‘എന്റെ മരണത്തിന് ഉത്തരവാദി എൻ.ആർ.സി,’ കുറിപ്പെഴുതി വയോധികന്റെ ആത്മഹത്യ, ബി.ജെ.പിയുടെ വിഭജന രാഷ്ട്രീയത്തിന്റെ ഇരയെന്ന് മമത
text_fieldsകൊൽക്കത്ത: തന്റെ മരണത്തിന് കാരണം എൻ.ആർ.സിയാണെന്ന് എഴുതിവെച്ച് വയോധികൻ ആത്മഹത്യ ചെയ്തു. പശ്ചിമ ബംഗാളിലെ ബാരക്പൂർ പാനിഗടി സ്വദേശിയായ പ്രദീപ് കാർ (57) ആണ് തൂങ്ങി മരിച്ചത്.
തിങ്കളാഴ്ച തെരഞ്ഞെടുപ്പ് കമീഷൻ പ്രത്യേക തീവ്ര പരിഷ്‌കരണം (എസ്.ഐ.ആര്‍) പ്രഖ്യാപിച്ചതിന് പിന്നാലെ, പ്രദീപ് അസ്വസ്ഥനായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. നവംബർ നാലുമുതലാണ് പശ്ചിമ ബംഗാളിൽ എസ്.ഐ.ആർ നടപടിക്രമങ്ങൾ ആരംഭിക്കുന്നത്. പ്രദീപ് പശ്ചിമ ബംഗാളിലാണ് ജനിച്ചതും വളർന്നതുമെങ്കിലും ഇയാളുടെ പിതാവ് ബംഗ്ളാദേശിൽ നിന്ന് ഇന്ത്യയിലെത്തിയ ആളാണെന്ന് കുടുംബാംഗങ്ങൾ വെളിപ്പെടുത്തി.
അസമിന് പിന്നാലെ, പശ്ചിമബംഗാളിൽ ദേശീയ പൗരത്വ രജിസ്റ്റർ പ്രസിദ്ധീകരിക്കണമെന്ന് ബി.ജെ.പി നേതൃത്വം നൽകുന്ന പ്രതിപക്ഷം ആവശ്യം ശക്തമാക്കുന്നതിനിടെയാണ് സംഭവവികാസം. സംസ്ഥാനത്ത് ബംഗ്ളാദേശ് പൗരൻമാർ വലിയ തോതിൽ കടന്നുകയറിയിട്ടുണ്ടെന്നും ഇവരെ കണ്ടെത്താൻ രജിസ്റ്റർ പ്രസിദ്ധീകരിക്കുന്നതിലൂടെ സാധിക്കുമെന്നും ചൂണ്ടിയാണ് ബി.ജെ.പി സമ്മർദ്ദം ശക്തമാക്കുന്നത്.
ബി.ജെ.പിയുടെ വിഭജന, വിദ്വേഷ രാഷ്ട്രീയത്തിന്റെ ഇരയാണ് പ്രദീപ് കാറെന്ന് മമത ബാനർജി സമൂഹമാധ്യമത്തിലെ കുറിപ്പിൽ ആരോപിച്ചു. പൗരത്വ രജിസ്റ്റർ ചൂണ്ടി വർഷങ്ങളായി ബി.ജെ.പി പൗരൻമാരെ തേജോവധം ചെയ്യുകയും നുണയും ഭീതിയും പ്രചരിപ്പിച്ച് വോട്ട് നേടുകയുമാണ്. ഭരണഘടന ജനാധിപത്യത്തെ അവർ കീറിമുറിച്ചു. ആളുകൾക്ക് സ്വന്തം നിലനിൽപ്പിൽ തന്നെ വിശ്വാസമില്ലാതാക്കി. ഡൽഹിയിലിരുന്ന് ജനാധിപത്യം പ്രസംഗിക്കുന്നവർ സാധാരണക്കാരെ നിരാശയിലേക്കും തള്ളിവിട്ടു. സ്വന്തം മണ്ണിൽ വിദേശിയാകുമെന്ന് ഭയന്ന് അവർ മരണമടയുന്നുവെന്നും മമത കുറിപ്പിൽ പറഞ്ഞു.
പശ്ചിമ ബംഗാളിൽ എൻ.ആർ.സി അനുവദിക്കില്ലെന്ന് മമത ആവർത്തിച്ചു. ‘വിദ്വേഷ പ്രചാരകർക്ക് ബംഗാളിന്റെ മണ്ണിൽ അവകാശമില്ല. ഡൽഹിയിലെ മേലാളൻമാർ കേൾക്കെ ഉറക്കെ പ്രഖ്യാപിക്കുകയാണ്, ബംഗാൾ ചെറുത്തുനിൽക്കും, ബംഗാൾ സംരക്ഷിക്കും, ബംഗാൾ തുടരും,’ മമത പറഞ്ഞു.
‘എസ്.ഐ.ആർ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രദീപ് അസ്വസ്ഥനായിരുന്നു. ആരോഗ്യ പ്രശ്നങ്ങളാണെന്നാണ് കുടുംബം കരുതിയത്. ഭക്ഷണത്തിന് ശേഷം മുറിയിലേക്ക് ഉറങ്ങാൻ പോയ പ്രദീപ് പിറ്റേദിവസം രാവിലെ വൈകിയും മുറി തുറക്കാതായതോടെ കുടുംബാംഗങ്ങൾ പരിശോധിക്കുകയായിരുന്നു. തുടർന്ന്, കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് നടത്തിയ പരിശോധനയിൽ പ്രദീപിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്,’ ബാരക്പൂർ പൊലീസ് കമീഷണർ മുരളീധർ ശർമ പറഞ്ഞു.


