പുണ്യസ്ഥലത്ത് മാംസാഹാരം കഴിച്ചെന്ന്: നവാസ് കനി എം.പിയെ വിവാദത്തിലാക്കി ബി.ജെ.പി
text_fieldsചെന്നൈ: മധുരയിലെ മുരുക ക്ഷേത്രം സ്ഥിതിചെയ്യുന്ന തിരുപ്പറകുണ്ഡ്രം കുന്നിൽ മുസ്ലിംലീഗ് തമിഴ്നാട് വൈസ് പ്രസിഡന്റും രാമനാഥപുരം എം.പിയുമായ നവാസ് കനിയും അനുയായികളും മാംസ ഭക്ഷണമായ ബിരിയാണി കഴിച്ച് ഹൈന്ദവ വികാരത്തെ വ്രണപ്പെടുത്തിയതായി ആരോപിച്ച് ബി.ജെ.പി തമിഴ്നാട് അധ്യക്ഷൻ കെ.അണ്ണാമലൈ രംഗത്ത്. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും അണ്ണാമലൈ പുറത്തുവിട്ടു. നവാസ് കനി എം.പി സ്ഥാനം രാജിവെക്കണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു.
എന്നാൽ, വസ്തുതക്ക് നിരക്കാത്ത ആരോപണങ്ങളാണ് ബി.ജെ.പി നേതാക്കളായ അണ്ണാമലൈയും എച്ച്.രാജയും ഉന്നയിക്കുന്നതെന്ന് തമിഴ്നാട് വഖഫ് ബോർഡ് ചെയർമാൻ കൂടിയായ നവാസ് കനി മധുരയിൽ മാധ്യമങ്ങളോട് പറഞ്ഞു.
തിരുപ്പറംകുണ്ഡ്രം മുരുകൻ ക്ഷേത്രം സ്ഥിതി ചെയ്യുന്ന കുന്നിന്റെ അടിവാരത്തുള്ള സിക്കന്ദർ ബാദുഷ ദർഗ സന്ദർശിച്ചതിനെയാണ് ബി.ജെ.പി വിവാദമാക്കിയതെന്ന് നവാസ് കനി കൂട്ടിച്ചേർത്തു. വഖഫ് ബോർഡിന്റെ കീഴിലുള്ള ദർഗയിൽ ആട്, കോഴി തുടങ്ങിയവ ബലിയർപ്പിച്ച് ഭക്ഷണം പാകം ചെയ്യുന്നത് മധുര പൊലീസ് ഈയിടെ വിലക്കേർപ്പെടുത്തിയിരുന്നു.
ഇതേക്കുറിച്ച് അന്വേഷിക്കുന്നതിന് വഖഫ് ബോർഡ് ചെയർമാൻ എന്ന നിലയിൽ മധുര സിറ്റി പൊലീസ് കമീഷണറെ സന്ദർശിച്ച്, ദർഗയിൽ പരമ്പരാഗതമായി നടക്കുന്ന അനുഷ്ഠാനമാണെന്നും നടപടി പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. ഇതേ തുടർന്ന് റവന്യൂ- പൊലീസ് ഉദ്യോഗസ്ഥ സംഘം തെളിവെടുപ്പ് നടത്തി. ഇതുസംബന്ധിച്ച് സ്ഥിതിഗതികൾ വിലയിരുത്തി വഖഫ്ബോർഡ് റിപ്പോർട്ട് തയാറാക്കി തമിഴ്നാട് സർക്കാറിന് സമർപ്പിക്കുകയായിരുന്നു തങ്ങളുടെ സന്ദർശനോദ്ദേശ്യം.
അതേസമയം പാകംചെയ്ത ഭക്ഷണം എത്തിച്ച് വിതരണം ചെയ്യുന്നതിന് തടസ്സമില്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ചാണ് ബിരിയാണി ദർഗയിലേക്ക് കൊണ്ടുപോയി വിതരണം ചെയ്തത്. ദർഗയുടെ അധീനതയിലുള്ള ഇടങ്ങളിലാണ് പലരും ബിരിയാണി കഴിച്ചത്. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
താൻ ക്ഷേത്രം സ്ഥിതി ചെയ്യുന്ന തിരുപ്പറംകുണ്ഡ്രം കുന്നിന് മുകളിൽ കയറി ഭക്ഷണം കഴിച്ചതായി തെളിയിച്ചില്ലെങ്കിൽ അണ്ണാമലൈ ബി.ജെ.പി സംസ്ഥാന അധ്യക്ഷ പദവി രാജിവെക്കുമോയെന്നും നവാസ് കനി വെല്ലുവിളിച്ചു.