രത്തൻ ടാറ്റയുടെ വിശ്വസ്തൻ മെഹ്‌ലി മിസ്ത്രി ടാറ്റ ട്രസ്റ്റുകളിൽ നിന്ന് പുറത്തേക്ക്
text_fieldsമുംബൈ: രത്തൻ ടാറ്റയുടെ അടുത്ത വിശ്വസ്തനായ മെഹ്‌ലി മിസ്ത്രി, ട്രസ്റ്റിലെ വോട്ടെടുപ്പിനു പിന്നാലെ ടാറ്റ ട്രസ്റ്റുകളിൽ നിന്ന് പുറത്തായി. ദൊറാബ്ജി ടാറ്റ ട്രസ്റ്റിന്റെയും രത്തൻ ടാറ്റ ട്രസ്റ്റിന്റെയും ബോർഡുകളിലേക്ക് പുനഃർനിയമനം നടത്തുന്നതിനെതിരെ ഭൂരിപക്ഷം ട്രസ്റ്റികളും വോട്ട് ചെയ്തതിനെ തുടർന്നാണ് മിസ്ത്രിയുടെ പുറത്താവൽ. ആറ് ട്രസ്റ്റികളിൽ മൂന്ന് പേർ അദ്ദേഹത്തിന്റെ നാമനിർദേശത്തെ എതിർത്തു.
ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റ, ടി.വി.എസ് ഗ്രൂപ്പ് ചെയർമാൻ വേണു ശ്രീനിവാസൻ, മുൻ പ്രതിരോധ സെക്രട്ടറി വിജയ് സിങ് എന്നിവരാണ് ആ മൂന്നു പേരെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
പതിറ്റാണ്ടുകളായി തന്റെ അടുത്ത വിശ്വസ്തനായിരുന്ന മെഹ്‌ലി മിസ്ത്രിക്ക് അന്തരിച്ച വ്യവസായി രത്തൻ ടാറ്റ തന്റെ പൈതൃകമായുള്ള തോക്കുകൾ വിട്ടുനൽകിയിരുന്നു. മിസ്ത്രിയും ടാറ്റ ട്രസ്റ്റുകളുടെ ട്രസ്റ്റികളും തമ്മിലുള്ള പോരാട്ടത്തിൽ ആ തോക്കുകൾ തിരിച്ചു വാങ്ങിയേക്കും.
വിശാലമായ ടാറ്റ ഗ്രൂപ്പിന്റെ ഹോൾഡിംഗ് കമ്പനിയായ ടാറ്റ സൺസിന്റെ ഭൂരിഭാഗവും സ്വന്തമാക്കിയിരിക്കുന്ന ജീവകാരുണ്യ ട്രസ്റ്റുകളിലെ മിസ്ത്രിയുടെ കാലാവധി ഇതോടെ പെട്ടെന്ന് അവസാനിച്ചു. അദ്ദേഹവുമായി അടുത്ത ആളുകൾ പറയുന്നതനുസരിച്ച് മിസ്ത്രി ഉടൻ തന്നെ തന്റെ പുറത്താക്കലിനെതിരെ നിയമപരമായ നടപടികൾ ആരംഭിച്ചേക്കും.


