Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവീരപ്പ മൊയ്‍ലിയുടെ...

വീരപ്പ മൊയ്‍ലിയുടെ വെളിപ്പെടുത്തലിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് ബിജെപി; ‘‘മോദിയെയും അമിത് ഷായെയും കുടുക്കാൻ ശ്രമിച്ചു’’

text_fields
bookmark_border
https://www.madhyamam.com/tags/veerappa-moily
cancel
camera_alt

നരേന്ദ്ര മോദി, അമിത് ഷാ, എം. വീരപ്പ മൊയ്‍ലി

ന്യൂഡൽഹി: കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ എം. വീരപ്പ മൊയ്‍ലിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് കോൺഗ്രസിനെ കടന്നാക്രമിച്ച് ബി.ജെ.പി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ഗുജറാത്ത് ഭരണകാലത്ത് വ്യാജ കേസുകളിൽ കുടുക്കാൻ കോൺഗ്രസ് ശ്രമിച്ചുവെന്നാണ് ബി.ജെ.പിയുടെ ആരോപണം.

മൊയ്ലിയുടെ വെളിപ്പെടുത്തൽ കോൺഗ്രസിന്റെ രാഷ്ട്രീയ നീക്കങ്ങൾ പുറത്തുകൊണ്ടുവന്നിരിക്കുകയാണെന്നും അവരുടെ മുഖംമൂടി പൂർണമായും അഴിഞ്ഞുവീണെന്നും ബി.ജെ.പി വക്താവ് സുധാൻഷു ത്രിവേദി വാർത്തസമ്മേളനത്തിൽ പ്രതികരിച്ചു.

യു.പി.എ സർക്കാറിന്റെ കാലത്ത് മോദിക്കും അമിത് ഷായ്ക്കുമെതിരായ അന്വേഷണം ചില കോൺഗ്രസ് നേതാക്കൾ ഇടപെട്ട് തടസ്സപ്പെടുത്തിയെന്ന മൊയ്‍ലിയുടെ പ്രസ്താവനയാണ് രാഷ്ട്രീയവിവാദത്തിന് വഴിവെച്ചത്.

അന്നത്തെ കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളുടെയും നീതിന്യായ നടപടികളുടെയും സ്വതന്ത്ര പ്രവർത്തനത്തെ രാഷ്ട്രീയ താൽപര്യങ്ങൾക്കായി മാറ്റിനിർത്തിയെന്ന ആരോപണവും ത്രിവേദി ഉയർത്തി.

2009 മുതൽ 2011 വരെ കേന്ദ്ര നിയമമന്ത്രിയായിരുന്ന കാലത്തെ അനുഭവങ്ങൾ പങ്കുവെച്ചാണ് മൊയ്‍ലി വെളിപ്പെടുത്തൽ നടത്തിയത്. ഗുജറാത്തിൽ ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷാ ഉൾപ്പെട്ട സൊഹ്റാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.

അന്ന് കോടതി ഉത്തരവിനെ തുടർന്ന് അമിത് ഷായ്ക്ക് ഗുജറാത്തിൽ പ്രവേശനവിലക്ക് ഏർപ്പെടുത്തിയിരുന്നുവെന്നും കേസ് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റേണ്ടിവന്നുവെന്നും മൊയ്‍ലി പറഞ്ഞു. അന്ന് അമിത് ഷാ ജയിലിലായി. അടുത്തതായി നരേന്ദ്ര മോദിയും ജയിലിലാകേണ്ട സാഹചര്യമുണ്ടായിരുന്നുവെന്നും മൊയ്‍ലി വ്യക്തമാക്കിയിരുന്നു.

എന്നാൽ, അന്വേഷണവും നടപടികളും സ്വന്തം സർക്കാർ തന്നെ തടസ്സപ്പെടുത്തി. അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ് ആയിരുന്നില്ല ഇതിന് പിന്നിലെന്നും മറ്റു ചില കോൺഗ്രസ് നേതാക്കളാണ് അന്വേഷണത്തിന് തടസ്സം സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു. അന്നത്തെ നടപടികളുടെ പ്രത്യാഘാതങ്ങളാണ് കോൺഗ്രസും രാജ്യവും ഇന്ന് അനുഭവിക്കുന്നതെന്നും മൊയ്‍ലി അഭിപ്രായപ്പെട്ടിരുന്നു.

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ആത്മകഥാ പ്രകാശനച്ചടങ്ങിനോടനുബന്ധിച്ച് നടന്ന പരിപാടിയിലായിരുന്നു മൊയ്‍ലിയുടെ പരാമർശങ്ങൾ.

മൊയ്‍ലിയുടെ പ്രസ്താവന കോൺഗ്രസിന്റെ രാഷ്ട്രീയ ഇരട്ടത്താപ്പ് തുറന്നുകാട്ടുന്നതാണെന്ന് ബി.ജെ.പി രാജ്യസഭാംഗം കൂടിയായ സുധാൻഷു ത്രിവേദി വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ജനാധിപത്യത്തിനായി പോരാടുന്നുവെന്ന് അവകാശപ്പെടുന്നവരുടെ ഭരണകാലത്ത് അന്വേഷണങ്ങളും നിയമനടപടികളും എങ്ങനെയാണ് കൈകാര്യം ചെയ്തിരുന്നതെന്നതിന്റെ ഗൗരവകരമായ വെളിപ്പെടുത്തലാണിതെന്നും അദ്ദേഹം ആരോപിച്ചു.

അന്വേഷണ ഏജൻസികളെയും നീതിന്യായ സംവിധാനങ്ങളെയും കോൺഗ്രസ് സർക്കാർ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിച്ചുവെന്ന ആരോപണത്തിന് മൊയ്‍ലിയുടെ പ്രസ്താവന വ്യക്തമായ സൂചന നൽകുന്നു. ഇക്കാര്യത്തിൽ കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:BJP M Veerappa Moily political controversy Modi-Shah 
Next Story