Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗ്ലാദേശ്:...

ബംഗ്ലാദേശ്: തിരുപ്പൂരിലെ വസ്ത്രമേഖലക്ക് നേട്ടം

text_fields
bookmark_border
garment sector
cancel

ചെന്നൈ: ബംഗ്ലാദേശിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥയും ക്രമസമാധാന തകർച്ചയും തിരുപ്പൂരിലെ വസ്ത്ര നിർമാണ മേഖലക്ക് നേട്ടമാകുന്നു. ബംഗ്ലാദേശിലെ ഇപ്പോഴത്തെ പ്രതിസന്ധി ആഗോള ടെക്സ്റ്റൈൽ വിതരണ ശൃംഖലയെ തന്നെ ദോഷകരമായി ബാധിക്കുമെന്നാണ് തിരുപ്പൂരിലെ വസ്ത്ര കയറ്റുമതി ഏജൻസികൾ വിലയിരുത്തുന്നത്.

തുണിത്തരങ്ങൾ കയറ്റുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യമായ ബംഗ്ലാദേശ്, ഇന്ത്യയിലെ വസ്ത്ര വ്യവസായത്തിന് വെല്ലുവിളിയായി മാറിയിരുന്നു. കുറഞ്ഞ ഉൽപാദന ചെലവ്, കുറഞ്ഞ കൂലി, സർക്കാർ ആനുകൂല്യങ്ങൾ തുടങ്ങിയ ഘടകങ്ങൾ മൂലം ബംഗ്ലാദേശിന് ആഗോളതലത്തിൽ കൂടുതൽ ഓർഡറുകൾ നേടാൻ കഴിഞ്ഞിരുന്നു. ഇതുകാരണം ബംഗ്ലാദേശ് വസ്ത്രങ്ങൾ ഇന്ത്യൻ ആഭ്യന്തര വിപണിയിലേക്ക് പോലും ഒഴുകി. ഇത് തിരുപ്പൂർ, സൂറത്ത് എന്നിവിടങ്ങളിലെ ആഭ്യന്തര നിർമാതാക്കൾക്ക് വെല്ലുവിളി ഉയർത്തി.

ബംഗ്ലാദേശിലെ അശാന്തി വസ്ത്ര നിർമാണ മേഖലയെയും കയറ്റുമതിയെയും ബാധിച്ചിട്ടുണ്ട്. ഇപ്പോൾ ബംഗ്ലാദേശിലെ ബിസിനസിൽനിന്ന് ആഗോളതല ഏജൻസികൾ പിന്മാറുന്നതായും റിപ്പോർട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തിരുപ്പൂർ മേഖലയിലെ ടെക്സ്റ്റൈൽ കമ്പനികൾക്ക് കൂടുതൽ ഓർഡറുകൾ ലഭ്യമാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. ബംഗ്ലാദേശിൽ ഓർഡർ നൽകിയിരുന്ന ഏതാനും യൂറോപ്യൻ ബ്രാൻഡുകൾ തിരുപ്പൂരിൽ അന്വേഷണമാരംഭിച്ചിട്ടുണ്ടെന്ന് വസ്ത്ര നിർമാതാക്കൾ പറഞ്ഞു. ചില വിദേശ ഏജൻസികൾ തിരുപ്പൂരിലെ ടെക്സ്റ്റൈൽ യൂനിറ്റുകൾ സന്ദർശിച്ചതും പ്രതീക്ഷ നൽകുന്നു. വിലകുറഞ്ഞ ഉൽപന്നങ്ങൾക്കായാണ് അന്താരാഷ്ട്ര ഏജൻസികൾ ബംഗ്ലാദേശ് നിർമാതാക്കളെ സമീപിച്ചിരുന്നത്. പുതിയ സാഹചര്യം തിരുപ്പൂരിനുപുറമെ ഉൽപാദന ചെലവ് കുറവുള്ള രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ മറ്റു ടെക്സ്റ്റൈൽ ഹബ്ബുകൾക്കും പ്രയോജനകരമാവുമെന്ന് വിലയിരുത്തപ്പെടുന്നു. അതേസമയം, ബംഗ്ലാദേശിലെ വസ്ത്ര നിർമാതാക്കൾക്ക് നൂൽ വിതരണം ചെയ്യുന്ന തമിഴ്‌നാട്ടിലെ സ്പിന്നിങ് മില്ലുകൾക്ക് അവിടത്തെ പ്രതിസന്ധി ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

Show Full Article
TAGS:Garment Sector India News 
News Summary - Bangladesh: Tirupur's garment sector gains
Next Story