മുഖ്യൻ ഫഡ്നാവിസ് തന്നെയെന്ന് ബി.ജെ.പി
text_fieldsദേവേന്ദ്ര ഫഡ്നാവിസ്
മുംബൈ: മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്നാവിസ് തന്നെ മുഖ്യമന്ത്രിയാകുമെന്ന് വ്യക്തമാക്കി ബി.ജെ.പി. ഏക് നാഥ് ഷിൻഡെ പക്ഷ ശിവസേനയും അജിത് പവാർ പക്ഷ എൻ.സി.പിയും ഫഡ്നാവിസിനെ പിന്തുണക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അംഗീകരിച്ചതായും ബി.ജെ.പി സംസ്ഥാന നേതൃത്വം സൂചിപ്പിച്ചു. ‘നിങ്ങൾ പ്രതീക്ഷിക്കുന്ന, നിങ്ങൾ ഹൃദയത്തോട് ചേർത്തുവെച്ച ആളുതന്നെ’ മുഖ്യമന്ത്രിയാകുമെന്ന് പാർട്ടി നേതാക്കളുടെ യോഗത്തിൽ ബി.ജെ.പി മഹാരാഷ്ട്ര അധ്യക്ഷൻ ചന്ദ്രശേഖർ ബാവങ്കുലെ പറഞ്ഞു. മുൻകേന്ദ്ര മന്ത്രിയും പാർട്ടിയിലെ മുതിർന്ന നേതാവുമായ റാവുസാഹെബ് ദാൻവെയുടെ പ്രതികരണവും ഇതാണ്.
ചൊവ്വാഴ്ച നടക്കുന്ന ബി.ജെ.പി എം.എൽ.എമാരുടെ യോഗത്തിൽ ഫഡ്നാവിസിനെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുക്കും. വ്യാഴാഴ്ചയാണ് സത്യപ്രതിജ്ഞ. മഹാരാഷ്ട്രയിലെ ‘ചരിത്ര വിജയം’ ആഘോഷമാക്കാനാണ് ബി.ജെ.പി തീരുമാനം. മോദി, അമിത് ഷാ അടക്കമുള്ള ദേശീയ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. ബി.ജെ.പി കേന്ദ്ര നേതൃത്വവുമായുള്ള ചർച്ചക്ക് പിന്നാലെ ജന്മനാടായ സതാറയിലേക്ക് പോയ ഏക് നാഥ് ഷിൻഡെ ഞായറാഴ്ച നഗരത്തിൽ തിരിച്ചെത്തി.
തർക്കവും അരിശവുമില്ലെന്ന് പറഞ്ഞ ഷിൻഡെ, ബി.ജെ.പി കേന്ദ്രനേതൃത്വം തീരുമാനിക്കുന്ന ആരെയും മുഖ്യമന്ത്രിയായി അംഗീകരിക്കുമെന്ന് ആവർത്തിച്ചു. ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട തർക്കം ചർച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തരമില്ലാതെ ഉപമുഖ്യമന്ത്രി ആകില്ല എന്നാണ് ഷിൻഡെയുടെ നിലപാട്. വിട്ടുകൊടുക്കാൻ ബി.ജെ.പി തയാറല്ല.
ആഭ്യന്തരമില്ലെങ്കിൽ ഷിൻഡെക്ക് പകരം ആരാകും ഉപമുഖ്യമന്ത്രി എന്ന ചോദ്യവുമുയരുന്നു. തിങ്കളാഴ്ച മഹായുതി നേതാക്കളുടെ യോഗത്തിൽ വ്യാഴാഴ്ച ആരൊക്കെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് തീരുമാനിക്കും. ഷിൻഡെയും ബി.ജെ.പിയും തമ്മിലാണ് നിലവിൽ തർക്കം. അജിത് പവാർ ധനവകുപ്പോടെ ഉപമുഖ്യമന്ത്രിയാകുമെന്നാണ് സൂചന.