തമിഴ്നാട്ടിൽ സ്കൂളുകളിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് കർശന വിലക്ക്; നടപടി വിജയിയുടെ ജന്മദിനാഘോഷം വിവാദമായതിന് പിന്നാലെ
text_fieldsചെന്നൈ: സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും സ്വകാര്യ വ്യക്തികളും പ്രവേശിക്കുന്നതും പരിപാടികൾ സംഘടിപ്പിക്കുന്നതും വിലക്കി തമിഴ്നാട് സർക്കാർ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പഠിക്കാനുള്ളതാണെന്നും രാഷ്ട്രീയ പ്രവർത്തനങ്ങൾക്കുള്ളതല്ല എന്നും വ്യക്തമാക്കിയാണ് സർക്കുലർ. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് മാത്രമേ സ്കൂളുകളിലും ക്ലാസ് മുറികളിലും പ്രവേശനം അനുവദിക്കൂ എന്ന് വിദ്യാഭ്യാസ മന്ത്രി രാജ്മോഹൻ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ ജന്മദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ ചില സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ തമിഴക വെട്രി കഴകം (ടി.വി.കെ) പ്രവർത്തകർ നടത്തിയ ആഘോഷ പരിപാടികൾ വിവാദമായതിന് പിന്നാലെയാണ് തീരുമാനം. ക്ലാസ് മുറികൾ വിദ്യാഭ്യാസത്തിനുള്ള ഇടങ്ങളാണെന്നും രാഷ്ട്രീയ നേതാക്കളുടെയോ സ്വകാര്യ വ്യക്തികളുടെയോ പ്രവർത്തനങ്ങൾക്ക് അവ ഉപയോഗിക്കരുതെന്നും ഉത്തരവിൽ പറയുന്നു. ക്ലാസ് മുറികളിലും സ്കൂൾ പരിസരങ്ങളിലും രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങൾ, ബാനറുകൾ, പോസ്റ്ററുകൾ എന്നിവ പ്രദർശിപ്പിക്കുന്നതിനും വിദ്യാർഥികളെ രാഷ്ട്രീയ പരിപാടികളിൽ പങ്കെടുപ്പിക്കുന്നതിനും വിലക്കേർപ്പെടുത്തിയതായി സ്കൂൾ വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പരിപാടികൾ സംഘടിപ്പിക്കുന്നതിനെക്കുറിച്ചുള്ള വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉടന്‍ പുറപ്പെടുവിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങൾ സൂചിപ്പിച്ചു.
വിജയിയുടെ ജന്മദിനത്തോടനുബന്ധിച്ച് സ്കൂളുകളിൽ ടി.വി.കെ പ്രവർത്തകർ ആഘോഷപരിപാടികൾ സംഘടിപ്പിക്കുകയും വിദ്യാർഥികളെ പങ്കെടുപ്പിക്കുകയും ചെയ്ത സംഭവങ്ങൾ വിവാദമായിരുന്നു. ചില സ്കൂളുകളിൽ വിജയിയുടെ ചിത്രം ക്ലാസ് മുറികളിൽ സ്ഥാപിക്കുകയും വിദ്യാർഥികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും മുദ്രാവാക്യങ്ങൾ വിളിപ്പിക്കുകയും ചെയ്തതായി ആരോപണം ഉയർന്നിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ഡി.എം.കെയിൽ നിന്നുൾപ്പെടെ പ്രതിഷേധം ഉയർന്നിരുന്നു.
സംഭവത്തെ തുടർന്ന് മദ്രാസ് ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി സമർപ്പിച്ചിരുന്നു. സ്കൂൾ പരിസരങ്ങളിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾ നടത്തുന്നത് തടയണമെന്നാവശ്യപ്പെട്ട ഹരജിയിൽ കോടതി തമിഴ്നാട് സർക്കാരിനും സ്കൂൾ വിദ്യാഭ്യാസ വകുപ്പിനും നോട്ടീസ് അയച്ച് വിശദീകരണം തേടി. സ്കൂളുകൾ രാഷ്ട്രീയ സ്വാധീനത്തിൽ നിന്ന് മുക്തമായിരിക്കണമെന്നും നിലവിലുള്ള ചട്ടങ്ങൾ കർശനമായി നടപ്പാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.
തുടർന്ന് സർക്കാർ നിലവിലുള്ള മാർഗനിർദേശങ്ങൾ വീണ്ടും കർശനമായി നടപ്പാക്കാൻ തീരുമാനിക്കുകയായിരുന്നു. സ്കൂളുകളുമായി നേരിട്ട് ബന്ധമില്ലാത്ത സംഘടനകൾക്ക് പരിപാടികൾ നടത്താൻ അനുമതിയില്ല. മറ്റു സംഘടനകൾ പരിപാടികൾ സംഘടിപ്പിക്കണമെങ്കിൽ വിദ്യാഭ്യാസ വകുപ്പിന്റെ മുൻകൂർ അനുമതി നിർബന്ധമാണ്. സ്കൂൾ പരിസരത്ത് ചിത്രങ്ങൾ മാത്രം പ്രദർശിപ്പിക്കാനുള്ള അധികാരം പ്രധാനാധ്യാപകർക്ക് മാത്രമാണെന്നും പറയുന്നു. നിർദേശങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കും ഉദ്യോഗസ്ഥർക്കുമെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി.


