ഛഠ് പൂജക്ക് പിന്നാലെ ബിഹാർ തെരഞ്ഞെടുപ്പ്
text_fieldsന്യൂഡൽഹി: പ്രത്യേക തീവ്ര പരിഷ്കരണത്തിലൂടെ (എസ്.ഐ.ആർ) വോട്ടർ പട്ടികയിൽനിന്ന് 68.66 ലക്ഷം പേരെ വെട്ടിമാറ്റുകയും 21.53 ലക്ഷം പേരെ കൂട്ടിച്ചേർക്കുകയും ചെയ്തതിലെ പ്രശ്നങ്ങൾ പരിഹരിക്കാതെ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിലേക്ക്. ദീപാവലിക്ക് ശേഷമുള്ള ’ഛഠ് പൂജ’ക്ക് തൊട്ടുപിന്നാലെ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ വാർത്തകുറിപ്പിൽ അറിയിച്ചു.
അതേസമയം എസ്.ഐ.ആർ വിജയകരമായി പൂർത്തിയാക്കിയെന്നും രാഷ്ട്രീയ പാർട്ടികൾ അതിന് തങ്ങളെ അഭിനന്ദിച്ചുവെന്നും അവകാശപ്പെട്ട് എസ്.ഐ.ആർ സംബന്ധിച്ച് പ്രതിപക്ഷ കക്ഷികൾ ഉന്നയിച്ച പ്രശ്നങ്ങൾ അവഗണിച്ച് വോട്ടെടുപ്പുമായി മുന്നോട്ടുപോകുമെന്ന സൂചനയും നൽകി. ഈ മാസം 25നും 28നുമിടയിലാണ് ബിഹാറിലെ മുഖ്യ ആഘോഷമായ ഛഠ് പൂജ. സംസ്ഥാനത്തിന് പുറത്തേക്കുപോയ കുടിയേറ്റ തൊഴിലാളികൾ കൂട്ടത്തോടെ ഛഠ് പൂജക്ക് ബിഹാറിലേക്ക് വരുമെന്നും അതിന് തൊട്ടുപിന്നാലെ തെരഞ്ഞെടുപ്പ് നടത്തിയാൽ കൂടുതൽ വോട്ടർമാരുടെ പ്രാതിനിധ്യം ഉറപ്പുവരുത്താനാകുമെന്നുമാണ് പാർട്ടികൾ കമീഷനെ അറിയിച്ചത്.
ഛഠ് പൂജക്ക് തൊട്ടുപിന്നാലെ തെരഞ്ഞെടുപ്പ് നടത്തണമെങ്കിൽ ഈമാസം രണ്ടാം വാരമെങ്കിലും കമീഷൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടിവരും. ഈ മാസം ഒമ്പതിന് ബിഹാറിലെത്തുന്ന പ്രധാനമന്ത്രി വിവിധ പദ്ധതികൾ പ്രഖ്യാപിച്ച ശേഷമായിരിക്കും തെരഞ്ഞെടുപ്പ് പ്രഖ്യാപനം. നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ ബിഹാറിലെത്തിയ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ, കമീഷണർമാരായ സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവർ ശനിയാഴ്ച രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് വാർത്തക്കുറിപ്പ് പുറത്തിറക്കിയത്.
കോൺഗ്രസ്, ആർ.ജെ.ഡി, സി.പി.ഐ (എം.എൽ) തുടങ്ങിയ പാർട്ടികൾ എസ്.ഐ.ആറുമായി ബന്ധപ്പെട്ട് ഉന്നയിച്ചതൊന്നും പരാമർശിക്കാത്ത വാർത്തക്കുറിപ്പിൽ പാർട്ടികൾ ഉന്നയിച്ച മറ്റു വിഷയങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആം ആദ്മി പാർട്ടി, ബി.ജെ.പി, ബി.എസ്.പി, സി.പി.എം, കോൺഗ്രസ്, നാഷനൽ പീപ്പിൾസ് പാർട്ടി, സി.പി.ഐ (എം.എൽ), ജനതാദൾ യുനൈറ്റഡ്, ലോക്ജൻശക്തി പാർട്ടി (രാം വിലാസ്), ആർ.ജെ.ഡി, രാഷ്ട്രീയ ലോക്ജൻശക്തി പാർട്ടി എന്നീ പാർട്ടികളുടെ പ്രതിനിധികളുമായി ആശയം വിനിമയം നടത്തിയെന്ന് കമീഷൻ വ്യക്തമാക്കി.


