ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഭൂവുടമ വഖഫ് ബോർഡോ കത്തോലിക്ക സഭയോ? -Fact Check
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ ഏറ്റവും വലിയ സ്വകാര്യ ഭൂവുടമ ആരാണ്? സർക്കാർ കഴിഞ്ഞാൽ വഖഫ് ബോർഡിനാണ് ഏറ്റവും കൂടുതൽ ഭൂമിയെന്നാണ് വ്യാപകപ്രചാരണം. എന്നാൽ, ഇത് തീർത്തും തെറ്റാണ്. കാത്തലിക് ചർച്ച് ഓഫ് ഇന്ത്യയാണ് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ഭൂവുടമയെന്ന് ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസറും ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. ക്രിസ്ത്യാനികൾക്കെതിരായ ഈ റിപ്പോർട്ട് വിവാദമായതോടെ ഓർഗനൈസർ റിപ്പോർട്ട് പിൻവലിച്ചിരുന്നു.
സർക്കാർ കണക്കുകൾ പ്രകാരം 9,04,000 ഏക്കർ ഭൂമിയാണ് വഖഫ് ബോർഡിനുള്ളത്. എന്നാൽ, ഏഴുകോടി ഹെക്ടർ (17.29 കോടി ഏക്കർ) ഭൂമിയാണ് കാത്തലിക് ചർച്ചിന്റെ ഉടമസ്ഥതയിലുള്ളത്. അതായത് വഖഫ് ബോർഡിനേക്കാൾ 200 മടങ്ങോളം അധികം ഭൂമി കാത്തലിക് ചർച്ചിന് സ്വന്തമായുണ്ട്. ഇതിൽ ഭൂരിഭാഗവും രാജ്യം സ്വതന്ത്രമാകുന്നതിന് മുമ്പ് ബ്രിട്ടീഷ് സർക്കാരിൽ നിന്നാണ് കത്തോലിക്കാ സഭയ്ക്ക് ലഭിച്ചത്.
ഗവണ്‍മെന്റ് ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ വെബ്‌സൈറ്റില്‍ നിന്നുള്ള വിവരങ്ങൾ പ്രകാരം 2021 ഫെബ്രുവരിയിലെ കണക്കനുസരിച്ച് കേന്ദ്രസര്‍ക്കാരിന്റെ ഉടമസ്ഥതയിൽ ഏകദേശം 15,531 ചതുരശ്ര കിലോമീറ്റര്‍ ഭൂമിയാണുള്ളത്. 116 പൊതുമേഖലാ കമ്പനികളും 51 മന്ത്രാലയങ്ങളുമാണ് ഈ ഭൂമി ഉപയോഗിക്കുന്നത്.
രേഖകൾ പ്രകാരം 20,000 കോടി രൂപയാണ് കത്തോലിക്ക സഭയുടെ കൈവശമുള്ള ഭൂമിയുടെ ഏകദേശ മൂല്യമായി കണക്കാക്കുന്നത്. ഇവയുടെ വിപണിമൂല്യം എത്രയോ മടങ്ങ് അധികമായിരിക്കും. കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യക്ക് (സിബിസിഐ) ആണ് ഇവയുടെ നിയന്ത്രണം. 2012ലെ കണക്കുപ്രകാരം ഇന്ത്യയിൽ 2457 ആശുപത്രി ഡിസ്പെൻസറികൾ, 240 മെഡിക്കൽ -നഴ്സിങ് കോളജുകൾ, 28 ജനറൽ കോളജുകൾ, അഞ്ച് എൻജിനീയറിങ് കോളേജുകൾ, 3765 സെക്കൻഡറി സ്കൂളുകൾ, 7319 പ്രൈമറി സ്കൂളുകൾ, 3187 നഴ്സറി സ്കൂളുകൾ എന്നിവയെല്ലാം കത്തോലിക്കാ സഭയ്ക്ക് കീഴിലുണ്ട്. കഴിഞ്ഞ 13 വർഷത്തിനിടെ നിലവിൽ വന്ന സ്ഥാപനങ്ങൾ ഇതിന് പുറമേയാണ്.
9,04,000 ഏക്കറിൽ സ്ഥിതി ചെയ്യുന്ന 8,07,000 വഖഫ് സ്വത്തുക്കളാണ് രാജ്യത്തുള്ളതെന്ന് സർക്കാർ കണക്കുകൾ പറയുന്നത്. ഏകദേശം 14 ബില്യൺ ഡോളർ (11,95,77,78,00,000രൂപ) ആണ് ഈ സ്വത്തുക്കളുടെ മൂല്യം. ഇവയുടെ ഉടമസ്ഥാവകാശത്തെയും നിലനിൽപിനെയും ചോദ്യംചെയ്യുന്നതാണ് കടുത്ത പ്രതിപക്ഷ എതിർപ്പിനിടയിലും പാർലമെന്റ് പാസാക്കിയ വഖഫ് ഭേദഗതി ബിൽ.
പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, കേരളം, ആന്ധ്രാപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലാണ് വഖഫ് ഭൂരിഭാഗവും സ്ഥിതി ചെയ്യുന്നത്. ജസ്റ്റിസ് രജീന്ദർ സച്ചാറിന്റെ നേതൃത്വത്തിലുള്ള 2006ലെ സച്ചാർ കമ്മിറ്റി റിപ്പോർട്ടിൽ ന്യൂഡൽഹിയിൽ മാത്രം വഖഫ് സ്വത്തുക്കളുടെ മൂല്യം അന്ന് 720 മില്യൺ ഡോളർ പിന്നിട്ടതായി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് ശേഷം രാജ്യത്ത് ഭൂമി വില കുതിച്ചുയർന്നുവെങ്കിലും വഖഫ് സ്വത്തുക്കളുടെ കണക്കെടുപ്പും മൂല്യവർധനവും പിന്നീട് വിലയിരുത്തിയിട്ടില്ല.