ക്രൈസ്തവരെ മർദിക്കാൻ പ്രതിഫലം പ്രഖ്യാപിച്ച് മഹാരാഷ്ട്ര എം.എൽ.എ പ്രകോപനം സൃഷ്ടിച്ചു; കന്യാസ്ത്രീകളുടെ അറസ്റ്റ് പ്രതിഷേധാർഹമെന്ന് സി.ബി.സി.ഐ
text_fieldsന്യൂഡൽഹി: കന്യാസ്ത്രീകളുടെ അറസ്റ്റ് വേദനയുണ്ടാക്കുന്നതും പ്രതിഷേധാർഹവുമെന്ന് സി.ബി.സി.ഐ (കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ). ഭരണഘടനയെ വെല്ലുവിളിക്കുന്ന നടപടിയാണിതെന്നും സി.ബി.സി.ഐ പ്രതിനിധികൾ ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ക്രൈസ്തവരെ മർദിക്കാൻ പ്രതിഫലം പ്രഖ്യാപിച്ച മഹാരാഷ്ട്രയിലെ ബി.ജെ.പി എം.എൽ.എ പ്രകോപനം സൃഷ്ടിച്ചിരിക്കുകയാണ്. ഇങ്ങനെ പരസ്യമായി വെല്ലുവിളി നടത്തിയിട്ടും സർക്കാർ കേസെടുത്തില്ലെന്നും സി.ബി.സി.ഐ ആരോപിച്ചു. കന്യാസ്ത്രീകൾക്കായി നാളെയോ മറ്റന്നാളോ ജാമ്യാപേക്ഷ നൽകുമെന്നും സി.ബി.സി.ഐ പ്രതിനിധികൾ വ്യക്തമാക്കി.
ജോലിചെയ്യാനായാണ് മൂന്ന് സ്ത്രീകളും കന്യാസ്ത്രീകളോടൊപ്പം വന്നത്. ഇവരുടെ യാത്രാചെലവുകളടക്കം വഹിച്ചത് കന്യാസ്ത്രീകളാണ്. അവർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തിരിക്കുമ്പോഴാണ് അറസ്റ്റിലായത്.
കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാറുമായും ഛത്തീസ്ഗഢ് സർക്കാറുമായും ബന്ധപ്പെട്ടിട്ടുണ്ട്. വളരെ അനുകൂലമായ നിലപാടാണ് ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ സ്വീകരിച്ചത്. ആർച്ച് ബിഷപ് അനിൽകൂട്ടം, ഫാദർ മാത്യു കോയിക്കൽ, റോബിൻസൺ റൊഡ്രിഗസ് എന്നിവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്.
വെള്ളിയാഴ്ചയാണ് മനുഷ്യക്കടത്ത് ആരോപിച്ച് വന്ദന ഫ്രാൻസിസ്, പ്രീതി മേരി എന്നിവരെയാണ് ഛത്തീസ്ഗഢിലെ ദുർഗിൽ നിന്ന് അറസ്റ്റ് ചെയ്തത്. സഭക്ക് കീഴിലെ സ്ഥാപനങ്ങളിലേക്ക് ജോലിക്കായി മൂന്ന് പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ വന്നതായിരുന്നു ഇരുവരും. മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നിവ ആരോപിച്ചാണ് ബജ്റംഗ്ദൾ പ്രവർത്തകർ ദുർഗ് റെയിൽവേ സ്റ്റേഷനിൽ തടഞ്ഞു വച്ചത്.
10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന മനുഷ്യക്കടത്ത്, മതപരിവർത്തന കുറ്റം എന്നിവയാണ് ഇവർക്കെതിരെ എഫ്.ഐ.ആറിലുള്ളത്.