വെപ്പുകാൽ മേശപ്പുറത്ത്; കൊമ്പുകോർത്ത് സദാനന്ദനും ബ്രിട്ടാസും
text_fieldsപാർലമെന്റിൽ സംസാരിക്കുന്ന സി. സദാനന്ദൻ എം.പി. തന്റെ കൃത്രിമ കാൽ ഡെസ്കിൽ കയറ്റി വെച്ചിരിക്കുന്നതും കാണാം
ന്യൂഡൽഹി: സി.പി.എം ആക്രമണത്തിൽ നഷ്ടപ്പെട്ട തന്റെ കാലുകൾക്ക് പകരംവെച്ച വെപ്പുകാലുകൾ മേശക്കുമേൽ വെച്ച് രാജ്യസഭയിൽ പ്രസംഗിച്ച ബി.ജെ.പി എം.പി സി. സദാനന്ദനെതിരെ സി.പി.എം രാജ്യസഭാ നേതാവ് ജോൺ ബ്രിട്ടാസ്. സദാനന്ദൻ പാർലമെന്ററി മര്യാദ ലംഘിച്ചുവെന്നാരോപിച്ച് ക്രമപ്രശ്നം ഉന്നയിച്ച ജോൺ ബ്രിട്ടാസിനൊപ്പം പ്രതിഷേധവുമായി ഇടത് അംഗങ്ങളും രംഗത്തുവന്നു. അതോടെ സഭ ബഹളത്തിലമർന്നുവെങ്കിലും ചെയർമാൻ സി.പി. രാധാകൃഷ്ണൻ അനുവാദം നൽകിയതിനെ തുടർന്ന് വെപ്പുകാൽ ഇരിപ്പിടത്തിലേക്ക് മാറ്റി പ്രസംഗം തുടർന്നു.
രാജ്യസഭയിൽ രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചക്ക് തുടക്കമിട്ട് സി.സദാനന്ദൻ സംസാരം ആരംഭിച്ചതോടെ വെപ്പുകാൽ അദ്ദേഹത്തിനുവേണ്ടി, അടുത്തിരുന്ന ബി.ജെ.പി എം.പി ഉജ്ജ്വൽ നിഗം മേശപ്പുറത്ത് എടുത്തുവെക്കുകയായിരുന്നു. സഭാ ടി.വി ഇതിന്റെ വിവിധ ആങ്കിളുകളിൽ നിന്നും ദൃശ്യങ്ങളും കാണിച്ചു. തനിക്കും ഉറപ്പുള്ള രണ്ട് കാലുകൾ ഉണ്ടായിരുന്നുവെന്നും ഇതാണ് താൻ ഇപ്പോൾ ഉപയോഗിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് സദാനന്ദൻ പ്രസംഗം ആരംഭിച്ചത്.
ഇതോടെ മേശപ്പുറത്ത് കാലുകൾ വെച്ചത് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ഉപകരണങ്ങൾ പ്രദർശിപ്പിക്കരുതെന്ന് സഭാ ചെയർമാന്റെ ചട്ടമുണ്ടെന്നും ജോണ് ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. ഇടത് അംഗങ്ങൾ പ്രതിഷേധിക്കുകയും ചെയ്തു. ഇതോടെ വെപ്പുകാൽ സഭാ ടി.വിയുടെ കാമറയിൽ വ്യക്തമാകും വിധം ബെഞ്ചിലേക്ക് ഇറക്കിവെച്ച് പ്രസംഗം ആരംഭിച്ചു.


