ബിഹാർ എസ്.ഐ.ആർ; ആശയക്കുഴപ്പം നീക്കണമെന്ന് സുപ്രീംകോടതി
text_fieldsസുപ്രീംകോടതി
ന്യൂഡൽഹി: ബിഹാർ വോട്ടർപട്ടിക പ്രത്യേക തീവ്ര പരിഷ്കരണത്തിനിടെ (എസ്.ഐ.ആർ) പുതുതായി വെട്ടിമാറ്റിയ 3.66 ലക്ഷം പേരുടെ കാര്യത്തിൽ ആശയക്കുഴപ്പമുള്ളതിനാൽ പരിഹരിക്കണമെന്ന് സുപ്രീംകോടതി ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി. എസ്.ഐ.ആർ കേസിൽ ജസ്റ്റിസ് സൂര്യകാന്തിൽനിന്ന് വ്യത്യസ്തമായ നിലപാടാണ് ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി പ്രകടിപ്പിച്ചത്. തുറന്ന ജനാധിപത്യ പ്രക്രിയയിൽ വിവരങ്ങൾ ലഭ്യമാക്കണമെന്നും സുതാര്യത കാണിക്കണമെന്നും ജസ്റ്റിസ് ബാഗ്ചി ചൂണ്ടിക്കാട്ടി. കരട് പട്ടികയിൽ 65 ലക്ഷം പേരുകളാണ് വെട്ടിമാറ്റിയിരുന്നത്. ശേഷം പുതുതായി വോട്ടുകൾ കൂട്ടിച്ചേർത്തിട്ടുമുണ്ട്.
അന്തിമ വോട്ടർപട്ടികയിൽ പുതുതായി ചേർത്ത വോട്ടർമാരിൽ നേരത്തേ കരട് പട്ടികയിൽനിന്ന് പുറന്തള്ളിയ 65 ലക്ഷം വോട്ടർമാരിൽപ്പെട്ടവർ ഉണ്ടോ എന്ന ആശയക്കുഴപ്പമുണ്ട്. എസ്.ഐ.ആർ തെരഞ്ഞെടുപ്പ് പ്രക്രിയയെ സഹായിക്കാനായതിനാൽ ജനങ്ങളുടെ ആത്മവിശ്വാസം കാത്തുസൂക്ഷിക്കണമെന്ന് ബാഗ്ചി തുടർന്നു. പേരു വെട്ടിമാറ്റപ്പെട്ട ഒരാൾ പോലും പരാതിപ്പെട്ടിട്ടില്ലെന്നും ഡൽഹിയിലുള്ള എൻ.ജി.ഒകൾക്കാണ് പ്രശ്നങ്ങളെന്നും തെരഞ്ഞെടുപ്പ് കമീഷൻ പറഞ്ഞപ്പോൾ ഇടപെട്ട ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി സുപ്രീംകോടതിയിൽ വരുന്നത് ആരായാലും സുതാര്യതക്കുള്ള അവകാശങ്ങൾ തങ്ങൾ തുറന്നുവെക്കുന്നുവെന്ന് ഖണ്ഡിച്ചു.
വോട്ടർപട്ടികയിൽനിന്ന് വെട്ടിമാറ്റപ്പെട്ട വിദേശികൾ പുറത്തു വരില്ലെന്ന് ബെഞ്ചിന് നേതൃത്വം നൽകുന്ന ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞിരുന്നു. 68.66 ലക്ഷം പേരെ വോട്ടർപട്ടികയിൽനിന്ന് നീക്കിയിട്ടും അവർ കോടതിയിൽ വരാത്തതെന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. എസ്.ഐ.ആറിനെതിരെ നിയമ പോരാട്ടമെല്ലാം ഹരജിക്കാർ നടത്തുന്നത് ആർക്കുവേണ്ടിയാണെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞിരുന്നു.
സെപ്റ്റംബർ 15ന് നടന്ന വാദം കേൾക്കലിൽ ഭരണഘടന സ്ഥാപനമായ തെരഞ്ഞെടുപ്പ് കമീഷൻ അതിന്റെ ഉത്തരവാദിത്തം നിർവഹിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച സുപ്രീംകോടതി, നിയമവിരുദ്ധമായി വല്ലതും കണ്ടാൽ പ്രക്രിയതന്നെ റദ്ദാക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ, അന്തിമ വോട്ടർപട്ടികയിൽ 68.6 ലക്ഷം പേരെ ചട്ടവിരുദ്ധമായും നിയമവിരുദ്ധമായും പുറത്താക്കിയെന്ന് പ്രശാന്ത് ഭൂഷൺ ചൊവ്വാഴ്ച ബോധിപ്പിച്ചപ്പോൾ കമീഷൻ പറയുന്നതുപോലെ അവർക്ക് അപ്പീലിനു പോകാമല്ലോ എന്നായിരുന്നു ജസ്റ്റിസ് സൂര്യകാന്തിന്റെ മറുപടി. ഒക്ടോബർ ഒമ്പതിന് ഉച്ചക്ക് ശേഷം മൂന്നര മുതൽ നാലു വരെ കേസ് വീണ്ടും കേൾക്കും.


