തകർക്കാനാവുമോ പ്രീതം മുണ്ടെയുടെ ഭൂരിപക്ഷ റെക്കോഡ്?
text_fieldsപ്രീതം ഗോപിനാഥ റാവു മുണ്ടെ റാംവിലാസ് പസ്വാന്
മഹാരാഷ്ട്രയിലെ ബീഡ് മണ്ഡലത്തില്‍ 2014 ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ 29 കാരിയായ പ്രീതം ഗോപിനാഥറാവു മുണ്ടെ നേടിയ 6,96,321 വോട്ടുകളാണ് ഇതുവരെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥി നേടിയ ഏറ്റവും വലിയ ഭൂരിപക്ഷം. പിതാവ് ഗോപിനാഥ് റാവു മുണ്ടെ വാഹനാപകടത്തില്‍ മരിച്ച ഒഴിവിലാണ് മകള്‍ പ്രീതം മുണ്ടെ ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ചത്. കോൺഗ്രസിന്റെ അശോക്റാവു ശങ്കര്‍റാവു പട്ടീലിനെതിരെയായിരുന്നു വിജയം.
അശോക്റാവു 17.22 ശതമാനം വോട്ടുനേടിയപ്പോള്‍ പ്രീതം മുണ്ടെ 70.25 ശതമാനം വോട്ടുകള്‍ നേടി. 2014 തെരഞ്ഞെടുപ്പില്‍ ഗോപിനാഥ്റാവു മുണ്ടെ ജയിച്ചത് 1,36,454 വോട്ടുകള്‍ക്കാണ്. സഹതാപ തരംഗം കൂടി പ്രീതത്തിന് ഗുണകരമായി. പക്ഷെ, 2019 ല്‍ വിജയ ഭൂരിപക്ഷം ആവര്‍ത്തിക്കാന്‍ പ്രീതത്തിന് കഴിഞ്ഞില്ല. ഭൂരിപക്ഷം 1,68,368 ആയി കുറഞ്ഞു.
2019 തെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ നവിസാരി മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി സി.ആര്. പാട്ടീലിനാണ് ഭൂരിപക്ഷത്തില്‍ രണ്ടാംസ്ഥാനം-689688 വോട്ടുകള്‍. 2009, 2014 തെരഞ്ഞെടുപ്പുകളിലും അതേ മണ്ഡലത്തില്‍ ജയിച്ച സി.ആര്. പാട്ടീല്‍ ഭൂരിപക്ഷം മൂന്നുതവണയും ഉയര്‍ത്തി. 2009 ല്‍ 132,643 വോട്ടായിരുന്നു ഭൂരിപക്ഷം. 2014ല്‍ അത് 5,58,116 ആയി ഉയര്‍ന്നു.
ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി രാജസ്ഥാനിലെ ഭില്‍വാര മണ്ഡലത്തില്‍ മത്സരിച്ച സുഭാഷ് ചന്ദ്ര ബഹേറിയക്കാണ് ഭൂരിപക്ഷത്തില്‍ മൂന്നാംസ്ഥാനം- 6,11,460 വോട്ടുകള്‍. 2014 ല്‍ അതേ മണ്ഡലത്തില്‍ സുഭാഷ് ചന്ദ്ര നേടിയത് 2,46,264 വോട്ടുകളുടെ ഭൂരിപക്ഷമാണ്. 1998 ല്‍ ഇതേ മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ റാംപാല്‍ ഉപാധ്യായോട് തോറ്റ വ്യക്തിയാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റായ സുഭാഷ്ചന്ദ്ര.
അഞ്ചുലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ചവരില്‍ ഏറ്റവും മുന്നില്‍ 2004 ല്‍ പശ്ചിമ ബംഗാളിലെ അരംബാഗ് മണ്ഡലത്തില്‍ നിന്ന് സി.പി.എം സ്ഥാനാര്‍ത്ഥിയായി ജയിച്ച അനില്‍ ബസുവാണ്-592502 വോട്ടുകള്‍. 2004 ലെ ഈ റെക്കോഡാണ് 10 വര്‍ഷത്തിന് ശേഷം പ്രീതം മുണ്ടെ 2014 ല്‍ തകര്‍ത്തത്.
