Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസഖ്യത്തിനില്ല;...

സഖ്യത്തിനില്ല; പഞ്ചാബിൽ ഒറ്റക്ക് മത്സരിക്കാൻ ബി.എസ്.പി

text_fields
bookmark_border
സഖ്യത്തിനില്ല; പഞ്ചാബിൽ ഒറ്റക്ക് മത്സരിക്കാൻ ബി.എസ്.പി
cancel

ലഖ്‌നോ: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി) ഒറ്റക്ക് മത്സരിക്കുമെന്ന് പാർട്ടി ദേശീയ അധ്യക്ഷ മായാവതി. ഒരു രാഷ്ട്രീയ പാർട്ടിയുമായും സഖ്യമുണ്ടാക്കില്ലെന്നും വിട്ടുവീഴ്ചയില്ലാതെ സ്വന്തം ശക്തിയിൽ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും മായാവതി വ്യക്തമാക്കി.

പഞ്ചാബിലെ പാർട്ടി സംഘടനാ പ്രവർത്തനങ്ങളും തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും വിലയിരുത്തുന്നതിനായി ലഖ്‌നൗവിലെ ബി.എസ്.പി കേന്ദ്ര ഓഫീസിൽ ചേർന്ന യോഗത്തിലാണ് മായാവതി നിലപാട് പ്രഖ്യാപിച്ചത്. ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും സ്വീകരിച്ച അതേ രീതി പഞ്ചാബിലും പിന്തുടരുമെന്നും അവർ വ്യക്തമാക്കി.

കഠിനാധ്വാനം ചെയ്യുന്നവരും സത്യസന്ധരുമായ സ്ഥാനാർഥികളെ കണ്ടെത്തി തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കണമെന്ന് മായാവതി സംസ്ഥാന നേതൃത്വത്തിന് നിർദേശം നൽകി. ബൂത്ത് തലത്തിൽ പാർട്ടി സംഘടന കൂടുതൽ ശക്തിപ്പെടുത്തുകയും പ്രവർത്തനത്തിലെ പോരായ്മകൾ സമയബന്ധിതമായി പരിഹരിക്കുകയും വേണമെന്നും അവർ ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് സഖ്യങ്ങൾ മൂലം സീറ്റുകളിലും വോട്ട് വിഹിതത്തിലും കുറവുണ്ടാകുന്നത് പാർട്ടി പ്രവർത്തകരുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നുവെന്നാണ് ബി.എസ്.പിയുടെ വിലയിരുത്തൽ. ഈ സാഹചര്യം ഒഴിവാക്കുന്നതിനാണ് ഇത്തവണ സഖ്യമില്ലാതെ മത്സരിക്കുന്നതെന്നും പാർട്ടി വ്യക്തമാക്കി.

പഞ്ചാബിലെ ജനങ്ങൾ ആം ആദ്മി പാർട്ടി, കോൺഗ്രസ്, ബി.ജെ.പി തുടങ്ങിയ പാർട്ടികളുടെ ജനവിരുദ്ധ നിലപാടുകളിൽ ബുദ്ധിമുട്ടുകയാണെന്നാണ് ബി.എസ്.പിയുടെ അവകാശവാദം. ‘സർവജന ഹിതായ, സർവജന സുഖായ’ എന്ന ആശയവും അംബേദ്കറൈറ്റ് നയങ്ങളും മുന്നോട്ടുവച്ച് ദാരിദ്ര്യവും തൊഴിലില്ലായ്മയും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്കെതിരെ പ്രവർത്തിക്കുകയാണ് ലക്ഷ്യമെന്നും പാർട്ടി അറിയിച്ചു.

സന്ത് ഗുരു സന്ത് രവിദാസ്, ഡോ. ബി.ആർ. അംബേദ്കർ, ബിഎസ്.പി സ്ഥാപകൻ കാൻഷിറാം എന്നിവരുടെ ആശയങ്ങളെ മുന്നോട്ടുകൊണ്ടുപോകുന്നതിനും പാർട്ടി പ്രാധാന്യം നൽകുന്നുണ്ട്.

കാൻഷിറാമിന്റെ ചരമവാർഷികമായ ഒക്ടോബർ 9ന് പഞ്ചാബിൽ സംഘടിപ്പിക്കുന്ന പരിപാടി വിജയിപ്പിക്കാൻ വിപുലമായ ഒരുക്കങ്ങൾ നടത്തണമെന്ന് മായാവതി നിർദേശിച്ചു. 2027 ജനുവരി 15ന് നടക്കുന്ന ‘ജനക്ഷേമ ദിന’ പരിപാടിയുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ള സാമ്പത്തിക സഹകരണം കഴിഞ്ഞ തവണത്തേക്കാൾ മെച്ചപ്പെടുത്തണമെന്നും അവർ സംസ്ഥാന ഘടകത്തോട് ആവശ്യപ്പെട്ടു.

എതിരാളികളുടെ വിവിധ രാഷ്ട്രീയ നീക്കങ്ങളെ നേരിടാനും മികച്ച തെരഞ്ഞെടുപ്പ് ഫലം നേടുന്നതിനായും പ്രവർത്തകർ പൂർണ സജ്ജരാകണമെന്നും മായാവതി ആഹ്വാനം ചെയ്തു.

Show Full Article
TAGS:bsp mayawati punjab election alliance 
News Summary - BSP To Contest Punjab Alone
Next Story