ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങൾ; വത്തിക്കാൻ ഇടപെടണമെന്ന് യുനൈറ്റഡ് ക്രിസ്ത്യൻ ഫോറം
text_fieldsബംഗളൂരു: ഇന്ത്യയിൽ ക്രിസ്ത്യാനികൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ വത്തിക്കാൻ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവുമായി ക്രിസ്ത്യൻ സംഘടനകൾ. അടുത്തിടെ ഇന്ത്യ സന്ദർശിച്ച വത്തിക്കാൻ വിദേശകാര്യ സെക്രട്ടറി ആർച്ച് ബിഷപ് പോൾ റിച്ചാർഡ് ഗല്ലഗെർ മുമ്പാകെയാണ് യുനൈറ്റഡ് ക്രിസ്ത്യൻ ഫോറം ഈ ആവശ്യമുന്നയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിൽ ക്രിസ്ത്യാനികൾക്കെതിരെ ആക്രമണം വർധിക്കുകയാണെന്ന് സംഘടന സമർപ്പിച്ച നിവേദനത്തിൽ ചൂണ്ടിക്കാട്ടി. 2024ൽ ക്രിസ്ത്യാനികൾക്കെതിരെ 834 ആക്രമണങ്ങളാണ് നടന്നത്. മുൻ വർഷം ഇത് 734ഉം മോദി അധികാരമേറ്റ 2014ൽ 127ഉം ആയിരുന്നുവെന്ന് സംഘടന ചൂണ്ടിക്കാട്ടി. വ്യാജ മതപരിവർത്തന ആരോപണങ്ങളാണ് ആക്രമണങ്ങൾ വർധിക്കാൻ പ്രധാന കാരണമെന്ന് യുനൈറ്റഡ് ക്രിസ്ത്യൻ ഫോറം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷം വടക്കൻ ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ ആക്രമണമുണ്ടായത് (209). ഛത്തിസ്ഗഢാണ് തൊട്ടുപിന്നിൽ- (165). പുനർ മതപരിവർത്തന ചടങ്ങുകൾക്കായി മൃതദേഹങ്ങൾപോലും പുറത്തെടുത്തതായും ഒഡിഷയിലെ ഗോത്ര മേഖലകളിൽ തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിൽനിന്ന് ക്രിസ്ത്യാനികളെ തടയുകയാണെന്നും സംഘടന ആരോപിച്ചു.
അതേസമയം, വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി വത്തിക്കാൻ പ്രതിനിധി നടത്തിയ കൂടിക്കാഴ്ചയിൽ വിഷയം ഉന്നയിക്കാത്തതിനെ ഈശോസഭ വൈദികനായ സെഡ്രിക് പ്രകാശ് വിമർശിച്ചു. ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങൾ സർക്കാറിന് മുന്നിൽ കൊണ്ടുവരാൻ ഈ അവസരം ഉപയോഗിക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.