Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്നാട്ടിൽ ഇന്ന്...

തമിഴ്നാട്ടിൽ ഇന്ന് പ്രചാരണ കൊടിയിറക്കം; വോട്ടർമാർക്ക് പണവിതരണം തകൃതി

text_fields
bookmark_border
തമിഴ്നാട്ടിൽ ഇന്ന് പ്രചാരണ കൊടിയിറക്കം; വോട്ടർമാർക്ക് പണവിതരണം തകൃതി
cancel

ചെന്നൈ: ഒരു മാസക്കാലത്തിലേറെ നീണ്ട തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ കോലാഹലങ്ങൾക്കൊടുവിൽ പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശം. സംസ്ഥാനത്തെ ചതുഷ്കോണ മത്സരത്തിൽ മുന്നണികളും രാഷ്ട്രീയകക്ഷികളും തമ്മിൽ കൊണ്ടും കൊടുത്തും നടത്തിയ പരസ്യ പ്രചാരണം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് അവസാനിക്കും. ബുധനാഴ്ചത്തെ നിശ്ശബ്ദ പ്രചാരണത്തിനുശേഷം വ്യാഴാഴ്ച തമിഴകം ചരിത്ര വിധിയെഴുത്തിന് ബൂത്തിലെത്തും. 234 നിയമസഭ മണ്ഡലങ്ങളിലായി 4,023 സ്ഥാനാർഥികളാണ് കളത്തിലുള്ളത്. ഡി.എം.കെ നേതാവ് സ്റ്റാലിന് രണ്ടാമൂഴത്തിന് കളമൊരുങ്ങുമോ? അതോ ബി.ജെ.പി പിന്തുണയോടെ അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമിക്ക് ഭരണം തിരിച്ചുപിടിക്കാനാവുമോ? ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിടുന്ന നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടി.വി.കെ) മികച്ച പ്രകടനം കാഴ്ചവെക്കുമോ? തുടങ്ങിയ മുഖ്യ ചോദ്യങ്ങളാണ് ഈ തെരഞ്ഞെടുപ്പിലുയരുന്നത്. മുൻകാലങ്ങളെ അപേക്ഷിച്ച് പ്രചാരണരംഗത്ത് അടിസ്ഥാനപരമായ മാറ്റങ്ങളാണ് ദൃശ്യമായത്. പരമ്പരാഗതമായ ചുവരെഴുത്തുകൾ, വാൾപോസ്റ്ററുകൾ തുടങ്ങിയവക്കുപകരം സൈബറിടങ്ങൾ പോർനിലങ്ങളായി മാറുകയായിരുന്നു.

ടി.വി ചാനലുകളിലും സമൂഹ മാധ്യമങ്ങളിലും ‘സ്റ്റാലിൻ തുടരട്ടും, തമിഴ്നാട് വെല്ലട്ടും’ (സ്റ്റാലിൻ തുടരട്ടെ, തമിഴ്നാട് ജയിക്കട്ടെ), ‘നല്ലാട്ച്ചിന എടപ്പാടിയാർ താൻ’ (സദ്ഭരണമെന്നാൽ എടപ്പാടി തന്നെ) തുടങ്ങിയ മുദ്രാവാക്യങ്ങളുമായുള്ള തെരഞ്ഞെടുപ്പ് പരസ്യങ്ങളുടെ പ്രവാഹമായിരുന്നു. പരസ്യ പ്രചാരണത്തിന്റെ അവസാന ദിനമായ ചൊവ്വാഴ്ച, മത്സരരംഗത്തുള്ള നേതാക്കളെല്ലാം സ്വന്തം മണ്ഡലങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക. നിലവിൽ ഡി.എം.കെയും അണ്ണാ ഡി.എം.കെയും വോട്ടർമാർക്ക് പണം വിതരണം ചെയ്യുന്ന തിരക്കിലാണ്.

പ്രവർത്തകർ ഓരോ വീട്ടിലും കയറി വോട്ടർമാരുടെ എണ്ണം തിട്ടപ്പെടുത്തി പണം കൈമാറുകയാണ് ചെയ്യുന്നത്. ഒരു വോട്ടിന് ചുരുങ്ങിയത് ആയിരം രൂപയാണ് നൽകുന്നത്. ഇരുകൂട്ടരിൽനിന്നും പണം വാങ്ങി തങ്ങൾക്ക് താൽപര്യമുള്ള സ്ഥാനാർഥികൾക്ക് വോട്ട് രേഖപ്പെടുത്തുന്നതാണ് പതിവ്. സംസ്ഥാനത്തിന്റെ പലയിടങ്ങളിലും വോട്ടർമാർക്ക് വിതരണം ചെയ്യാനിരുന്ന ലക്ഷക്കണക്കിന് രൂപയുടെ കറൻസി തെരഞ്ഞെടുപ്പ് കമീഷൻ അധികൃതർ പിടികൂടി. പ്രചാരണരംഗത്ത് ഡി.എം.കെ സഖ്യത്തിന് എം.കെ. സ്റ്റാലിനും എൻ.ഡി.എക്ക് എടപ്പാടി പളനിസാമിയും ടി.വി.കെക്ക് നടൻ വിജയും നാം തമിഴർ കക്ഷിയുടെ സീമാനും നേതൃത്വം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത്ഷാ, രാഹുൽ ഗാന്ധി ഉൾപ്പെടെ ദേശീയ നേതാക്കളും പ്രചാരണത്തിനെത്തി.

Show Full Article
TAGS:election Taminadu Campaigning 
News Summary - "Campaigning ends today in Tamil Nadu; rampant distribution of cash to voters reported."
Next Story