'ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും'; അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ രൂക്ഷ വിമർശനവുമായി അസദുദ്ദീൻ ഉവൈസി
text_fieldsഹൈദരാബാദ്: സ്കൂളിൽ ശിരോവസ്ത്രം ധരിക്കാൻ അനുവാദം തേടി മുസ് ലിം പെൺകുട്ടി നൽകിയ ഹർജി തള്ളിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ രൂക്ഷ വിമർശനവുമായി ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എ.ഐ.എം.ഐ.എം) അധ്യക്ഷനും ഹൈദരാബാദ് എംപിയുമായ അസുദുദ്ദീൻ ഉവൈസി. ഈ വിധി "ഇസ്ലാമിന്മേലുള്ള ആക്രമണമാണ്" എന്ന് ഒവൈസി വിശേഷിപ്പിച്ചു. ഇസ് ലാമിൽ ഏതാണ് അത്യന്താപേക്ഷിതമായത്, ഏതാണ് അല്ലാത്തത് എന്ന് തീരുമാനിക്കേണ്ടത് കോടതികളല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
"ഇത് ഞങ്ങളുടെ മതമാണ്, അതിനാൽ എന്താണ് അത്യന്താപേക്ഷിതമായതെന്ന് ഞങ്ങൾ തീരുമാനിക്കും. തീരുമാനിക്കാൻ ജഡ്ജിമാർ ആരാണ്? ഇത് ഞങ്ങളുടെ മതത്തിന്മേലുള്ള ആക്രമണമാണ്," ഉവൈസി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനം നിഷ്കർഷിക്കുന്ന വസ്ത്രധാരണ രീതി വ്യക്തിപരമായ താൽപ്പര്യങ്ങൾക്കനുസരിച്ച് മാറ്റാൻ ഒരു വിദ്യാർഥിക്കും അവകാശമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് വിദ്യാർഥയുടെ ഹർജി അല്ലാഹാബാദ് ഹൈക്കോടതി തള്ളിയത്. സ്കൂൾ നിശ്ചയിച്ച യൂണിഫോമിന് പുറമെ ശിരോവസ്ത്രം ധരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥി സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്.
ശിരോവസ്ത്രം ധരിക്കുന്നത് മുസ്ലിം സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇസ്ലാമിക വിശ്വാസത്തിന്റെ അത്യന്താപേക്ഷിതമായ ഭാഗമല്ലെന്നും, അത് ധരിച്ചില്ലെങ്കിൽ വിശ്വാസത്തിന് കോട്ടം തട്ടും എന്ന് പറയാനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. അലഹബാദ് ഹൈക്കോടതി ഉത്തരവ് ഭരണഘടനയുടെ 19, 25 ആർട്ടിക്കിളുകൾക്ക് എതിരാണെന്ന് ഉവൈസി പറഞ്ഞു.
പ്രയാഗ്‌രാജിലെ ഒരു സ്വകാര്യ സ്കൂളിലെ വിദ്യാർഥിനിയായിരുന്നു ഹർജിക്കാരി. ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയ ശേഷം അതേ സ്കൂളിൽ പ്ലസ് വൺ പ്രവേശനം തേടുന്നതിനിടെയാണ് കോടതിയെ സമീപിച്ചത്. ആറാം ക്ലാസ് മുതൽ സ്കൂളിൽ ഹിജാബ് ധരിച്ചാണ് പഠിക്കുന്നതെന്നും ഇസ്ലാമിക വിശ്വാസത്തിന്റെ അനിവാര്യ ഭാഗമായതിനാൽ അത് തുടരാൻ അനുവദിക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.
ജസ്റ്റിസുമാരായ ജെ.ജെ. മുനീർ, ഇന്ദ്രജിത് ശുക്ല എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സ്കൂളിലെ വിവിധ ക്ലാസുകളിൽ നിന്നുള്ള വിദ്യാർഥിനികളുടെ ചിത്രങ്ങൾ പരിശോധിച്ച കോടതി, ഹർജിക്കാരിയെ കൂടാതെ മറ്റൊരു പെൺകുട്ടിയും ഹിജാബ് ധരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി. അതേ മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥിനികളും ഹിജാബ് ധരിച്ചിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.


