Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദീപം തെളിക്കൽ വിവാദം...

ദീപം തെളിക്കൽ വിവാദം ആളിക്കത്തിക്കാൻ ബി.ജെ.പി; മോദി തിരുപ്പറകുൺറത്തേക്ക്

text_fields
bookmark_border
Narendra Modi
cancel
camera_alt

നരേന്ദ്ര മോദി

ചെന്നൈ: ദീപം തെളിക്കൽ വിഷയവുമായി ബന്ധപ്പെട്ട് വിവാദത്തിലായ, തമിഴ്നാട്ടിെല തിരുപ്പറകുൺറം സുബ്രമണ്യ ക്ഷേത്രത്തിൽ ദർശനം നടത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി. മാർച്ച് ഒന്നിന് മധുര വിമാനത്താവള റോഡിലെ മണ്ടേല നഗറിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത ശേഷമായിരിക്കും മോദി ക്ഷേത്രം സന്ദർശിക്കുക. സന്ദർശനത്തിന് പിറ്റേ ദിവസം പൂർണചന്ദ്ര ദിനമായ മാർച്ച് രണ്ടിന് വൈകീട്ട് തിരുപ്പറകുൺറം ക്ഷേത്ര പരിസരത്ത് പാർട്ടി പ്രവർത്തകരും മുരുകഭക്തരും ഒത്തുകൂടാൻ ബി.ജെ.പി തമിഴ്നാട് അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ ആഹ്വാനം ചെയ്തിരിക്കുന്നത് ആശങ്ക ഉയർത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടെ ദർഗക്കടുത്ത സ്തംഭത്തിൽ പുണ്യദീപം തെളിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും നൈനാർ നാഗേന്ദ്രൻ പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായ സംസ്ഥാനത്ത് തിരുപ്പറകുൺറം ദീപം തെളിക്കൽ വിവാദം ആളിക്കത്തിക്കുകയെന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന് ഡി.എം.കെ ഉൾപ്പെടെയുള്ള രാഷ്ട്രീയകക്ഷികൾ പ്രതികരിച്ചിട്ടുണ്ട്. കലാപമുണ്ടാക്കാനാണ് ബി.ജെ.പി പദ്ധതിയിടുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. സന്ദർശനം പ്രമാണിച്ച് മധുരയിലും തിരുപ്പറകുൺറത്തിലും വൻ സുരക്ഷ ഏർപ്പെടുത്താനാണ് പൊലീസ് തീരുമാനം. തിരുപ്പറകുൺറം ദർഗക്കടുത്ത തൂണിൽ ദീപം തെളിക്കാൻ മധുര ഹൈകോടതി സിംഗിൾ ബെഞ്ച് ഡിസംബർ ഒന്നിന് വിധി പുറപ്പെടുവിച്ചതോടെയാണ് സംഭവം വിവാദമായത്.

പരമ്പരാഗതമായി ദീപം തെളിക്കുന്ന തിരുപ്പറകുൺറം കുന്നിലെ ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ മാത്രമല്ല, ദർഗക്ക് സമീപമുള്ള കുന്നിന്റെ മുകളിലുള്ള കൽത്തൂണിലും കാർത്തിക ദീപം തെളിക്കാൻ അനുമതി തേടി ഹിന്ദു മുന്നണി നേതാവ് രാമ രവികുമാർ സമർപ്പിച്ച ഹരജിയിലാണ് ഉത്തരവ്. ഇതനുസരിച്ച് ബി.ജെ.പി -ഹിന്ദുമുന്നണി പ്രവർത്തകർ ദീപംകൊളുത്താൻ എത്തിയെങ്കിലും ക്രമസമാധാന പ്രശ്നം കണക്കിലെടുത്ത് പൊലീസ് തടഞ്ഞു.

സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകുന്നതിനാൽ കോടതി വിധി നടപ്പാക്കാനാവില്ലെന്ന ഉറച്ച നിലപാടിലാണ് തമിഴ്നാട് സർക്കാർ. ഇതിന്റെ പേരിൽ സിംഗിൾ ബെഞ്ച് സംസ്ഥാന സർക്കാറിനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്തിരുന്നു. പിന്നീട് ജനുവരി ആറിന് സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ചും ശരിവെച്ചു. തുടർന്ന് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിരിക്കുകയാണ് സർക്കാർ.

Show Full Article
TAGS:BJP lamp lighting controversy Narendra Modi 
News Summary - BJP to ignite lamp lighting controversy; Modi to Thiruparakunrath
Next Story