ബംഗളൂരു സ്ഫോടനക്കേസ്; വിചാരണ തടവുകാരൻ അബ്ദുൽ ഖാദർ ജയിലിൽ മരിച്ചു
text_fieldsബംഗളൂരു: കർണാടകയിലെ ബംഗളൂരു സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കേസിൽ പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന വിചാരണ തടവുകാരന്‍ നിര്യാതനായി. കുടക് സ്വദേശി അബ്ദുൽ ഖാദർ (64) ആണ് വെള്ളിയാഴ്ച ഉച്ചക്ക് ജയിലിൽ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടത്. പ്രമേഹ രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്നു കാലിലെ ചെറുവിരൽ മുറിച്ചു മാറ്റുകയും പ്രമേഹരോഗ അനുബന്ധമായ നിരവധി ചികിത്സകൾക്ക് ജയിലിനുള്ളിലെ ഹോസ്പിറ്റലിൽ ചികിത്സ തേടുകയും ചെയ്തിരുന്നു.
പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനി, തടിയന്‍റെ വിട നസിർ എന്നിവരടക്കം 32 പേരെ പ്രതി ചേർത്ത കേസിൽ 29 ആം പ്രതിയാണ് അബ്ദുൽ ഖാദർ. നിലവിലുള്ള പ്രതി പട്ടികയില്‍ ഏറ്റവും കുറഞ്ഞ ശിക്ഷ ലഭിക്കുമായിരുന്ന തടവുകാരനാണ് അബ്ദുൽ ഖാദർ. പ്രതികള്‍ക്ക് സംരക്ഷണം നല്‍കി എന്നതാണ് ഇദ്ദേഹത്തിന് എതിരെയുള്ള കേസ്. പരമാവധി ലഭിക്കാവുന്ന ശിക്ഷ മൂന്നു വര്‍ഷമാണ്. എന്നാൽ, വിചാരണത്തടവുകാരനായി 17 വർഷത്തോളം ബംഗളൂരുവിൽ ജയിലിൽ കഴിഞ്ഞാണ് നീതി പുലരാതെ അബ്ദുൽ ഖാദർ ജീവിതത്തിൽനിന്ന് മടങ്ങുന്നത്.
2008 ജൂലൈ 25 ന് ബംഗളൂരുവിൽ മഡിവാള, അഡുഗോഡി, കോറമംഗല, നായന്ദഹള്ളി, വിറ്റൽ മല്യ റോഡ്, ലാങ്‌ഫോർഡ് റോഡ്, റിച്ച്മണ്ട് സർക്കിൾ എന്നിവിടങ്ങളിലടക്കം ഒമ്പത് ബോംബ് സ്ഫോടനങ്ങൾ നടന്നതുമായി ബന്ധപ്പെട്ടതാണ് കേസ്. സ്ഫോടനത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും 20 ഓളം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ മടിവാള പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും അക്രമികള്‍ ടൈമർ ഉപകരണങ്ങൾ ഘടിപ്പിച്ച കുറഞ്ഞ തീവ്രതയുള്ള ക്രൂഡ് ബോംബുകൾ ആണ് സ്ഫോടനത്തിനായി ഉപയോഗിച്ചതെന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തു. തടിയന്‍റ വിട നസീറും സംഘവുമാണ് സ്ഫോടനം നടത്തിയതെന്ന നിഗമനത്തില്‍ 2009 ല്‍ നസീറടക്കം 11 പേരെ പ്രതിയാക്കി പ്രത്യേക അന്വേഷണ സംഘത്തിന് കീഴില്‍ അന്വേഷണം ആരംഭിച്ചു. തുടർന്നാണ് അബ്ദുൽ ഖാദർ അറസ്റ്റിലാവുന്നത്. നസീറും സംഘവും കുടകില്‍ ക്ലാസ് നടത്തുന്നതിനായി ഇഞ്ചി തോട്ടം വടകക്ക് എടുത്തിരുന്നു. സ്ഥലം വാടകക്ക് എടുക്കാന്‍ സഹായിച്ച ബ്രോക്കര്‍ ആയിരുന്നു അബ്ദുൽ ഖാദർ. ആദ്യം ഇദ്ദേഹത്തെ കേസിലെ മാപ്പുസാക്ഷിയായി കസ്റ്റഡിയില്‍ എടുത്തിരുന്നു. നിരവധി തവണ കോടതിയില്‍ ഹാജരായി മൊഴി കൊടുത്തിരുന്നു. പിന്നീട് മാസങ്ങള്‍ക്ക് ശേഷം പ്രതിയാക്കുകയായിരുന്നു.
17 വര്‍ഷത്തോളം പ്രമേഹത്തോടും വർധക്യ സംബന്ധമായ അസുഖങ്ങളോടും മല്ലിട്ട ശേഷമാണ് അന്ത്യം. ഇക്കാലയളവില്‍ ചെറിയ പരോളുകള്‍ ഒഴിച്ച് ജാമ്യമൊന്നും ലഭിച്ചിരുന്നില്ല. രണ്ട് തവണ മാത്രമാണ് അദ്ദേഹം പരോളിനിറങ്ങിയത്. ഒന്ന് മകളുടെ കളയണത്തിനും മറ്റൊന്ന് മാതാവിന്‍റെ മരണത്തോടനുബന്ധിച്ചും ആയിരുന്നു. കിഡ്നി, ഹൃദയം എന്നിവ തകരാറിലായപ്പോള്‍ ആറു തവണ ഹൈകോടതി, സെഷന്‍ കോടതി എന്നിവിടങ്ങളില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. പക്ഷേ അതെല്ലാം കോടതി തള്ളുകയായിരുന്നു. അവസാന കാലഘട്ടത്തില്‍ കോടതിയില്‍ ഹാജരാകാന്‍ കഴിയാത്തവിധം ആരോഗ്യ സ്ഥിതി വഷളായിരുന്നു. കോടതി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.


