ബിഹാർ തെരഞ്ഞെടുപ്പ്: തോൽവിയുടെ ഉത്തരവാദി കമീഷനെന്ന് കോൺഗ്രസ്
text_fieldsരാഹുൽ ഗാന്ധി
ന്യൂഡൽഹി: ബിഹാറിലെ ദയനീയ പരാജയത്തിന്റെ ഉത്തരവാദി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവർ പങ്കെടുത്ത യോഗം വിലയിരുത്തി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ട്രഷറർ അജയ് മാക്കൻ, ബിഹാറിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കൃഷ്ണ അല്ലാവുരു എന്നിവരും അവലോകനയോഗത്തിൽ പങ്കെടുത്തു.
61 സീറ്റുകളിൽ മത്സരിച്ച പാർട്ടി ആറ് സീറ്റുകളിൽ മാത്രമാണ് ജയിച്ചത്. 2010ൽ നാല് സീറ്റ് മാത്രം കിട്ടിയ ശേഷമുള്ള ഏറ്റവും കനത്തപരാജയമാണിത്. എൻ.ഡി.എ തൂത്തുവാരിയ തെരഞ്ഞെടുപ്പ് ഫലം അവിശ്വസനീയമാണെന്ന നിലപാട് യോഗശേഷം കെ.സി. വേണുഗേപാലും അജയ് മാക്കനും ആവർത്തിച്ചു. അതേസമയം, യോഗശേഷം രാഹുലും ഖാർഗെയും മാധ്യമങ്ങളെ കണ്ടില്ല.
പരാജയത്തിന്റെ ഉത്തരവാദിത്തം കെ.സി. വേണുഗോപാൽ കമീഷന് മേൽ ചാർത്തി. തെരഞ്ഞെടുപ്പ് പ്രക്രിയ ചോദ്യം ചെയ്യപ്പെടുന്ന തരത്തിൽ സുതാര്യതയില്ലാത്തതായിരുന്നുവെന്ന് വേണുഗോപാൽ പറഞ്ഞു. ഏതാനും ആഴ്ചകൾക്കുള്ളിൽ ഇതിന്റെ പൂർണ തെളിവുകളുമായി വരുമെന്നും വേണുഗേപാൽ കൂട്ടിച്ചേർത്തു. ബിഹാറിലെ തെരഞ്ഞെടുപ്പ് ഫലം തങ്ങൾക്കെല്ലാം അവിശ്വസനീയമാണ്. കോൺഗ്രസ് മാത്രമല്ല, സഖ്യകക്ഷികളും ബിഹാറിലെ ജനം മൊത്തമായും ഇതു വിശ്വസിക്കുന്നില്ല.
മത്സരിച്ച 90 ശതമാനം സീറ്റുകളും ഒരു പാർട്ടി ജയിക്കുകയെന്നത് ഇന്ത്യയുടെ ചരിത്രത്തിലില്ലാത്തതാണ്. അതിനെക്കുറിച്ച് കൃത്യമായ അവലോകനം നടത്തുമെന്നും അതിനായി ബിഹാറിൽനിന്ന് ഡേറ്റ ശേഖരിക്കുകയാണെന്നും വേണുഗോപാൽ പറഞ്ഞു. പാർട്ടി നേതാക്കൾ തെരഞ്ഞെടുപ്പ് വേളയിൽതന്നെ ഈ വിഷയമുന്നയിച്ചതാണ്. ഹരിയാന തെരഞ്ഞെടുപ്പും അട്ടിമറിച്ചതാണെന്നും തെരഞ്ഞെടുപ്പ് കമീഷന്റെ പങ്കിനെക്കുറിച്ച് പാർട്ടി പറയുന്നതാണെന്നും വേണുഗോപാൽ പറഞ്ഞു.
ബിഹാറിലെ കോൺഗ്രസിനകത്ത് സ്ഥാനാർഥി നിർണയവും സീറ്റു വിൽപനയും ആയി ബന്ധപ്പെട്ടുയർന്ന തർക്കങ്ങൾ ചർച്ച ചെയ്തിട്ടില്ല. സീറ്റ് വിൽപന വിവാദം പൊലീസ് കേസിൽ പോലും എത്തി നിൽക്കുകയാണ്. സീറ്റ് വാഗ്ദാനം ചെയ്ത് പണം വാങ്ങിയെന്നാരോപിച്ചാണ് കേസ്.
കോൺഗ്രസിന് കമീഷന്റെ മറുപടി
ബിഹാറിൽ പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്‍കരണത്തെതുടർന്ന് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചശേഷം മൂന്ന് ലക്ഷം വോട്ടർമാരെ ചേർത്തിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ സമയക്രമം പ്രഖ്യാപിക്കുമ്പോൾ ആകെ വോട്ടർമാർ 7.42 കോടിയെന്നാണ് കമീഷൻ അറിയിച്ചതെങ്കിലും പിന്നീടത് 7.45 കോടിയായി ഉയർന്നത് കോൺഗ്രസ് ഉന്നയിച്ചതിനോടുള്ള പ്രതികരണം എന്ന നിലക്കാണ് കമീഷൻ വിശദീകരണവുമായി രംഗത്തുവന്നത്.
സി.പി.ഐ (എം.എൽ) നേതാവ് ദീപാങ്കർ ഭട്ടാചാര്യയാണ് ഇക്കാര്യം ആദ്യമുന്നയിച്ചിരുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതിക്ക് പത്ത് ദിവസം മുമ്പുവരെ യോഗ്യരായ പൗരന്മാർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ സമർപ്പിക്കാമെന്ന് ചട്ടങ്ങൾ ഉദ്ധരിച്ച് കമീഷൻ വ്യക്തമാക്കി.


