സുപ്രീംകോടതിയിലും തിരിച്ചടി; കെജ്രിവാളിന്റെ അറസ്റ്റ് ശരിവെച്ച ഹൈകോടതി വിധിക്ക് സ്റ്റേയില്ല
text_fieldsന്യൂഡൽഹി: മദ്യനയ കേസിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റിനെതിരെ സുപ്രീംകോടതിയെ സമീപിച്ച ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിന് ഉടനടി ആശ്വാസമില്ല. അറസ്റ്റ് ശരിവെച്ച ഹൈകോടതി ഉത്തരവ് സ്റ്റേ ചെയ്യാനോ ഹരജി അടിയന്തരമായി കേൾക്കാനോ രണ്ടംഗ സുപ്രീംകോടതി ബെഞ്ച് തയാറായില്ല.
രണ്ടാഴ്ചക്കുശേഷം മാത്രം കേസിൽ വാദം കേൾക്കും. തിങ്കളാഴ്ച അവസാനിക്കേണ്ടിയിരുന്ന ജുഡീഷ്യൽ കസ്റ്റഡി കാലാവധി പ്രത്യേക കോടതി 23 വരെ നീട്ടുകയും ചെയ്തു. തിഹാർ ജയിലിലെ രണ്ടാം നമ്പർ സെല്ലിലാണ് കെജ്രിവാൾ.
തെരഞ്ഞെടുപ്പു കാലത്തെ അറസ്റ്റിന്റെ രാഷ്ട്രീയ ലാക്ക് വിശദീകരിക്കാൻ കെജ്രിവാളിന്റെ അഭിഭാഷകൻ അഭിഷേക് സിങ്വി ശ്രമിച്ചെങ്കിലും ഹരജിയിൽ നിലപാട് അറിയിക്കുന്നതിന് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റിന് നോട്ടീസ് അയക്കാൻ നിർദേശിക്കുകയാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവർ ചെയ്തത്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവന്ന ശേഷമുള്ള അറസ്റ്റ് അസാധാരണമാണെന്ന് സിങ്വി വാദിച്ചു. മദ്യനയ കേസിൽ സി.ബി.ഐയും ഇ.ഡിയും എട്ടു കുറ്റപത്രങ്ങൾ സമർപ്പിച്ചതിൽ ഒന്നിലും കെജ്രിവാളിന്റെ പേരില്ല. ഇതിനകം രേഖപ്പെടുത്തിയ 15 മൊഴികളിലും കെജ്രിവാളിനെ പരാമർശിച്ചിട്ടില്ല. 2022 സെപ്റ്റംബറിൽ തുടങ്ങിയ കേസിൽ 2024 മാർച്ചിൽ മാത്രമാണ് അറസ്റ്റ്.
ആദ്യഘട്ട വോട്ടെടുപ്പ് 19ന് നടക്കാനിരിക്കെ, പ്രചാരകനായ കെജ്രിവാളിന്റെ കേസ് ഏറ്റവും അടുത്ത ദിവസം തന്നെ പരിഗണിക്കണമെന്ന് സിങ്വി ആവശ്യപ്പെട്ടു. ‘നോട്ടീസ് അയക്കാൻ പറഞ്ഞു കഴിഞ്ഞാൽ, വാദിക്കേണ്ട കാര്യം തന്നെയില്ല. വസ്തുതകളെല്ലാം അറിയാം. കടലാസുകളെല്ലാം നോക്കിയതാണ്.
അതിനുവേണ്ടി ഏറെസമയം ചെലവഴിച്ചതുമാണ്’ -ബെഞ്ച് പറഞ്ഞു. ഏപ്രിൽ 24നു മുമ്പായി നിലപാട് അറിയിക്കാനാണ് ഇ.ഡിക്ക് കോടതി നൽകിയ നിർദേശം. അതിനുശേഷം 29ന് തുടങ്ങുന്ന ആഴ്ചയിൽ കേസ് പരിഗണിക്കും.
കെജ്രിവാളിന്റെയും ഭാരത് രാഷ്ട്രസമിതി നേതാവ് കെ. കവിതയുടെയും ജുഡീഷ്യൽ കസ്റ്റഡി 23 വരെ വിചാരണ കോടതി നീട്ടിയിട്ടുണ്ട്. വിഡിയോ കോൺഫറൻസ് സംവിധാനത്തിലാണ് കെജ്രിവാളിനെ തിഹാറിൽനിന്ന് കോടതി മുമ്പാകെ ഹാജരാക്കിയത്. 14 ദിവസം കൂടി കസ്റ്റഡി നീട്ടണമെന്നായിരുന്നു ഇ.ഡിയുടെ ആവശ്യം. ഏഴുദിവസം കോടതി അനുവദിച്ചു.
തിങ്കളാഴ്ച കെജ്രിവാളിനെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്സിങ് മാൻ തിഹാർ ജയിലിൽ ചെന്നുകണ്ടു. സാധാരണ സന്ദർശകനെന്ന നിലയിലായിരുന്നു കൂടിക്കാഴ്ച. ഗ്ലാസ് ഭിത്തിക്ക് ഇരുവശത്തുമായിനിന്ന് സംസാരിക്കാനാണ് ജയിൽ അധികൃതർ അനുവദിച്ചത്.