അടിമുടി ദുരൂഹത; ബംഗാൾ എസ്.ഐ.ആർ: കമീഷന്റെയും ട്രൈബ്യൂണലുകളുടെയും നിർണായക നീക്കങ്ങൾ
text_fieldsന്യൂഡൽഹി: പശ്ചിമബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും എസ്.ഐ.ആർ അപ്പീൽ ട്രൈബ്യൂണലുകളും നടത്തിയ രണ്ട് നിർണായക നീക്കങ്ങളിൽ അടിമുടി ദുരൂഹത. നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെ തന്നെ അട്ടിമറിച്ചേക്കാവുന്ന ഈ നീക്കങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുതിർന്ന അഭിഭാഷകർ ചീഫ് ജസ്റ്റിസ് എ. സൂര്യകാന്ത് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് മുമ്പാകെ എത്തി. ഒരുഭാഗത്ത് എസ്.ഐ.ആർ അന്തിമ പട്ടിക ഇറക്കിയശേഷം സുപ്രീം കോടതി വിധി ലംഘിച്ച് കമീഷൻ ഏകപക്ഷീയമായി ഏഴ് ലക്ഷം പുതിയ വോട്ടുകൾ കൂട്ടിച്ചേർത്തപ്പോൾ മറുഭാഗത്ത് അന്യായമായി എസ്.ഐ.ആറിൽനിന്ന് നീക്കം ചെയ്യപ്പെട്ടവർക്ക് അപ്പീൽ നൽകാനുള്ള ട്രൈബ്യൂണലുകൾ വോട്ടെടുപ്പിന്റെ തൊട്ടുമുമ്പ് പ്രവർത്തനം നിർത്തിവെച്ച് പതിനായിരങ്ങൾക്ക് വോട്ട് ചെയ്യാനുള്ള അവസാന അവസരവും നഷ്ടപ്പെടുത്തുകയായിരുന്നു.
എസ്.ഐ.ആർ പ്രക്രിയ പൂർത്തിയാക്കിയശേഷം പുതുതായി ഏഴുലക്ഷത്തോളം വോട്ടർമാരെ ചേർത്തത് മുതിർന്ന അഭിഭാഷക മേനക ഗുരുസ്വാമിയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയും അടങ്ങുന്ന ബെഞ്ചിന് മുമ്പാകെ വാക്കാൽ ഉന്നയിച്ചത്.
സുപ്രീംകോടതിയുടെ ഏപ്രിൽ 13ലെ ഉത്തരവിന്റെ നഗ്നമായ ലംഘനമാണിതെന്നും പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവരുടെ അപ്പീൽ അപ്പലറ്റ് ട്രൈബ്യൂണൽ അനുവദിച്ചാൽ അവരെ മാത്രം പട്ടികയിൽ പുതുതായി ഉൾപ്പെടുത്താനാണ് സുപ്രീം കോടതി അനുമതി നൽകിയിരുന്നതെന്നും മേനക ഗുരുസ്വാമി ചൂണ്ടിക്കാട്ടി.
അതുപ്രകാരം ബംഗാളിൽ ഫോം 6 ഉപയോഗിച്ച് പുതിയ വോട്ടർമാരെ ചേർക്കാനാവില്ല. യോഗ്യതാ തീയതിക്ക് ശേഷം ഫോം 6 ഉപയോഗിച്ച് പട്ടികയിൽ ചേർക്കുന്ന പുതിയ വോട്ടർമാർക്ക് ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ വോട്ടവകാശം ഉണ്ടായിരിക്കില്ലെന്ന് ജസ്റ്റിസ് ബാഗ്ചി നേരത്തെ വാക്കാൽ പരാമർശിച്ചിട്ടുണ്ടെന്നും അവർ ഓർമിപ്പിച്ചു. അപ്പോഴാണ് ഹരജി ഫയൽ ചെയ്യാതെ വാക്കാലുള്ള പരാതി പരിഗണിക്കാനാകില്ലെന്ന് വ്യക്തമാക്കി ചീഫ് ജസ്റ്റിസ് ഇടപെടലിനുള്ള ആവശ്യം തള്ളിയത്.
ട്രൈബ്യൂണലുകൾ അടച്ചിട്ടതിൽ ചീഫ് ജസ്റ്റിസിനോട് റിപ്പോർട്ട് തേടി
ബംഗാളിൽ എസ്.ഐ.ആർ അന്തിമ പട്ടികക്കുശേഷം ട്രൈബ്യൂണലുകൾ അറിയാതെ വോട്ടുചേർക്കരുതെന്ന സുപ്രീംകോടതി വിധി ലംഘിച്ച് ഏഴുലക്ഷം വോട്ടുകൾ കൂട്ടിച്ചേർത്തത് രേഖാമൂലം ഹരജി നൽകാതെ പരിഗണിക്കില്ലെന്ന് പറഞ്ഞ് തള്ളിയ ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് അപ്പീലുകൾ സ്വീകരിക്കാതെ ട്രൈബ്യൂണലുകൾ അടച്ചിട്ട നടപടിയിൽ അടിയന്തരമായി റിപ്പോർട്ട് തേടി.
വോട്ടെടുപ്പിന്റെ തലേന്നാൾ വരെ ട്രൈബ്യൂണൽ അപ്പീൽ അനുവദിച്ചവർക്ക് വോട്ടുചെയ്യാമെന്ന സുപ്രീംകോടതി നിർദേശമിരിക്കേ ട്രൈബ്യൂണലുകൾ അടച്ചിട്ട് അപ്പീലുകൾ വരുന്നത് ഒഴിവാക്കി ഈ നിർദേശം ലംഘിച്ചുകൊണ്ടിരിക്കുകയാണെന്ന് മുതിർന്ന അഭിഭാഷകൻ ദേവദത്ത് കാമത്താണ് അറിയിച്ചത്. ഇത് കേട്ട് എസ്.ഐ.ആറുമായി ബന്ധപ്പെട്ട ഹരജികൾ ദിവസേന വരുന്നതിൽ ആദ്യം അതൃപ്തി പ്രകടിപ്പിച്ച ചീഫ് ജസ്റ്റിസ് കോടതി നിർദേശത്തിന്റെ ലംഘനമെന്ന നിലക്ക് അടിയന്തര ഇടപെടൽ വേണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടപ്പോൾ റിപ്പോർട്ട് തേടുകയായിരുന്നു.
ഓൺലൈനായി സമർപ്പിച്ച അപ്പീലുകൾ മാത്രമാണ് ട്രൈബ്യൂണലുകൾ നോക്കുന്നതെന്നും നേരിൽ വരുന്ന ഹരജിക്കാരെയും അഭിഭാഷകരെയും കയറ്റാതെ അവ ഒന്നടങ്കം അടച്ചിട്ടിരിക്കുകയാണെന്നും കാമത്ത് പറഞ്ഞു.
അതോടെ അപ്പീൽ ട്രൈബ്യൂണലുകളുടെ മേൽനോട്ട ചുമതലയുള്ള കൽക്കട്ട ഹൈകോടതി ചീഫ് ജസ്റ്റിസിനോട് ഇന്ന് (തിങ്കളാഴ്ച) തന്നെ റിപ്പോർട്ട് തേടുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.


