അസം വിൽപനക്കല്ല’, ബി.ജെ.പിയുടെ വിദ്വേഷ വിഡിയോക്ക് മറുപടിയുമായി കോൺഗ്രസിന്റെ എ.ഐ വിഡിയോ
text_fieldsദിസ്പൂർ: ബി.ജെ.പിയുടെ വിദ്വേഷ വിഡിയോക്ക് എ.ഐ വിഡിയോയിലൂടെ മറുപടി നൽകി കോൺഗ്രസ് നേതൃത്വം. അസം വിൽപനക്കല്ല എന്ന പേരിലാണ് കോൺഗ്രസ് വിഡിയോ പുറത്തിറക്കിയത്. അനധികൃത കുടിയേറ്റത്തെ കുറിച്ച് വിദ്വേഷ വിഡിയോയുമായി ബി.ജെ.പി രംഗത്തെത്തിയതിന് പിന്നാലെയാണ് കോൺഗ്രസ് നടപടി.
അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വശർമ്മയുമായി നരേന്ദ്ര മോദി ടെലിഫോണിൽ സംസാരിക്കുന്നതാണ് വിഡിയോവിന്റെ തുടക്കത്തിലുള്ളത്. തന്റെ പഴയൊരു സുഹൃത്തിന് അസമിൽ ഭൂമി വേണമെന്നാണ് മോദി ഹിമന്ത് ബിശ്വശർമ്മയോട് പറയുന്നത്. എന്നാൽ, ജനങ്ങളൈ ഒട്ടും പരിഗണിക്കാതിരുന്ന ഹിമന്ത് ബിശ്വശർമ്മ ഭൂമിനൽകാമെന്ന് വ്യക്തമാക്കുന്നു. ഫാക്ടറി ഉടമ ആരാണെന്ന് ചോദ്യത്തിന് അദാനിയുടെ ചിത്രവും വിഡിയോയിൽ കാണിക്കുന്നുണ്ട്. തുടർന്ന് ഗൗതം അദാനി തനിക്ക് ആവശ്യമുള്ള ഭൂമിയെ കുറിച്ച് പറഞ്ഞതിന് ശേഷം കോൺഗ്രസ് പ്രതിഷേധവും കാണിച്ചാണ് വിഡിയോ അവസാനിക്കുന്നത്.
ബംഗ്ലാദേശി മുസ്‍ലിംകൾ അസമിന് ഭീഷണിയാണെന്ന രീതിയിലുള്ള ഒരു വിഡിയോ ബി.ജെ.പി നേരത്തെ പുറത്തിറക്കിയിരുന്നു. ഇതിനെതിരെ കോൺഗ്രസ് പരാതി നൽകുകയും ചെയ്തിരുന്നു. മതപരമായ വിഭജനം ലക്ഷ്യമിട്ടാണ് ബി.ജെ.പി ഇത്തരം വിഡിയോകൾ പ്രചരിപ്പിക്കുന്നതെന്നായിരുന്നു കോൺഗ്രസ് പ്രധാനമായും പരാതിയിൽ ചൂണ്ടിക്കാട്ടിയത്.