സംഭലിലെ ‘അനധികൃത’ പള്ളി വിശ്വാസികൾ തന്നെ പൊളിച്ചു
text_fieldsപ്രതീകാത്മക ചിത്രം
സംഭൽ: ഉത്തർപ്രദേശിലെ സംഭലിൽ അനധികൃതമായി നിർമിച്ചെന്നാരോപിച്ച് പ്രാദേശിക ഭരണകൂടം പൊളിക്കാൻ ഉത്തരവിട്ട മുസ്ലിം പള്ളി വിശ്വാസികൾ തന്നെ പൊളിച്ചു. സംഭൽ ജില്ല ആസ്ഥാനത്തുനിന്ന് 30 കി.മീ. അകലെ അസ്മോളി മേഖലയിലെ റയാൻ ബുസുർഗിൽ തടാകമുണ്ടായിരുന്ന സ്ഥലത്ത് നിർമിച്ചെന്നാരോപിച്ചാണ് ഗൗസുൽബറ പള്ളി പൊളിക്കാൻ ജില്ല ഭരണകൂടം ഉത്തരവിട്ടിരുന്നത്.
അവധി ദിനമായ ഒക്ടോബർ രണ്ടിന് ബുൾഡോസറുമായെത്തിയ അധികൃതർ പള്ളിയോട് ചേർന്നുള്ള കല്യാണ ഹാൾ പൊളിക്കുകയും ചെയ്തു. തുടർന്ന്, പള്ളി പൊളിക്കാൻ നീങ്ങിയപ്പോൾ തടിച്ചുകൂടിയ വിശ്വാസികൾ ജില്ല മജിസ്ട്രേറ്റിനെ സമീപിച്ച് നാലു ദിവസത്തെ സമയം നൽകണമെന്നും അതിനിടെ തങ്ങൾതന്നെ പള്ളി പൊളിച്ചുകൊള്ളാമെന്നും പറയുകയായിരുന്നു.
ജില്ല മജിസ്ട്രേറ്റ് ഇത് സമ്മതിച്ചതോടെ അന്നുതന്നെ നാട്ടുകാർ പള്ളിയുടെ പുറംചുമരിന്റെ കുറച്ചുഭാഗം പൊളിച്ചു. വെള്ളിയാഴ്ച അതിർത്തി ചുമരും പൊളിച്ചു. ഒടുവിൽ നാലുദിവസത്തെ സമയപരിധി അവസാനിക്കുന്ന ഞയറാഴ്ച ബുൾഡോസറുപയോഗിച്ച് പള്ളി പൂർണമായി പൊളിക്കുകയായിരുന്നു.
ഇതിനിടെ പള്ളി പൊളിക്കുന്നത് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പള്ളിക്കമ്മിറ്റി അലഹബാദ് ഹൈകോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളിയിരുന്നു.