റെയിൽ ഭവനിലെ വാർ റൂമിന്റെ പ്രവർത്തനം റെയിൽവേ മന്ത്രി അവലോകനം ചെയ്തു
text_fieldsന്യൂഡൽഹി: ഉത്സവ സീസണിനിടെ ന്യൂഡൽഹിയിലെ റെയിൽ ഭവനിലെ വാർ റൂമിന്റെ തയ്യാറെടുപ്പുകളും പ്രവർത്തന ക്രമീകരണങ്ങളും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അവലോകനം ചെയ്തു. വാർ റൂം ഒരു കേന്ദ്രീകൃത നിരീക്ഷണ കേന്ദ്രമായാണ് പ്രവർത്തിക്കുന്നത്. റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള ലൈവ് ദൃശ്യങ്ങൾ, എ.ഐ അധിഷ്ഠിത സംവിധാനങ്ങൾ, തത്സമയ പ്രവർത്തന ഡാറ്റ എന്നിവ ഉപയോഗിച്ച് സ്ഥിതിഗതികൾ വിലയിരുത്താനും സമയബന്ധിതമായ തീരുമാനങ്ങൾ എടുക്കാനും ഇത് സഹായിക്കും.
പ്ലാറ്റ്ഫോമുകൾ, മേൽപ്പാലങ്ങൾ, സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിൽ നിന്നുള്ള ലൈവ് ദൃശ്യങ്ങൾ വാർ റൂമിൽ ലഭിക്കും. ഒരേ സമയം പല സ്ഥലങ്ങളും നിരീക്ഷിക്കാനും, ആവശ്യമെങ്കിൽ ഏതെങ്കിലും ഒരു സി.സി.ടി.വി ക്യാമറയിലേക്ക് സൂം ചെയ്ത് കൂടുതൽ സൂക്ഷ്മമായി പരിശോധിക്കാനും ഉദ്യോഗസ്ഥർക്ക് കഴിയും. എ.ഐ ഉപകരണങ്ങൾ വഴി പ്രത്യേക സ്ഥലങ്ങളിലെ പ്രവർത്തനങ്ങളും സംഭവങ്ങളും വേഗത്തിൽ വിശകലനം ചെയ്യാൻ കഴിയും. ട്രെയിനുകളുടെ നീക്കവും കാലതാമസവും തത്സമയം ട്രാക്ക് ചെയ്യാനും, തടസ്സങ്ങളുടെ കാരണം കണ്ടെത്തി പരിഹാരം കാണാനും ഇത് സഹായിക്കും
എ.ഐ അധിഷ്ഠിത സംവിധാനങ്ങൾ, ലൈവ് സി.സി.ടി.വി ദൃശ്യങ്ങൾ, തത്സമയ ഡാറ്റ എന്നിവ പ്രവർത്തനക്ഷമത, യാത്രക്കാരുടെ സുരക്ഷ, തിരക്ക് നിയന്ത്രണം എന്നിവ മെച്ചപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുവെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.


