വഖഫ് നിയമത്തിനെതിരായ ഭാരത് ബന്ദ് മാറ്റിവെച്ചു
text_fieldsന്യൂഡൽഹി: വഖഫ് നിയമത്തിനെതിരായ അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോർഡിന്‍റെ രണ്ടാംഘട്ട സമരത്തിന്‍റെ ഭാഗമായി ആഹ്വാനം ചെയ്ത ഒക്ടോബർ മൂന്നിലെ (വെള്ളിയാഴ്ച) ഭാരത് ബന്ദ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു. മുസ്ലിം വ്യക്തിനിയമ ബോർഡ് ജനറൽ സെക്രട്ടറി മൗലാന ഫസ്ലുർറഹീം മുജദ്ദിദി ആണ് ഇക്കാര്യം അറിയിച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും ജനറൽ സെക്രട്ടറി വ്യക്തമാക്കി.
വിവിധ സഹോദര മതവിഭാഗങ്ങളുടെ ആഘോഷങ്ങൾ കണക്കിലെടുത്താണ് അതിന് ഭംഗം വരരുതെന്ന് കരുതിയാണ് വെള്ളിയാഴ്ചത്തെ ഭാരത് ബന്ദ് മാറ്റിവെക്കുന്നതെന്ന് ജനറൽ സെക്രട്ടറി പറഞ്ഞു. അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് ഭാരവാഹികളുടെ അടിയന്തര യോഗമാണ് ബന്ദ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.
ബോർഡ് ചെയർമാൻ മൗലാന ഖാലിദ് സൈഫുല്ല റഹ്മാനി യോഗത്തിൽ അധ്യക്ഷത വഹിച്ചു. വിശദമായ ചർച്ചക്കു ശേഷം ബന്ദ് മാറ്റി വെക്കാൻ ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു എന്നും മുജദ്ദിദി പറഞ്ഞു.
അതേസമയം, വഖഫ് ഭേദഗതി നിയമത്തിനെതിരായ അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡിൻറെ പ്രക്ഷോഭങ്ങളും മറ്റു പരിപാടികളും മുൻകൂട്ടി നിശ്ചയിച്ച പ്രകാരം നടക്കുമെന്നും മുജദ്ദിദി വ്യക്തമാക്കി.


