യുവത്വം ഉവൈസിക്കൊപ്പം; മുതിർന്നവർ സഖ്യത്തിനൊപ്പം
text_fieldsരണ്ടാംഘട്ട വോട്ടെടുപ്പിൽ വാശിയേറിയ മത്സരം നടക്കുന്ന സീമാഞ്ചലിലെ കൊച്ചാദാമൻ മണ്ഡലത്തിലെ അനാർക്കലി സ്കൂളിൽ രാവിലെയെത്തുമ്പോൾ മൂന്ന് ബൂത്തുകളിലും നീണ്ട വരി. ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട വാർത്തകളൊന്നും ബിഹാറിലെ വോട്ടർമാരുടെ ആവേശത്തെ ബാധിച്ചിട്ടില്ല. ബൂത്തിൽ രാവിലെ ഏഴു മുതൽ തിരക്ക് തുടങ്ങിയിരുന്നു.
തണുപ്പ് വകവെക്കാതെ വോട്ടർമാരെ ബൂത്തിലെത്തിക്കാൻ ഓടിനടക്കുന്നവരിലേറെയും ചെറുപ്പക്കാരാണ്. അവരിൽ ഭൂരിഭാഗവും അസദുദ്ദീൻ ഉവൈസിയുടെ മജ്‍ലിസെ ഇത്തിഹാദുൽ മുസ്‍ലിമീന്റെ പട്ടം ചിഹ്നത്തിൽ വോട്ട് ചെയ്യിക്കുന്നവരും. മഹാസഖ്യത്തിൽ ആർ.ജെ.ഡിയുടെ റാന്തൽ ചിഹ്നത്തിനായി ബൂത്ത് കെട്ടിയിരിക്കുന്നതും വോട്ടർമാരെ എത്തിക്കുന്നതും മുതിർന്നവരാണ്.
അനാർക്കലിയിലെ ഭൂരിഭാഗം വോട്ടും പട്ടത്തിനായിരിക്കുമെന്ന് യുവാക്കൾ പരസ്യമായി പറയുമ്പോൾ മുതിർന്നവർ ഖണ്ഡിക്കുന്നുമില്ല. മത്സരം ആർ.ജെ.ഡിയുടെ മാസ്റ്റർ മുജാഹിദും എം.ഐ.എമ്മിന്റെ സർവർ ആലവും തമ്മിലാണെന്നും ബി.ജെ.പിയുടെ ബീനാ ദേവി മൂന്നാം സ്ഥാനത്താകുമെന്നുമാണ് അനാർക്കലി ബൂത്തിലെ വോട്ടർമാരുടെ വാദം. സ്കൂളിന് മുന്നിൽ ബി.ജെ.പി സ്ഥാനാർഥിക്കായി സ്ലിപ് കൊടുക്കാനാരുമില്ല.
ഇരു കൂട്ടർക്കുമായി ഒരേ വീട്ടിലെ വോട്ട്
ഇരു സമുദായങ്ങൾ സമാസമമുള്ള തൊട്ടടുത്ത പഞ്ചായത്തിലെ ബുആൽദ സ്കൂളിലെ ബൂത്തിലെത്തുമ്പോൾ ബി.ജെ.പി പ്രവർത്തകരാണ് അവിടെ സജീവം. പിന്നെ മഹാസഖ്യത്തിന്റെയും. എം.ഐ.എം പ്രവർത്തകർ ബൂത്തിട്ടിട്ടില്ല. ഇവിടെയും മുസ്‍ലിം വോട്ടുകൾ ആർ.ജെ.ഡിക്കും എം.ഐ.എമ്മിനുമിടയിൽ 50:50 ആയി വീതിക്കപ്പെടുമെന്ന് ഭാര്യക്കൊപ്പം വോട്ടു ചെയ്യാനെത്തിയ ഗുലാം ആലം പറഞ്ഞു.
ഓരോ വീട്ടിൽനിന്നും ഇരു പാർട്ടികൾക്കും വോട്ടു പോകും. ചെറുപ്പക്കാർ പട്ടത്തിനും മുതിർന്നവർ റാന്തലിനുമാണ് ചെയ്യുന്നത്. ഫലം ആർ.ജെ.ഡിക്കും എം.ഐ.എമ്മിനുമിടയിൽ പ്രവചനാതീതമാണെന്നും കൊച്ചാദാമിൽ ബി.ജെ.പി ഏതായാലും ജയിച്ചുകയറില്ലെന്നും ഗുലാം ആലം ഉറപ്പിച്ചുപറയുന്നു.
എസ്.ഐ.ആറിൽ വെട്ടിമാറ്റിയത് ബൂത്തിലെത്തി അറിഞ്ഞവർ
ബഡീജാൻ പ്രാഥമിക വിദ്യാലയത്തിലെ ബൂത്തിലും ഉവൈസിയുടെ അനുയായികൾ ആവേശത്തിലാണ്. മത്സരം സർവറും ബീനയും തമ്മിലാണെന്നും മുജാഹിദ് മൂന്നാം സ്ഥാനത്താകുമെന്നും അവർ അവകാശപ്പെടുന്നു. സ്ലിപ് മുറിച്ചു കൊടുക്കാൻ ആർ.ജെ.ഡിക്ക് ആരുമില്ല.
മണ്ഡലത്തിൽ ജനകീയനായ മുജാഹിദ് ആലമിന് അതിന്റെ ആവശ്യമില്ലെന്ന് പാർട്ടിക്കാർ. അവർക്ക് ആവേശം പകർന്ന് സർവർ ആലം രാവിലെതന്നെ ബൂത്ത് സന്ദർശനത്തിനുമെത്തി. അതിരാവിലെ തുടങ്ങിയെന്നും ഇതിനകം 10 ബൂത്തുകൾ കഴിഞ്ഞാണ് ഇവിടെ എത്തിയതെന്നും സർവർ ‘മാധ്യമ’ത്തോട് പറഞ്ഞു.
അതിനിടയിൽ വോട്ടു ചെയ്യാൻ വന്ന ആറ് വോട്ടർമാരുടെ പേര് വോട്ടർ പട്ടികയിൽ കാണുന്നില്ല. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും വോട്ടു ചെയ്ത ഇവരുടെ പേരുകൾ എസ്.ഐ.ആറിൽ വെട്ടിമാറ്റിയതാണ്. ഒന്നാം ഘട്ടത്തിലേത് പോലെ രണ്ടാം ഘട്ട വോട്ടെടുപ്പിൽ വോട്ട് ചെയ്യാൻ ബൂത്തിൽ വന്നപ്പോഴാണ് വെട്ടിമാറ്റിയ കാര്യം ഇവർ അറിയുന്നത്.


