ഹൈവേയിലെ ഗതാഗതക്കുരുക്കിൽ ആംബുലൻസ് കുടുങ്ങിയത് അഞ്ച് മണിക്കൂർ; രോഗിയായ കുഞ്ഞ് മരിച്ചു
text_fieldsമുംബൈ: മുംബൈ-അഹമ്മദാബാദ് ഹൈവേയിലുണ്ടായ ഗതാഗതക്കുരുക്കിൽപ്പെട്ട് 16 മാസം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ പൊലിഞ്ഞു. ചികിത്സക്കായി കുഞ്ഞിനെ മുംബൈയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ആംബുലൻസ് അഞ്ചു മണിക്കൂർ ഗതാഗതക്കുരുക്കിൽ കുടുങ്ങിയതിനെ തുടർന്നാണ് ദാരുണാന്ത്യം.
ചലനം നിലച്ചതോടെ അടുത്തുള്ള ഗ്രാമമായ സസുനവ്ഘറിലെ ഒരു ചെറിയ ക്ലിനിക്കിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. ഹൈവേയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു.
മണിക്കൂറുകളോളം വാഹനങ്ങൾ നിശ്ചലമാവുന്നതിനാൽ കർജനിലെ ബമംഗം മുതൽ വഡോദര ജില്ലയുടെ പ്രാന്തപ്രദേശത്തുള്ള ജംബുവ വരെയുള്ള അഹമ്മദാബാദ്-മുംബൈ ഹൈവേയുടെ 15 കിലോമീറ്റർ ദൂരം യാത്രക്കാർക്ക് ഒരു പേടിസ്വപ്നമായി മാറിയിരിക്കുകയാണ്.
നൈഗാവിലെ ചിഞ്ചോട്ടിയിൽ ഗാലക്സി ആശുപത്രിയിൽ ചികിത്സയിലായിരുന്നു മരിച്ച കുഞ്ഞ്. വിദഗ്ധ ചികിത്സക്കായി ഉടൻ മുംബൈയിലെ ഒരു ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദേശിച്ചിരുന്നു. എന്നാൽ, രാവിലെ മുതൽ ആംബുലൻസ് ഹൈവേയിലെ ഗതാഗതക്കുരുക്കിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.