Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘സഞ്ചാരികളെ...

‘സഞ്ചാരികളെ കശ്മീരിലേക്ക് തിരികെ വരൂ...’; പഹൽഗാം സന്ദർശിച്ച് നടൻ അതുൽ കുൽക്കർണി

text_fields
bookmark_border
Atul Kulkarni visits Kashmir
cancel

പഹൽഗാം (ജമ്മു കശ്മീർ): ഭീകരാക്രമണത്തിൽ വിനോദ സഞ്ചാരികളടക്കം 26 പേർ കൊല്ലപ്പെട്ട ജമ്മു കശ്മീരിലെ പഹൽഗാം സന്ദർശിച്ച് പ്രശസ്ത സിനിമ നടനും നിർമാതാവുമായ അതുൽ കുൽക്കർണി. പഹൽഗാമിലെത്തിയ കുൽക്കർണി വിനോദസഞ്ചാരികൾ കശ്മീരിലേക്ക് തിരികെ വരണമെന്ന് അഭ്യർഥിച്ചു.

പഹൽഗാമിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്ന ചിത്രങ്ങൾ അതുൽ കുൽക്കർണി എക്സിൽ പങ്കുവെക്കുകയും ചെയ്തു. കൂടാതെ, വിമാനത്തിനുള്ളിലെ കാലിയായ സീറ്റുകളുടെ ചിത്രം പോസ്റ്റ് ചെയ്ത കുൽക്കർണി, അടുത്ത കാലം വരെ അത് നിറഞ്ഞിരുന്നുവെന്നും കുറിച്ചു.

'എനിക്ക് എന്നോട് സ്നേഹം തോന്നും. ഈ ആളുകളെയെല്ലാം കാണുമ്പോൾ, അവരുടെ കണ്ണുകളിൽ നിന്ന് മനസിലാകുന്നത് അവർ (കശ്മീരികൾ) ദുഃഖത്തിലാണെന്ന്. എന്നാൽ, അവരെ കാണുകയും സന്ദർശനത്തിന്‍റെ ഉദ്ദേശ്യം പങ്കുവെക്കുകയും ചെയ്തപ്പോൾ അവർ പുഞ്ചിരിച്ചു. ആളുകളോട് വരാൻ പറയണമെന്നും സുരക്ഷിതരാണെന്നും ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും അവർ (കശ്മീരികൾ) പറയുന്നു.

ഇവിടെ (കശ്മീരിൽ) നിറയെ സ്നേഹമുണ്ട്, ആതിഥ്യ മര്യാദയുണ്ട്, വളരെ മനോഹരമാണ്, ഇവിടുത്തെ ജനങ്ങൾ അതിലും മനോഹരമാണ് എന്ന സന്ദേശമാണ് ഞാൻ കൊണ്ടു പോകുന്നത്'. - വാർത്താ ഏജൻസിയായ എ.എൻ.ഐയോട് അതുൽ കുൽക്കർണി വ്യക്തമാക്കി.

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കശ്മീർ സന്ദർശിക്കുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. ജമ്മു കശ്മീർ സന്ദർശിക്കാനായി വിമാനടിക്കറ്റും താമസസൗകര്യവും ബുക്ക് ചെയ്തവർ ഭീകരാക്രമണത്തിന് പിന്നാലെ യാത്ര റദ്ദാക്കിയിരുന്നു.

കശ്മീരികളുടെ പ്രധാന വരുമാനമാർഗം സഞ്ചാരികളായിരിക്കെ അവരുടെ വരവ് കുറഞ്ഞത് പ്രാദേശിക കച്ചവടക്കാർ അടക്കമുള്ളവർക്ക് വലിയ തിരിച്ചടിയായി. സീസണിൽ എത്തുന്നവർക്ക് കുതിരസവാരി, താമസം, ഭക്ഷണം, യാത്രാ സൗകര്യം അടക്കം ടൂർ ഓപറേറ്റർമാർ ഒരുക്കിയിരുന്നത്.


Show Full Article
TAGS:Atul Kulkarni Pahalgam Terror Attack tourists Latest News 
News Summary - Atul Kulkarni visits Kashmir, appeals tourists to return after Pahalgam terror attack
Next Story