിലെ അഭിപ്രായവ്യത്യാസങ്ങളെത്തുടർന്നാണ് അണ്ണാമലൈ ബി.ജെ.പിയിൽ നിന്നും രാജി വെച്ചത്.


