Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാക് അധീന കശ്മീരിൽ...

പാക് അധീന കശ്മീരിൽ ഭീകരകേന്ദ്രങ്ങൾ സജീവമെന്ന് ഇന്‍റലിജൻസ്; പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യൻ സേന തിരിച്ചടിച്ചെന്ന് ദേശീയ മാധ്യമം

text_fields
bookmark_border
Indian army in POK
cancel

ന്യൂഡൽഹി: 26 പേരെ കൊല ചെയ്ത പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനുമായി അതിർത്തി പങ്കിടുന്ന നിയന്ത്രണരേഖയിലെ ഭീകര കേന്ദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങളുമായി ഇന്ത്യൻ ഇന്‍റലിജൻസ് വിഭാഗം. ഭീകരാക്രമണത്തിന് ശേഷവും നിയന്ത്രണരേഖക്ക് സമീപം പാക് അധീന കശ്മീരിൽ 42 ഭീകര കേന്ദ്രങ്ങൾ സജീവമാണെന്നും അവിടെ 130 ഭീകരർ ഉണ്ടെന്നുമാണ് ഇന്‍റലിജൻസിന് ലഭിച്ച വിവരമെന്ന് ദേശീയ മാധ്യമം ഇന്ത്യടുഡെ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, 26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണം നടന്ന് 40 മണിക്കൂറിനുള്ളിൽ പാക് അധീന കശ്മീരിലെ വിവിധ ഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്ന ഭീകര കേന്ദ്രങ്ങളിലേക്കും പരിശീലന ക്യാമ്പുകളിലേക്കും ഇന്ത്യൻ സുരക്ഷാസേന മിന്നലാക്രമണം നടത്തിയതായും വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നു.

അതിർത്തിയിലെ ഭീകരകേന്ദ്രങ്ങൾ മാസങ്ങളായി ഇന്ത്യൻ ഏജൻസികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയായിരുന്നു. തന്ത്രപരമായ നീക്കങ്ങൾ സംബന്ധിച്ച വിവരങ്ങൾ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന് സൈന്യം കൈമാറുകയും ചെയ്തു. കൂടാതെ, നിലവിലെ സംഭവവികാസങ്ങളും സേന സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

ഭീകരർക്ക് നുഴഞ്ഞുകയറാനുള്ള സൗകര്യങ്ങൾ പാക് സൈന്യം ഒരുക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ബാത്തൽ സെക്ടറിന് സമീപം നുഴഞ്ഞുകയറാൻ നടത്തിയ ശ്രമം രൂക്ഷമായ വെടിവെപ്പിലാണ് കലാശിച്ചത്. പരാജയപ്പെട്ട നുഴഞ്ഞുകയറ്റത്തിൽ 642 മുജാഹിദ് ബറ്റാലിയന് കനത്ത നാശം സംഭവിക്കുകയും ചെയ്തു.

ഹിസ്ബുൽ മുജാഹിദീൻ, ജെയ്ഷെ മുഹമ്മദ്, ലഷ്കറെ ത്വയ്യിബ എന്നീ ഭീകര സംഘടനകളിൽ നിന്നുള്ള 60തോളം വിദേശ ഭീകരർ ജമ്മു കശ്മീരിലേക്ക് കടന്നിട്ടുണ്ട്. കൂടാതെ, 17ഓളം പ്രാദേശിക ഭീകരരും കേന്ദ്ര ഭരണപ്രദേശത്തുണ്ട്.

കശ്മീർ താഴ്വരയിൽ 70ഓളം പേരും ജമ്മു, രജൗരി, പൂഞ്ച് എന്നിവിടങ്ങളിൽ 60 മുതൽ 65 വരെ ഭീകരരുമുണ്ട്. ഇതിൽ 115 പേർ പാക് പൗരന്മാരാണ്. കൊല്ലപ്പെട്ട 42 തദ്ദേശീയരല്ലാത്ത ഭീകരരിൽ ഭൂരിഭാഗവും ജമ്മു, ഉധംപൂർ, കത്വ, ദോഡ, രജൗരി എന്നീ അഞ്ച് ജില്ലകളിലായിരുന്നു. താഴ്വരയിലെ ബാരാമുല്ല, ബന്ദിപോറ, കുപ്‌വാര, കുൽഗാം ജില്ലകളിലാണ് വിദേശ ഭീകരരെ വധിച്ചത്.

ജമ്മു കശ്മീരിലെ ഒമ്പത് ജില്ലകളിൽ വിദേശ ഭീകരരുടെ സാന്നിധ്യമുണ്ട്. ബാരാമുല്ലയാണ് ഭീകരരെ വധിച്ച പട്ടികയിൽ ഒന്നാമത്. ഒമ്പത് ഏറ്റുമുട്ടലുകളിലായി 14 തദ്ദേശീയരല്ലാത്ത ഭീകരരെയും വധിച്ചു. നിയന്ത്രണരേഖയിലെ ഉറി സെക്ടറിലെ സബുറ നല, മെയ്ൻ ഉറി സെക്ടർ, കമൽകോട്ട് ഉറി എന്നിവിടങ്ങളിലും ചക് താപ്പർ കിരി, നൗപോറ, ഹാദിപോറ, സഗിപോറ, വാട്ടർഗാം, സോപൂരിലെ രാജ്പോറ എന്നിവിടങ്ങളിലും ഭീകരരെ സേന വധിച്ചിട്ടുണ്ട്.

Show Full Article
TAGS:Pahalgam Terror Attack Terrorists indian army Latest News 
News Summary - Army identifies 42 terrorist launch pads across PoK after Pahalgam attack: Sources
Next Story