‘ബിഹാർ വോട്ടർപട്ടികയിൽ വിദേശികളടക്കമുണ്ടായിരുന്നു, പാർട്ടികൾക്ക് കണക്കുകൾ കൈമാറിയിട്ടുണ്ട്,’ ഇനി ഇതരസംസ്ഥാനങ്ങളിലും ശുദ്ധീകരണമെന്ന് ഗ്യാനേഷ് കുമാർ
text_fieldsബിഹാർ വോട്ടർപട്ടികയിൽ വിദേശികളടക്കമുണ്ടായിരുന്നു, പാർട്ടികൾക്ക് കണക്കുകൾ കൈമാറിയിട്ടുണ്ട്, ഇനി ഇതരസംസ്ഥാനങ്ങളിലും ശുദ്ധീകരണമെന്ന് ഗ്യാനേഷ് കുമാർ
ന്യൂഡൽഹി: ബിഹാർ വോട്ടർപട്ടികയിൽ വിദേശികളും ഉൾപ്പെട്ടിരുന്നുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (സി.ഇ.സി) ഗ്യാനേഷ് കുമാർ. പട്ടികയിൽ നിന്ന് എത്ര വിദേശികളെ നീക്കിയെന്നടക്കം വിശദാംശങ്ങൾ വ്യക്തമാക്കാതെ ‘അത് ശുദ്ധീകരിച്ചു’ എന്നായിരുന്നു തെരഞ്ഞെടുപ്പ് കമീഷണറുടെ വാക്കുകൾ.
‘നീക്കം ചെയ്തവരുടെ പട്ടികയിൽ മരിച്ച വോട്ടർമാർ, വിദേശികൾ, സ്ഥിരമായി സ്ഥലം മാറി പോയവർ എന്നിങ്ങനെ ഉൾപ്പെടുന്നു. 3.66 ലക്ഷം പേരുടെ പട്ടിക, ജില്ലാ കളക്ടർമാർ അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ ജില്ല പ്രസിഡന്റുമാരുമായി ഇത് പങ്കിട്ടിട്ടുണ്ട്. സ്ഥാനാർത്ഥികൾ നാമനിർദ്ദേശം സമർപ്പിക്കുന്ന തീയതിക്ക് 10 ദിവസം മുമ്പ് വരെ എതിർപ്പുകളുണ്ടെങ്കിൽ ഉന്നയിക്കാം,’ ഗ്യാനേഷ് കുമാർ പറഞ്ഞു.
ബീഹാറിൽ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ അവലോകനം ചെയ്ത ശേഷം നടത്തിയ വാർത്തസമ്മേളനത്തിലായിരുന്നു പരാമർശം. രാജ്യത്തിന്റെ ഇതര ഭാഗങ്ങളിൽ വോട്ടർപട്ടികകളിലെ നിർദ്ദിഷ്ട പ്രത്യേക തീവ്ര പരിഷ്കരണം (എസ്.ഐ.ആർ) നടപ്പാക്കുന്ന സമയത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ ആധാർ രേഖയായി സ്വീകരിക്കുന്നത് തുടരും. എങ്കിലും, വോട്ടർമാർ രണ്ടാമത് ഒരു തിരിച്ചറിയൽ രേഖ കൂടി സമർപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ബീഹാറിലെ എസ്.ഐ.ആർ നടപടിക്രമങ്ങൾ ചട്ടപ്രകാരമുള്ള നടപടിയാണെന്ന് ഗ്യാനേഷ് കുമാർ പറഞ്ഞു. ഓരോ തെരഞ്ഞെടുപ്പിനും മുമ്പായി പട്ടികകൾ ഇത്തരത്തിൽ കുറ്റമറ്റതാക്കാൻ നിയമങ്ങൾ അനുശാസിക്കുന്നുണ്ട്. എസ്.ഐ.ആർ വിജയകരമായി പൂർത്തിയാക്കിയതോടെ, ബീഹാറിലെ വോട്ടർ പട്ടിക ശുദ്ധീകരിക്കപ്പെട്ടു. 22 വർഷത്തെ ഇടവേളക്ക് ശേഷമാണ് ഇത്തരമൊരു ശുദ്ധീകരണം നടന്നത്. ഇനി രാജ്യമെമ്പാടും ഈ പ്രക്രിയ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വോട്ടർ പട്ടിക പരിഷ്‍കരണത്തിൽ ആധാർ കാർഡ് 12 -ാമത്തെ രേഖയായി സ്വീകരിക്കാൻ സുപ്രീം കോടതി നിർദേശമുണ്ട്. എന്നാൽ, ആധാർ പൗരത്വത്തിന്റെയോ ജനനത്തീയതിയുടെയോ വിലാസത്തിന്റെയോ തെളിവല്ലെന്ന് സുപ്രീംകോടതിയുടെ തന്നെ വിധിയുണ്ട്. ആധാർ നിയമവും അത് വ്യക്തമാക്കുന്നുണ്ട്. ആധാർ ഒരാളുടെ തിരിച്ചറിയൽ രേഖയായി സ്വീകരിക്കുന്നത് തുടരും. എങ്കിലും വോട്ടറാവാൻ മറ്റൊരു തിരിച്ചറിയൽ രേഖ കൂടി ഹാജരാക്കേണ്ടി വരുമെന്നും ഗ്യാനേഷ് കുമാർ പറഞ്ഞു.
പുതിയ നടപടികളുടെ ഭാഗമായി, എല്ലാ ബൂത്തുകളിൽ നിന്നും വെബ്കാസ്റ്റിംഗ് ആരംഭിക്കുമെന്ന് കുമാർ പറഞ്ഞു. മുമ്പ്, 50-60 ശതമാനം ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സൗകര്യം ഒരുക്കിയിരുന്നു. ഇതിനായി, ഒരു പോളിംഗ് ബൂത്തിൽ 1,200 വോട്ടർമാരുടെ പരിധിയും നിശ്ചയിച്ചിട്ടുണ്ട്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങൾക്കും ഇത് ഇനിമുതൽ ബാധകമാകും. രണ്ട് റൗണ്ട് ഇ.വി.എം വോട്ടുകൾ അവസാനിക്കുന്നതിന് മുമ്പ് പോസ്റ്റൽ ബാലറ്റുകൾ പൂർണ്ണമായും എണ്ണുമെന്നുമ സി.ഇ.സി പറഞ്ഞു.