അവധിക്കാലം ആഘോഷിക്കാൻ കുടുംബസമേതം കശ്മീരിലെത്തി; ഒടുവിൽ പിതാവിന്‍റെ അന്ത്യകർമങ്ങൾക്ക് അശ്വരി നേതൃത്വം നൽകിയത് അദ്ദേഹത്തിന്‍റെ രക്തക്കറ പുരണ്ട വസ്ത്രം ധരിച്ച്....
text_fieldsപിതാവിന്‍റെ രക്തക്കറ പുരണ്ട വസ്ത്രം ധരിച്ചാണ് പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട പുണെ നിവാസിയായ സന്തോഷ് ജഗ്ദലേയുടെ മകൾ അദ്ദേഹത്തിന്‍റെ ശവസംസ്കാര ചടങ്ങിന് നേതൃത്വം നൽകിയത്. സന്തോഷ് ജഗ്ദലെ മകൾ അശ്വരിക്കും ഭാര്യ പ്രഗതിക്കുമൊപ്പം അവധിക്കാലം ആഘോഷിക്കാൻ പോയതായിരുന്നു. ഭാര്യക്കും മകൾക്കും സമീപത്തുവെച്ചാണ് അദ്ദേഹത്തിന് വെടിയേറ്റത്.
ചൊവ്വാഴ്ച കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ ജഗ്ദലേയും ബാല്യകാല സുഹൃത്ത് കൗസ്തുഭ് ഗൺബോടെയും തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെയാണ് ജഗ്ദലെയുടെയും ഗൺബോടെയുടെയും മൃതദേഹങ്ങൾ പുണെയിലേക്ക് എത്തിച്ച്. ഇരുവരുടെയും അന്ത്യകർമങ്ങൾ നവി പേത്ത് പ്രദേശത്തെ വൈകുണ്ഠിലുള്ള വൈദ്യുത ശ്മശാനത്തിൽ നടന്നു.
എൻ.സി.പി (എസ്.പി) മേധാവി ശരദ് പവാർ ജഗ്‌ദലെയുടെയും ഗൺബോടെയുടെയും വീടുകൾ സന്ദർശിച്ച് അവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു. പവാറിനോട് സംസാരിക്കുന്നതിനിടെ കുറ്റവാളികൾക്ക് കർശനമായ ശിക്ഷ നൽകണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.