ഭീകരാക്രമണത്തിൽ പാകിസ്താൻ പങ്കിനെ ന്യായീകരിച്ചെന്ന്; അസം എം.എൽ.എ അറസ്റ്റിൽ
text_fieldsഗുവാഹതി: പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശത്തിൽ അസം എം.എൽ.എ അറസ്റ്റിൽ. പാകിസ്താൻ പങ്കാളിത്തത്തെ ന്യായീകരിച്ചതായി ആരോപിച്ച് അസമിലെ പ്രതിപക്ഷ എം.എൽ.എയും എ.ഐ.യു.ഡി.എഫ് നേതാവുമായ അമിനുൽ ഇസ്‍ലാമിനെ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
പാകിസ്താനെയും ആക്രമണത്തിൽ അവരുടെ പങ്കാളിത്തത്തെയും ന്യായീകരിക്കുന്ന വിഡിയോ പുറത്തിറക്കിയതിനാണ് അറസ്റ്റെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. വിഡിയോ സമൂഹമാധ്യമങ്ങളിലടക്കം വിവാദമായതോടെ പൊലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു. 2019 ഫെബ്രുവരിയിൽ പുൽവാമയിൽ സി.ആർ.പി.എഫ് വാഹനവ്യൂഹത്തിനുനേരെ നടന്ന ചാവേർ ബോംബാക്രമണവും പഹൽഗാമിൽ 26 വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയതിനും പിന്നിൽ സർക്കാർ ഗൂഢാലോചനയുണ്ടെന്ന തരത്തിൽ എം.എൽ.എ പരാമർശം നടത്തിയെന്നാണ് ആരോപണം.
എം.എൽ.എയെ തള്ളി എ.ഐ.യു.ഡി.എഫ് തലവൻ മൗലാന ബദറുദ്ദീൻ അജ്മലും രംഗത്തെത്തി. പാർട്ടി സർക്കാറിനൊപ്പമാണെന്നും എം.എൽ.എയുടെ പരാമർശം പാർട്ടി നിലപാടല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘വിഷയത്തിൽ പാർട്ടി ഇതിനകം നിലപാട് വ്യക്തമാക്കിയതാണ്. ഭീകരവാദികൾക്ക് മതമില്ല, തീവ്രവാദം പ്രചരിപ്പിക്കുന്നവർ ഇസ്ലാമിന് എതിരാണ്. അവർ ഇസ്ലാമിനെയും മുസ്ലിംകളെയും അപകീർത്തിപ്പെടുത്തുകയാണ്’ -മൗലാന ബദറുദ്ദീൻ വ്യക്തമാക്കി.