ഉപരാഷ്ട്രപതി സ്ഥാനാർഥിത്വം; ഡി.എം.കെ സഖ്യത്തെ വെട്ടിലാക്കാൻ ബി.ജെ.പി
text_fieldsസി.പി.രാധാകൃഷ്ണൻ
ചെന്നൈ: 2026ൽ തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഡി.എം.കെയെയും സഖ്യകക്ഷികളെയും സമ്മർദത്തിലാക്കി തമിഴ്നാട്ടിൽനിന്നുള്ള സി.പി.രാധാകൃഷ്ണന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥിത്വം. തമിഴ്നാടിന് ബി.ജെ.പിയും കേന്ദ്ര സർക്കാറും പ്രാമുഖ്യം നൽകുന്നില്ലെന്ന ആക്ഷേപം ഡി.എം.കെ സഖ്യം ശക്തിയായി ഉന്നയിക്കുമ്പോഴാണ് തമിഴ്നാട്ടിൽനിന്നുള്ള ഗൗണ്ടർ(ഒ.ബി.സി) വിഭാഗക്കാരനായ സി.പി. രാധാകൃഷ്ണനെ സ്ഥാനാർഥിയാക്കിയത്.
രാധാകൃഷ്ണന് പിന്തുണ നൽകാത്തപക്ഷം തമിഴനും തമിഴ്നാടിനും എതിരായ നിലപാട് സ്വീകരിക്കുന്നതായി ബി.ജെ.പി- അണ്ണാ ഡി.എം.കെ കക്ഷികൾ പ്രചാരണം നടത്തും. തമിഴ്നാട്ടിൽനിന്നുള്ള മുഴുവൻ എം.പിമാരും രാഷ്ട്രീയകക്ഷി ഭേദമന്യേ പിന്തുണക്കണമെന്ന് അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി പ്രസ്താവിച്ചതും ഈ സാഹചര്യത്തിലാണ്. ബി.ജെ.പി മുതിർന്ന നേതാവും കേന്ദ്ര പ്രതിരോധമന്ത്രിയുമായ രാജ്നാഥ്സിങ് തിങ്കളാഴ്ച ഡി.എം.കെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനെ ഫോണിൽവിളിച്ച് രാധാകൃഷ്ണനുവേണ്ടി പിന്തുണ അഭ്യർഥിച്ചിരുന്നു.
സി.പി. രാധാകൃഷ്ണനെ പിന്തുണക്കണമെന്ന് സ്റ്റാലിനെ കണ്ട് അഭ്യർഥിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് നൈനാർ നാഗേന്ദ്രൻ അറിയിച്ചു. തമിഴക രാഷ്ട്രീയ കക്ഷികൾ ഒറ്റക്കെട്ടായി സി.പി.രാധാകൃഷ്ണനെ പിന്തുണക്കണമെന്ന് ബി.ജെ.പി നേതാവ് കെ.അണ്ണാമലൈ ആവശ്യപ്പെട്ടു.
അതേസമയം രാധാകൃഷ്ണന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥിത്വം മൂലം തമിഴ്നാടിന് ഒരു ഗുണവുമുണ്ടാവില്ലെന്നും ഇൻഡ്യാ സഖ്യത്തിന്റെ തീരുമാനത്തിനൊപ്പം പാർട്ടി നിലകൊള്ളുമെന്നും ഡി.എം.കെ വക്താവ് ടി.കെ.എസ്. ഇളങ്കോവൻ പ്രസ്താവിച്ചു. ഡി.എം.കെയുടെ രാജ്യസഭാംഗമായ തിരുച്ചി ശിവ പോലുള്ള തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള ഒരു നേതാവിനെ ഉപരാഷ്ട്രപതി സ്ഥാനാർഥിയാക്കി തിരിച്ചടി നൽകാനാണ് ഇൻഡ്യാ സഖ്യം ആലോചിക്കുന്നത്. ഡി.എം.കെ, അണ്ണാ ഡി.എം.കെ കക്ഷികൾ ഉൾപ്പെടെ തമിഴകത്തിലെ ഒട്ടുമിക്ക രാഷ്ട്രീയ പാർട്ടി നേതാക്കളുമായും അടുത്ത വ്യക്തിബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് രാധാകൃഷ്ണൻ.