ജമ്മുകാശ്മീരിലെ ഈ അതിർത്തി ഗ്രാമം സന്ദർശിക്കാം, ഗ്രാമീണർക്കൊപ്പം താമസിക്കാം, സൈന്യത്തെ അടുത്തറിയാം.... സൈന്യത്തിൻറെ പിന്തുണയിൽ അസ്മത്-ഇ-ഹിന്ദ് ടൂറിസം പ്രോജക്ട്
text_fieldsകുപ്‌വാര: ജമ്മുകാശ്മീരിലെ കുപ്‌വാര ജില്ലയിലെ തീത്വൽ പ്രദേശത്ത് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള അസ്മത്-ഇ-ഹിന്ദ് ഉദ്യമത്തിന് സൈന്യത്തിൻറെ പിന്തുണ.സായുധ സേനകളുടെ വീര്യവും പ്രാദേശിക സമൂഹത്തിൻറെ സവിശേഷതകളും അതിർത്തി പ്രദേശങ്ങളുടെ ഭംഗിയും എടുത്ത് കാണിക്കുന്നതിനുവേണ്ടി സ്ഥാപിക്കപ്പെട്ട 104 അടി ഉയരമുള്ള പതാകയാണ് 'ഇന്ത്യയുടെ അഭിമാനം' എന്നർഥം വരുന്ന 'അസ്മത് ഇ ഹിന്ദ്'. 2021ലാണ് ഇവിടെ പതാക സ്ഥാപിക്കുന്നത്.
തീത്വൽ സന്ദർശിക്കുന്ന വിദേശ സഞ്ചാരികൾക്ക് അവിടുത്തെ ജനങ്ങളോടൊപ്പം താമസിക്കാനും സൈന്യവും പ്രദേശിക ജനതയും എങ്ങിനെയാണ് ഒരുമിച്ച് പ്രവർത്തിക്കുന്നതെന്ന് മനസ്സിലാക്കാനുമാണ് അസ്മത് ഇ-ഹിന്ദ് നിർമിച്ചതെന്ന് ശക്തി വിജയ് ബ്രിഗേഡ് കമാൻഡർ ബ്രിഗേഡിയർ എസ്.കെ പ്രധാൻ പറഞ്ഞു. സഞ്ചാരികളെ പരിപാലിക്കുന്നതിന് പ്രദേശവാസികൾക്ക് പരിശീലനം നൽകിയതായും ആർമി ഉദ്യോഗസ്ഥൻ പറഞ്ഞു. അതിർത്തി ഗ്രാമത്തെ ടൂറിസ്റ്റ് വില്ലേജാക്കി മാറ്റുന്നതിൽ സൈന്യം വഹിച്ച പങ്കും അദ്ദേഹം എടുത്ത് പറഞ്ഞു.
തീത്വൽ സന്ദർശിക്കുന്ന സഞ്ചാരികളുമായി സൈനിക ഉദ്യോഗസ്ഥർ സൈന്യത്തിൻറെ ധീരകഥകൾ പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തിലുള്ള സംവദനം പൗരൻമാരുമായുള്ള അവരുടെ ബന്ധം മെച്ചപ്പെടുത്താൻ സഹായിക്കും.തങ്ങൾക്ക് സാമ്പത്തിക നേട്ടം ലഭിക്കുന്നതുകൊണ്ടു തന്നെ പ്രദേശവാസികൾക്കിടയിൽ ഈ ടൂറിസം പ്രോജക്ടിന് വലിയ സമ്മതിയാണ് ലഭിക്കുന്നത്.