Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ആറ് പതിറ്റാണ്ടിന്റെ...

'ആറ് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുണ്ടായിട്ടും തന്റെ അഭിപ്രായം തേടുന്നില്ല'; ബി.ജെ.പി നേതൃത്വത്തിന്റെ അവഗണനയിൽ നിരാശ പരസ്യമാക്കി അമരീന്ദർ സിങ്

text_fields
bookmark_border
ആറ് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുണ്ടായിട്ടും തന്റെ അഭിപ്രായം തേടുന്നില്ല; ബി.ജെ.പി നേതൃത്വത്തിന്റെ അവഗണനയിൽ നിരാശ പരസ്യമാക്കി അമരീന്ദർ സിങ്
cancel

ചണ്ഡീഗഢ്: രണ്ട് തവണ പഞ്ചാബ് മുഖ്യമന്ത്രിയായും ആറ് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുണ്ടായിട്ടും ബി.ജെ.പി നേതൃത്വം തന്നെ അവഗണിക്കുന്നതിൽ നിരാശ പരസ്യപ്പെടുത്തി മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്. സംസ്ഥാനത്തിന്റെ ചുമതലയുള്ള ബി.ജെ.പി ഭാരവാഹികൾക്ക് സംസ്ഥാന രാഷ്ട്രീയത്തിൽ ഒരു വർഷം പോലും പരിചയമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് നിർണായകമായ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ ഈ പരാമർശങ്ങൾ വന്നിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ വിജയം നേടാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.

'ആജ് തക്കിന്' നൽകിയ അഭിമുഖത്തിലാണ് കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ അമരീന്ദർ ബി.ജെ.പി നേതൃത്വത്തിൽ നിന്ന് നേരിടുന്ന അവഗണനയിൽ അതൃപ്തി തുറന്നുപറഞ്ഞത്. സംസ്ഥാനത്തിന്റെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ചില ബി.ജെ.പി ഭാരവാഹികൾക്ക് സംസ്ഥാന രാഷ്ട്രീയത്തിൽ ഒരു വർഷം പോലും തികഞ്ഞിട്ടില്ല. എന്നിട്ടും, പഞ്ചാബിനെയും അതിന്റെ കാര്യങ്ങളെയും കുറിച്ച് ഏകദേശം 60 വർഷത്തെ അനുഭവസമ്പത്തുള്ള തന്നോട് പാർട്ടി അഭിപ്രായം ചോദിക്കാൻ പോലും തയ്യാറാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

"ഞാനും എന്റെ സഹപ്രവർത്തകരും പഞ്ചാബിന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അറുപത് വർഷം ചെലവഴിച്ചിട്ടുണ്ട്. പല പ്രതിസന്ധികളിലൂടെയും പഞ്ചാബ് കടന്നുപോകുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്. ഞങ്ങൾ ചില കാര്യങ്ങൾ ചെയ്തിട്ടുമുണ്ട്. ഞങ്ങളുടെ അനുഭവസമ്പത്തിൽ നിന്നുള്ള അഭിപ്രായങ്ങൾ ബി.ജെ.പി തേടുകയും വിലമതിക്കുകയും ചെയ്യുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്"- സിങ് പറഞ്ഞു. 2021-ൽ കോൺഗ്രസ് വിട്ട അമരീന്ദർ സ്വന്തമായി പാർട്ടി രൂപീകരിച്ച് 2022-ൽ ബി.ജെ.പിയിലേക്ക് ചേരുകയായിരുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി സിങ് കോൺഗ്രസിലേക്ക് മടങ്ങിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് അദ്ദേഹം തന്റെ അതൃപ്തി പരസ്യമാക്കിയത്. രാഷ്ട്രീയ പാർട്ടികൾ മാറിക്കൊണ്ടിരിക്കുമെന്നും എന്നാൽ താൻ ബി.ജെ.പി വിടാൻ ആലോചിക്കുന്നില്ലെന്നുമായിരുന്നു ഇതുസംബന്ധിച്ച ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി.

"പഞ്ചാബിനെക്കുറിച്ച് എനിക്ക് തോന്നുന്നത് എന്താണെന്ന് എന്റെ പാർട്ടിയോട് പറയേണ്ടത് എന്റെ കടമയാണ്. അതുകൊണ്ട് ഞാൻ പാർട്ടി വിടുന്നു എന്നർത്ഥമില്ല," അദ്ദേഹം പറഞ്ഞു. 117 അംഗ പഞ്ചാബ് നിയമസഭയിലേക്ക് അടുത്ത വർഷമാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

Show Full Article
TAGS:BJP Amarinder Singh Punjab chief minister Punjab Assembly polls Congress upset 
News Summary - BJP doesn't consult me- says Capt Amarinder Singh
Next Story