ബിഹാർ വോട്ടർപട്ടിക: അപ്പീൽ നൽകാൻ സൗജന്യ നിയമസഹായം നൽകണമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ബിഹാർ വോട്ടർപട്ടിക പ്രത്യേക തീവ്ര പരിഷ്കരണ(എസ്.ഐ.ആർ)ത്തിന്റെ അന്തിമ പട്ടികയിൽ നിന്ന് 68.66 ലക്ഷം വോട്ടർമാർ പുറത്തായ സാഹചര്യത്തിൽ അപ്പീൽ നൽകാൻ സൗജന്യ നിയമസഹായം നൽകണമെന്ന് സുപ്രീംകോടതി.
ജില്ല ഇലക്ടറൽ ഓഫിസർക്കും സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്കും മുമ്പാകെ അപ്പീൽ നൽകാൻ പട്ടികയിൽ നിന്ന് പുറത്തായവർക്ക് പാരാ ലീഗൽ വളന്റിയർമാരെയും നിയമസഹായത്തിനുള്ള അഭിഭാഷകരെയും ലഭ്യമാക്കണമെന്നും ജസ്റ്റിസുമാരായ എ. സുര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങുന്ന ബെഞ്ച് ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. ബിഹാർ നിയമസഹായ അതോറിറ്റി ചെയർപേഴ്സൻ ജില്ല നിയമ സഹായ അതോറിറ്റി സെക്രട്ടറിമാർക്കും വ്യാഴാഴ്ച തന്നെ ഇത് സംബന്ധിച്ച നിർദേശം നൽകണമെന്നും ഉത്തരവിലുണ്ട്.
വോട്ടർ പട്ടികയിൽ നിന്ന് പുറത്തായവർക്ക് അപ്പീൽ നൽകാൻ സമയക്കുറവുള്ളതുകൊണ്ടാണ് ഇത്തരമൊരു നിർദേശം നൽകുന്നതെന്ന് ബെഞ്ച് തുടർന്നു. ഓരോ ഗ്രാമത്തിലെയും പാരാ ലീഗൽ വളന്റിയർമാരുടെ വിശദാംശങ്ങളും മൊബൈൽ നമ്പറുകളും ജില്ല നിയമ സഹായ അതോറിറ്റി സെക്രട്ടറിമാർ പ്രസിദ്ധീകരിക്കണം. അപ്പീലുമായി ബൂത്ത് തല ഓഫിസർമാരെ അവർ ബന്ധപ്പെടണം. വോട്ടർപട്ടികയിൽ നിന്ന് പുറന്തള്ളപ്പെട്ടവരുടെ വിവരങ്ങൾ പാരാ ലീഗൽ വളന്റിയർമാർ ബി.എൽ.ഒമാരിൽ നിന്ന് ശേഖരിക്കണം. തുടർന്ന് പുറത്താക്കിയ വോട്ടർമാരെ കണ്ട് അപ്പീൽ നൽകാൻ നിയമപരമായ അവകാശമുണ്ടെന്ന് ബോധ്യപ്പെടുത്തുകയും സൗജന്യമായി അപ്പീൽ സമർപ്പിക്കുകയും അഭിഭാഷക സേവനം നൽകുകയും ചെയ്യണം. കരട് പട്ടികയിലില്ലാത്തവർക്കും പാരാ ലീഗൽ വളന്റിയമാരെ പ്രയോജനപ്പെടുത്താമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഹരജിക്കാരായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റൈറ്റ്സ് കരട് പട്ടികയിലുണ്ടായിട്ടും വെട്ടിമാറ്റിയെന്നു പറഞ്ഞ ആൾ കരട് പട്ടികയിൽ തന്നെയില്ലെന്നും കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കും മുമ്പ് ഇത് പരിശോധിക്കണമായിരുന്നുവെന്നും തെരഞ്ഞെടുപ്പ് കമീഷനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദി വാദിച്ചു. ഇതേ തുടർന്ന് ഇക്കാര്യം പരിശോധിക്കാതെ സത്യവാങ്മൂലം സമർപ്പിച്ചതിൽ കോടതിക്കുള്ള അതൃപ്തി ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി പ്രകടിപ്പിച്ചു. ഇതാണ് അനുഭവമെങ്കിൽ സത്യവാങ്മൂലത്തിലെ മറ്റു വിവരങ്ങളെങ്ങനെ ആധികാരികമാകുമെന്ന് ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി ചോദിച്ചു. എന്തുകൊണ്ടാണ് പട്ടികയിൽ നിന്ന് പുറത്തായവർക്ക് കോടതിയെ നേരിട്ട് സമീപിച്ചാലെന്ന് ചോദിച്ച ജസ്റ്റിസ് സൂര്യകാന്ത് കോടതിക്ക് ഇക്കാര്യത്തിൽ സൗജന്യ നിയമ സഹായം നൽകാവുന്നതാണെന്നും കുട്ടിച്ചേർത്തു.