ഗുജറാത്തിലെ വഡോദരയില്‍ നിന്ന് 2019 ല്‍ ജയിച്ച ബി.ജെ. പി സ്ഥാനാര്‍ത്ഥി രണ്ജന്ബെന് ധനഞ്ജയ് ഭട്ട് (ഭൂരിപക്ഷം 5,89,1177), 1991 ലെ ഉപതെരഞ്ഞെടുപ്പില്‍ ആന്ധ്രാ പ്രദേശിലെ നന്ദ്യാല്‍ മണ്ഡലത്തില്‍ നിന്ന് 5,80,297 വോട്ടുകളുടെ ഭൂരിപക്ഷം നേടിയ പി.വി. നരസിംഹറാവു (കോണ്‍ഗ്രസ്), 2014 ല്‍ ഗുജറാത്തിലെ വഡോദരയില്‍ നിന്ന് 5,70,128 വോട്ടുകളുടെ ഭൂരിപക്ഷം കിട്ടിയ നരേന്ദ്ര മോദി, 1989 ല്‍ ജനതാദള്‍ ടിക്കറ്റില്‍ ഹാജിപ്പൂര്‍ മണ്ഡലത്തില്‍ 5,04,448 വോട്ടുകള്‍ നേടിയ റാംവിലാസ് പസ്വാന് എന്നിവരാണ് അഞ്ചുലക്ഷം കടന്ന ഭൂരിപക്ഷ മികവിെൻറ ഉടമകള്‍.
രാം വിലാസ് പാസ്വാന് രണ്ടുതവണ ഏറ്റവും ഉയര്‍ന്ന ഭുരിപക്ഷത്തിന് ജയിച്ചയാൾ എന്ന മറ്റൊരു റെക്കോഡ് കൂടിയുണ്ട്. 1969 ല്‍ ഭാരതീയ ലോക്ദള്‍ സ്ഥാനാര്‍ത്ഥിയായി 1977 ല്‍ ഹാജിപ്പൂര്‍ മണ്ഡലത്തില്‍ നിന്ന് 4,24,545 വോട്ടുകളുടെ ഭുരിപക്ഷത്തിന് പസ്വാന് ജയിച്ചിരുന്നു. ദീര്‍ഘനാള്‍ ഏറ്റവുമധികം വോട്ടന്റെ ഭൂരിപക്ഷത്തിന് ജയിച്ചയാള്‍ എന്ന കീര്‍ത്തി പാസ്വാനായിരുന്നു. 1989ലും ഹാജിപൂരില്‍ നിന്ന് ജയിച്ച പസ്വാന് 2009 ലെ തെരഞ്ഞെടുപ്പില്‍ അതേ മണ്ഡലത്തില്‍ 37,954 വോട്ടിന് തോറ്റുവെന്നും ഓർക്കണം.
കേരളത്തില്‍ ഏറ്റവും വലിയ ഭൂരിപക്ഷത്തിന്റെ റെക്കോഡ് ദീര്‍ഘനാള്‍ മൂവാറ്റുപുഴയില്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു ജയിച്ച പി.സി. തോമസിന്റെ പേരിലായിരുന്നു. 1996 ലെ തെരഞ്ഞെടുപ്പില്‍ 121896 വോട്ടുകള്‍ക്കാണ് അദ്ദേഹം ജയിച്ചത്. എന്നാല്‍, ആ റെക്കോഡ് 2017 ലെ ഉപതെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടി തകര്‍ത്തു. ഇ.അഹമ്മദ് മരിച്ച ഒഴിവില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി നേടിയത് 171023 വോട്ടുകളുടെ ഭൂരിപക്ഷമാണ്.
സ്വന്തം റെക്കോഡ് കുഞ്ഞാലിക്കുട്ടി 2019 ലെ തെരഞ്ഞെടുപ്പില്‍ വീണ്ടും തകര്‍ത്തു. അദ്ദേഹം നേടിയ 2,60,153 വോട്ടുകളുടെ മേല്‍കൈ കേരളത്തിലെ ഉയര്‍ന്ന രണ്ടാമത്തെ ഭൂരിപക്ഷമായി തുടരുന്നു. 2019ൽ വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി നേടിയ 4,31,770 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇപ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ വിജയ മാര്‍ജിന്‍.