അസം: ശുഭപ്രതീക്ഷയോടെ മഹാസഖ്യം
text_fieldsഗുവാഹതി: അസം നിയമസഭ തെരഞ്ഞെടുപ്പിെൻറ രണ്ട്, മൂന്ന് ഘട്ടങ്ങളിൽ വർധിത ആത്മവിശ്വാസമാണ് കോൺഗ്രസും എ.യു.ഡി.എഫും ചേർന്ന് രൂപവത്കരിച്ച മഹാ സഖ്യത്തിന്. ഒന്ന്, ആറ് തീയതികളിലായാണ് ലോവർ അസം, മധ്യ അസം, ബാരക് താഴ്വര എന്നിവിടങ്ങളിലെ 79 സീറ്റുകളിലേക്ക് പോളിങ്. കാലങ്ങളായി നടത്തുന്ന വർഗീയ, വംശീയ പ്രചാരണങ്ങൾ വഴി ധ്രുവീകരണം ശക്തമായ ലോവർ അസം മേഖലയിൽ മാത്രമാണ് രാഷ്ട്രീയനിരീക്ഷകർ ബി.ജെ.പിക്ക് സാധ്യത കൽപിക്കുന്നത്. ഇവിടെയും ബാരക് താഴ്വരയിലെയും 12 സീറ്റിലെങ്കിലും ബോഡോകളും മുസ്ലിംകളുമാണ് നിർണായക ശക്തികൾ. 2006 മുതൽ കോൺഗ്രസ് എ.യു.ഡി.എഫ് സ്ഥാനാർഥികളാണ് ഇവിടെ വിജയംകാണാറ്. ന്യൂനപക്ഷ വോട്ടുകൾ രണ്ട് പാർട്ടികൾക്കുമായി വിഭജിച്ചുപോയതുമൂലം ബി.ജെ.പി കടന്നുകൂടിയ സോർഭോഗ്, ബാർപെട്ട, ബിലാസിപര ഈസ്റ്റ് തുടങ്ങിയ മണ്ഡലങ്ങളിൽ ഇക്കുറി ഫലം മാറിമറിയുമെന്നാണ് കരുതുന്നത്. മുസ്ലിം വിരുദ്ധത മുഖമുദ്രയാക്കിയ മന്ത്രി ഹിമന്ത ബിശ്വ ശർമയുടെ പ്രസംഗങ്ങൾ 2016ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വോട്ടു ചെയ്ത മുസ്ലിംകളെ ഏറെ അകറ്റിയതും മഹാസഖ്യത്തിന് ഗുണകരമാകുമെന്ന് ബാർപെട്ട ബി.എച്ച് കോളജിലെ അധ്യാപകൻ 'മാധ്യമ'ത്തോട് പറഞ്ഞു.
മഹാസഖ്യം രൂപപ്പെട്ടതുതന്നെ ബി.ജെ.പിയെ വിറളിപിടിപ്പിച്ചിരുന്നു. അപ്പർ അസമിലെ പ്രചാരണത്തിലുടനീളം അവിശുദ്ധ സഖ്യമെന്ന് വിശേഷിപ്പിച്ച കേന്ദ്ര-സംസ്ഥാന നേതാക്കൾ എ.യു.ഡി.എഫ് മേധാവി ബദറുദ്ദീൻ അജ്മലിനെ അസമിെൻറ ശത്രുവായും വിദേശ ശക്തികളുടെ മിത്രമായും ചിത്രീകരിക്കാൻ ശ്രമിച്ചിരുന്നു.
അജ്മലിനെ മറയാക്കി മുസ്ലിംകളെ ആക്ഷേപിക്കുന്നത് മുസ്ലിം വോട്ടുകൾ മാത്രമല്ല, മതേതര ഹിന്ദുവോട്ടുകളും ബി.ജെ.പിക്ക് എതിരാകാൻ വഴിയൊരുക്കുമെന്ന് സാംസ്കാരിക കൂട്ടായ്മയായ ചാർ ചാപോരി സാഹിത്യ പരിഷത് അധ്യക്ഷൻ ഹഫീസ് അഹ്മദ് ചൂണ്ടിക്കാട്ടി. തുടർച്ചയായ വർഗീയ ആക്ഷേപങ്ങൾ ബംഗാളി പാരമ്പര്യമുള്ള മുസ്ലിം സമൂഹത്തെ ഏറെ മുറിവേൽപിക്കുന്നുണ്ട്. ബി.ജെ.പിയുടെ പരാജയം ഉറപ്പാക്കാൻ ന്യൂനപക്ഷ സമൂഹങ്ങളിലെ ചെറുപ്പക്കാർ പ്രചാരണരംഗത്ത് സജീവമാകുന്നതും ഇതിെൻറ പ്രതിഫലനമാണ്. പരമ്പരാഗതമായി തങ്ങളെ തുണച്ചുപോരുന്ന മണ്ഡലങ്ങളിൽ മഹാസഖ്യ ഫലമായി മഹാവിജയം ഉറപ്പാണെന്ന് പി.സി.സി പ്രസിഡൻറ് രിപുൻ ബോറ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
അതേസമയം, ലോവർ അസം മേഖലയിൽ അഞ്ചു മുസ്ലിം സ്ഥാനാർഥികളാണ് ബി.ജെ.പിക്കായി രംഗത്തുള്ളത്. രണ്ടു സീറ്റെങ്കിലും നേടാനാകുമെന്ന് അവർ പ്രതീക്ഷ പുലർത്തുന്നു. പ്രമുഖ ബി.ജെ.പി നേതാക്കളുടെ പര്യടനത്തിന് മികച്ച പ്രതികരണമാണെന്നും ക്ഷേമപദ്ധതികൾ നടപ്പാക്കുന്നതിൽ സർക്കാർ വിവേചനം കാണിച്ചിട്ടില്ലെന്നുമാണ് ബി.ജെ.പി ന്യൂനപക്ഷ സെൽ അധ്യക്ഷൻ മുഖ്താർ ഹുസൈൻ ഖാെൻറ അവകാശവാദം. സഖ്യകക്ഷിയായ അസം ഗണപരിഷത്തിനും ന്യൂനപക്ഷ മേഖലയിൽ സ്വാധീനമുണ്ടായിരുന്നു. ബാർപെട്ടയിലെ എ.ജി.പി എം.എൽ.എ ഗുനിന്ദ്ര നാഥ് ദാസ്, അഭയപുരിയിൽനിന്നുള്ള മുൻ എം.എൽ.എ ഭുപൻ റോയ് തുടങ്ങിയവർ ജനപ്രിയരായിരുന്നുവെങ്കിലും ബി.ജെ.പിയുമായുള്ള സഖ്യം അവരുടെ സാധ്യതകളും സ്വാധീനവും ദുർബലമാക്കുമെന്നാണ് പരിഷദ് മുൻ ഭാരവാഹി അബ്ദുൽ ബാരിഖ് ഖാെൻറ വിലയിരുത്തൽ. എന്നാൽ, സ്ഥാനാർഥി നിർണയത്തിലെ പിഴവ് മഹാസഖ്യത്തിന് ചിലയിടത്ത് തിരിച്ചടിയാവും.